കഴിഞ്ഞ ദിവസം ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെ അക്രമി വെടിയുതിര്‍ത്ത സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ തന്നെ നടന്ന ഈ അക്രമണത്തെ ‘കിറുകൃത്യം’ എന്നാണ് ലിജോ വിശേഷിപ്പിച്ചത്. സര്‍വകലാശാലയില്‍ വെടിവെപ്പ് നടത്തിയ അക്രമിയുടെ ഫോട്ടോയും വെടിയേറ്റുവീണ ഗാന്ധിയുടെ ചിത്രവും ലിജോ പങ്കുവെച്ചിട്ടുണ്ട്. 'ഗോഡ്സെ മനോഭാവമുള്ളവര്‍ ഇന്നും ജീവിച്ചിരിക്കുന്നു'വെന്നതടക്കമുള്ള കമന്‍റുകളാണ് ലിജോയുടെ പോസ്റ്റിന് ലഭിച്ചത്.
ജാമിഅ മില്ലിയ സര്‍വകലാശാല ക്യാമ്പസിന് മുന്നില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തിയവര്‍ക്കുനേരെയാണ് രാംഭക്തന്‍ എന്ന് വിശേഷിപ്പിച്ച അക്രമി വെടിയുതിര്‍ത്തത്. പൊലീസ് ഇയാള്‍ക്ക് 19വയസാണെന്ന് അറിയിച്ചെങ്കിലും പിന്നീട് 18വയസായിട്ടില്ലെന്ന് അറിയിക്കുകയായിരുന്നു.