സോഷ്യല്‍ മീഡിയ മുഴുവന്‍ ഉര്‍വശിയാണ്... 2020 ഉര്‍വശിയുടേതായിരുന്നു... വരനെ ആവശ്യമുണ്ട്, പുത്തംപുതുകാലൈ, സൂരരൈ പോട്ര്, മൂക്കുത്തി അമ്മന്‍... ഒരോ സിനിമയിലെയും നടിയുടെ പ്രകടനങ്ങളെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് സോഷ്യല്‍മീഡിയകള്‍ മുഴുവന്‍. കോമഡിയും ഇമോഷണല്‍ രംഗങ്ങളും തന്മയത്തോടെ അവതരിപ്പിക്കുന്ന 'ബോണ്‍ ആര്‍ട്ടിസ്റ്റ്' അതാണ് ഉര്‍വശി. 'ദി റിയല്‍ സൂപ്പര്‍ സ്റ്ററെ'ന്നാണ് ഉര്‍വശിയെ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്. ഉര്‍വശിയുടെ അഭിനയമികവ് കണ്ട് മലയാളികൾ മാത്രമല്ല കന്നടക്കാരും തമിഴരും തെലുങ്കരും എല്ലാം കയ്യടിച്ചിട്ടുണ്ട്. അഭിനയത്തിലെ അനായാസതയായാലും സ്വാഭാവികതയായാലും നാടകീയതയായാലും എല്ലാം അതിന്‍റെ ഉഗ്രൻ ക്വാളിറ്റിയോടെ ഉര്‍വശിയിലുണ്ട്. ഒരു കാലഘട്ടത്തിലെ മലയാള സിനിമയിലെ നായിക കഥാപാത്രങ്ങളുടെ ക്ളീഷേ അഭിനയ ശൈലിയെ പൊളിച്ചെഴുതിയ നടികൂടിയാണ് ഉര്‍വശി.
ഉർവശിയുടെ ഒരു പ്രത്യേകത എന്തെന്നാൽ ഒരു മുൻനിര നായിക എന്ന ഇമേജ് ശ്രദ്ധിക്കാതെ തനിക്ക് വരുന്ന മികച്ച വേഷങ്ങൾ ചെയ്യുന്നുവെന്നതാണ്. പ്രതാപ കാലത്തുപോലും സഹനായികയെന്നോ നെഗറ്റീവ് കഥാപാത്രമെന്നോ നോക്കി റോളുകൾ ചെയ്യുന്ന പതിവ് അവർക്കില്ലായിരുന്നു നായക കഥാപാത്രം ആരെന്നതും അവർക്ക് വിഷയമായിരുന്നില്ല. നായികയായി കത്തി നിൽക്കുന്ന സമയത്താണ് തലയണമന്ത്രത്തിലെ സഹനായികാ വേഷം ഉർവശി ചെയ്‌തത്. ഒരുപക്ഷേ ഉർവശിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു തലയണമന്ത്രത്തിലെ കാഞ്ചന. കൂടാതെ സൂപ്പർ താരങ്ങളുടെ നായികയായി അഭിനയിക്കുമ്പോൾ തന്നെ ജഗദീഷ്, സിദ്ദിഖ്, ജഗതി പോലുള്ളവരുടെ നായികയായും ഉർവശി സ്ക്രീനിലെത്തി. 'ഞാന്‍ ജീവന്‍റെ ജീവനായി കൊണ്ടുനടക്കുന്ന വിലപിടിപ്പുള്ള സാധനങ്ങളാ ഇതിനുള്ളില്‍... ആര്‍ക്കും അതിന്‍റെ വില മനസിലാവില്ല... എനിക്കേ അറിയൂ...' 'കടിഞ്ഞൂല്‍ കല്യാണം' എന്ന സിനിമയിലെ ഹൃദയകുമാരിയെ ഇത്രയും ഒറിജിനാലിറ്റിയോടെ അവതരിപ്പിക്കാന്‍ ഇന്ത്യന്‍ സിനിമയില്‍ വേറൊരു നടിക്കും സാധിക്കില്ല... പെര്‍ഫെക്ഷന്‍റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ച്ചയുമില്ലാത്ത അഭിനേത്രി കൂടിയാണ് ഉര്‍വശി... ഇമേജിന്‍റെ ഭാരം ഒട്ടുമില്ലാത്ത ഉര്‍വശിക്ക് തനിക്ക് കിട്ടുന്ന റോൾ അഭിനയ സാധ്യതയുള്ളതായിരിക്കണം എന്ന നിർബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപാരമായ അവരുടെ അഭിനയമികവിന്‍റെ അംഗീകാരം കൂടിയാണ് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് അഞ്ച് തവണ ഉര്‍വശിക്ക് ലഭിക്കാന്‍ കാരണമായത്. ഉർവശി നായികയായി അഭിനയിച്ച് ആദ്യമായി പുറത്ത് വന്ന ചിത്രം 1983ൽ കെ.ഭാഗ്യരാജ് സംവിധാനം ചെയ്‌ത 'മുന്താണൈ മുടിച്ച്' എന്ന തമിഴ് സിനിമയാണ്. കുറെ കാലം സിനിമാലോകത്ത് നിന്ന് വിട്ട് നിന്ന ശേഷം 'അച്ചുവിന്‍റെ അമ്മ'യിലെ തിരിച്ചുവരവിൽ തന്‍റെ കഴിവ് നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉർവശി ഒരിക്കൽ കൂടി ഓർമപ്പെടുത്തി.
