തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തില്‍ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ജെല്ലിക്കെട്ടും യുവ സംവിധായകന്‍ കൃഷാന്തൊരുക്കിയ വൃത്താകൃതിയിലുള്ള ചതുരവും പ്രദർശിപ്പിക്കും. ഐഎഫ്എഫ്കെ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് ജെല്ലിക്കെട്ടും വൃത്താകൃതിയിലുളള ചതുരവും മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ജെല്ലിക്കെട്ടിന്‍റെ സംവിധാനത്തിന് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ലിജോ ജോസ് പെല്ലിശ്ശേരിക്ക് മികച്ച സംവിധായകനുളള പുരസ്‌കാരം ലഭിച്ചിരുന്നു.
പ്രമേയവും ദൃശ്യാവിഷ്‌കാരവും സംവിധാനമികവും കൊണ്ട് വിസ്മയിപ്പിച്ച ജല്ലിക്കെട്ടിന്‍റെ മേളയിലെ ആദ്യപ്രദര്‍ശനം ചൊവ്വാഴ്ച വൈകിട്ട് ആറിന് ടാഗോര്‍ തിയേറ്ററിലാണ്. അറവുകാരനില്‍ നിന്ന് രക്ഷപ്പെട്ടോടുന്ന പോത്താണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. പോത്തിനെ പിന്തുടരുന്ന ഗ്രാമീണരുടെ വന്യമായ കാഴ്ചപ്പാടുകള്‍ ദൃശ്യവത്കരിച്ച ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ നേടിയിരുന്നു. ആര്‍.കെ കൃഷാന്ത് സംവിധാനം ചെയ്ത വൃത്താകൃതിയിലുളള ചതുരം ചര്‍ച്ചചെയ്യുന്നത് മനുഷ്യനില്‍ മരണം സൃഷ്ടിക്കുന്ന വൈകാരികതക്കപ്പുറമുളള സംഘര്‍ഷങ്ങളാണ്. ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം ഞായറാഴ്ച 11.30 ന് ടാഗോര്‍ തിയേറ്ററില്‍ നടക്കും.