എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ഭാമയുടെ സാക്ഷി വിസ്താരം മറ്റൊരു ദിവസത്തേക്ക് മാറ്റി. പ്രോസിക്യൂഷന്‍റെ അപേക്ഷ പരിഗണിച്ചാണ് കൊച്ചിയിലെ വിചാരണ കോടതി വിസ്താരം മാറ്റിവെച്ചത്. രാവിലെ പതിനൊന്ന് മണിയോടെ നടി ഭാമ ഭർത്താവ് അരുണിനൊപ്പം കോടതിയിലെത്തിയിരുന്നു. താരസംഘടന അമ്മ സംഘടിപ്പിച്ച സ്റ്റേജ് ഷോയുടെ പരിശീലനത്തിനിടെ ആക്രമണത്തിനിരയായ നടിയും എട്ടാം പ്രതി നടൻ ദിലീപും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു. ആ സംഭവത്തിന് സാക്ഷി കൂടിയാണ് ആക്രമണത്തിനിരയായ നടിയുടെ അടുത്ത സുഹൃത്തായ ഭാമ.
എട്ടാം പ്രതി ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ പൂർവവൈരാഗ്യം ഉണ്ടെന്ന് തെളിയിക്കുന്നതിന്, നടി ഭാമയുടെ മൊഴി സഹായകമാകുമെന്നാണ് പ്രോസിക്യൂഷന്‍റെ പ്രതീക്ഷ. സിനിമാ മേഖലയിൽ നിന്നുള്ള പ്രമുഖരടക്കം മുപ്പത്തിയെട്ട് പേരെയാണ് വിചാരണ കോടതി ഇതുവരെ വിസ്തരിച്ചത്.
അടുത്ത തിങ്കളാഴ്ച നടൻ കുഞ്ചാക്കോ ബോബനെ വിസ്തരിക്കും. നിശ്ചയിച്ച രണ്ട് തവണയും കുഞ്ചാക്കോ ബോബന്‍ കോടതിയിലെത്തിയിരുന്നില്ല. ഷൂട്ടിങ് തിരക്ക് ചൂണ്ടിക്കാണിച്ച് അവധി അപേക്ഷ നൽകിയതിനെ തുടർന്നാണ് ഒമ്പതാം തീയതി ഹാജരാകാന്‍ നിർദേശം നൽകിയത്. നടൻ സിദ്ദിഖ്, പി.ടി തോമസ് എംഎൽഎ, നടൻ മുകേഷ് എംഎൽഎ എന്നിവരുടെ വിസ്താരവും അടുത്ത ആഴ്ചകളിൽ നടന്നേക്കും. 136 പേര്‍ അടങ്ങുന്ന ഒന്നാം ഘട്ട സാക്ഷിവിസ്താരം ഏപ്രിൽ ഏഴിന് പൂർത്തിയാക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്.