1990ല്‍ റിലീസ് ചെയ്‌ത കമല്‍ഹാസന്‍ ചിത്രം 'മൈക്കൽ മധന കാമരാജ'നിൽ കമാലിനോടൊപ്പം ഉള്ള ഉര്‍വശിയുടെ സീനുകളില്‍ കമാലിനെക്കാൾ അതിഗംഭീരമായ അഭിനയവും കോമഡി ടൈമിങുമായിരുന്നു ഉര്‍വശിയുടേത്. കമല്‍ഹാസനോട് ഇഷ്ടപ്പെട്ട നടിമാരെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ ഒരു മറുപടി ശ്രീദേവിയെ, രേവതിയെ പിന്നെ ഉർവശി എന്ന അഭിനയ രാക്ഷസിയെ എന്നായിരുന്നു. ഭാഗ്യലക്ഷ്മി ഒരിക്കൽ പറഞ്ഞിരുന്നു... ഡബ്ബ് ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ട് ഉർവശിക്ക് ചെയ്യുമ്പോഴാണെന്ന്. കാരണം അവരുടെ ചെറുതായുള്ള പല ഭാവങ്ങൾക്കും കൃത്യമായി ഡബ്ബ് ചെയ്യാൻ പറ്റില്ല. അത്രക്കും ബ്രില്ല്യന്‍റ് അഭിനേത്രിയാണ് ഉര്‍വശിയെന്ന്... യോദ്ധാ സിനിമയിലൊക്കെ ചെറിയ വേഷമെ ഉള്ളൂവെങ്കിലും കണ്ണുകൊണ്ടും ശബ്ദം കൊണ്ടും ഉര്‍വശി ചെയ്‌ത പ്രകടനങ്ങള്‍ വിസ്മരിക്കാനാവാത്തതാണ്. ഉർവശിയുടെ കഴിവുകൊണ്ടു മാത്രം പ്രേക്ഷകര്‍ ഇന്നും നെഞ്ചോട് ചേര്‍ത്ത് വെച്ചിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ ഉണ്ട്.... അച്ചുവിന്‍റെ അമ്മയിൽ ഒക്കെ വേറെ ഒരു നടിയെ നമുക്ക് ആലോചിക്കാൻ പോലും പറ്റുമെന്ന് തോന്നുന്നില്ല. സംവിധായകൻ എന്ത് ആഗ്രഹിക്കുന്നുവോ... ആ തലത്തിലുള്ള പെർഫോമൻസ് അത് ഉര്‍വശി നല്‍കും. 'എന്നെക്കാളും വലിയ ഉര്‍വശി ഫാന്‍ ഈ ലോകത്തുണ്ടാകില്ല... എനിക്ക് അവരെ അത്രയും ഇഷ്ടമാണ് അവര്‍ സമ്മതിച്ചാല്‍ എന്‍റെ ഇനിയുള്ള സിനിമകളിലും അവര്‍ ഉണ്ടാകും' എന്നാണ് സുധ കൊങര പറഞ്ഞത്.
അനൂപ് സത്യന്‍ സംവിധാനം ചെയ്‌ത് ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ഉര്‍വശിയുടെ 2020 ആരംഭിക്കുന്നത്. ചിത്രം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ എല്ലാവരും ആഘോഷിച്ചത് ശോഭനയുടെയും സുരേഷ് ഗോപിയുടെയും കോമ്പോ വീണ്ടും സ്ക്രീനില്‍ ഒന്നിക്കുന്നതും ശോഭനയുടെ തിരിച്ചുവരവുമൊക്കെയായിരുന്നു... ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍ എന്ന ലിസ്റ്റില്‍ പോലും ഉര്‍വശിയുണ്ടായിരുന്നില്ല എന്നതാണ് സത്യം. പക്ഷെ ചിത്രത്തിലെ പത്ത് മിനിറ്റിൽ താഴെയുള്ള ഇമോഷണല്‍ സീനിലൂടെ ഉർവശി വളരെ അനായാസമായി ഡോ.ഷേര്‍ലിയെ പ്രേക്ഷകനിലേക്ക് എത്തിച്ച് ജനശ്രദ്ധനേടി. സിനിമ കണ്ടിറങ്ങിയാലും ഷേര്‍ലി ഹൃദയത്തില്‍ തങ്ങി നില്‍ക്കും... പേരിലല്ല പ്രവൃത്തിയിലാണ് കാര്യമെന്ന് തെളിയിച്ചു... ഇനി 'പുത്തംപുതുകാലൈ' എന്ന ആന്തോളജിയിലെ 'ഇളമയ് ഇതോ ഇതോ' എന്ന കൊച്ചുചിത്രത്തിലെ ഉര്‍വശിയുടെ ലക്ഷ്മിയെ കുറിച്ച് പറയുകയാണെങ്കില്‍.... ജയറാമിനെക്കാള്‍ ഒരുപടി മുകളില്‍ തന്നെയായിരുന്നു അഭിനയത്തിന്‍റെ കാര്യത്തില്‍ ഉര്‍വശി എന്ന് പറയാതിരിക്കാനാകില്ല... കുറച്ച് സമയംകൊണ്ട് നോട്ടത്തിലൂടെയും കണ്ണുകളിലെ തിളക്കം കൊണ്ടുമൊക്കെ ലക്ഷ്മി എന്ന കഥാപാത്രത്തിനെ ഉര്‍വശി അവിസ്മരണീയമാക്കി. വഴക്കിടുന്ന രംഗങ്ങളില്‍ ജയറാം ഗംഭീര പ്രകടനം കാഴ്ചവെച്ചിട്ടും ഉര്‍വശിയുടെ ഭാവപ്രകടനങ്ങളിലൂടെ ജയറാം പിന്നലേക്കായി പോകുന്നു.... എന്നാല്‍ പുത്തംപുതുകാലൈയില്‍ കണ്ട ഉര്‍വശിയല്ല സൂരരൈ പോട്രിലും മൂക്കുത്തി അമ്മനിലുമുള്ളത്... അച്ഛന്‍റെ മരണശേഷം വീട്ടിലേക്ക് കയറി വരുന്ന സൂര്യയുടെ കഥാപാത്രത്തോട് 'എതുക്കെടാ ഇങ്കെ വന്തേ' എന്ന് ചോദിക്കുന്ന രംഗവും അത് കഴിഞ്ഞ് നാട്ടുകാരുടെ പണം കൊണ്ട് എയര്‍ ഡെക്കാന് ജീവന്‍ നല്‍കാന്‍ വീണ്ടും ശ്രമിക്കാനൊരുങ്ങുന്ന സൂര്യയോട് 'ജയിച്ചിട്റാ..' എന്ന പറയുന്ന രംഗവും കണ്ട് കഴിയുമ്പോഴേക്കും ആരും അറിയാതെ ഉര്‍വശിയുടെ ഫാനായി തീരും.... സൂരരൈ പോട്രില്‍ ഇമോഷനാണെങ്കിൽ മൂക്കുത്തി അമ്മനിൽ കോമഡിയാണ് ഉര്‍വശി അനായാസം കൈകാര്യം ചെയ്‌തിരിക്കുന്നത്.... ആക്ഷേപ ഹാസ്യ രൂപേണ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ തനിക്ക് കിട്ടിയ അവസരങ്ങളെല്ലാം ഉർവശി തന്നിലെ നടിയുടെ റേഞ്ചെന്താണെന്ന് കാണിച്ചുതരുന്നുണ്ട്... അത് കൊച്ചുകൊച്ച് തമാശ രംഗങ്ങളിലെ ടൈമിങിലായിരുന്നാലും ശരി... തോറ്റുപോയ അമ്മയാണെന്ന് സമ്മതിക്കുന്ന രംഗങ്ങളിലെ പ്രകടനങ്ങളിലായിരുന്നാലും ശരി..... ഒരു നെടുനീളന്‍ ലേഖനം എഴുതിയാല്‍ പോലും ഉര്‍വശിയിലെ പ്രതിഭയെ വര്‍ണിച്ച് തീരില്ല... ഇനി ദിലീപിന്‍റെ 'കേശു ഈ വീടിന്‍റെ നാഥന്‍' എന്ന ചിത്രത്തിലെ രത്നമ്മക്കായി കാത്തിരിക്കാം....
ഏത് ഭാഷയിലായാലും കാലത്തിനനുസരിച്ച് കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ ഉര്‍വശി കാണിക്കുന്ന മികവ് തന്നെയാണ് ഈ നടിയെ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളാക്കുന്നത്.... അതില്‍ ആഴത്തിലുള്ള അഭിനയമുഹൂര്‍ത്തങ്ങള്‍ കൂടിയാകുമ്പോള്‍ പ്രേക്ഷകന് ഉത്സവം തന്നെയാണ്.... ഉര്‍വശി....