വർഷങ്ങൾ 12 കഴിഞ്ഞു... ഓർമകളുടെ ഭൂതക്കണ്ണാടി നേരെ പിടിച്ചുനോക്കുമ്പോൾ നിസ്സഹായരായ കുറേ സാധാരണക്കാരെയും പച്ചമനുഷ്യരെയും വിധിയിൽ ഞെരിഞ്ഞമർന്ന് ജീവിതത്തോട് പ്രതികാരം ചെയ്‌ത ആണിനെയും പെണ്ണിനെയും കാണാം. അങ്ങാടിയിലും നാട്ടിടവഴികളിലും അമ്പലമുറ്റത്തും ജയിലഴികളിലും ഓർമകളുടെ ദുഖഭാരമിറക്കി വേവുന്ന കുറെ മനസുകളെ കാണാം. കുടുംബമെന്ന ജീവിതഭൂമിയിൽ തനിയാവർത്തനമില്ലാതെ ലോഹിതദാസ് പകർത്തിവച്ച കഥാപാത്രങ്ങളാണവർ...
അരങ്ങിൽ നിന്ന് അഭ്രപാളിയിലെത്തി കഥയുടെ തമ്പുരാനായി കിരീടവും ചെങ്കോലുമണിഞ്ഞ മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരൻ കൺമറഞ്ഞിട്ട് ഇന്നേക്ക് 12 വർഷം.
പത്മരാജനും ഭരതനും എം.ടിയും ജോണ്‍പോളും ടി.ദാമോദരനും അരങ്ങുവാണ മലയാള സിനിമയുടെ സമ്പന്നതയിലേക്ക് നാടകീയതയുടെ കടുംപിടിത്തങ്ങളില്ലാതെ വെറും പച്ച മനുഷ്യനെയും അവന്‍റെ ആത്മസംഘര്‍ഷങ്ങളെയും തന്മയത്തോടെ എഴുതിവച്ച കലാപ്രതിഭ.
44 തിരക്കഥകൾ, 12 ചിത്രങ്ങളുടെ സംവിധായകൻ. മലയാളി മനസിന്റെ മനശാസ്ത്രം മനസിലാക്കി ലോഹിതദാസ് ഒരുക്കിയ ജീവിതങ്ങളെല്ലാം കാലാനുവർത്തിയായ കലാശേഷിപ്പുകളാണ്.
പച്ചയായ പറച്ചിലുകൾ... ജീവിതഗന്ധിയായ കഥാസന്ദർഭങ്ങൾ... തന്മയത്വമുള്ള കഥാപാത്രങ്ങൾ.... താര പരിവേഷമുള്ള കഥകൾ ലോഹിയുടെ എഴുത്തിലോ സംവിധാനം ചെയ്‌ത ചിത്രങ്ങളിലോ പിറവിയെടുത്തിട്ടില്ല, താരങ്ങളെ മണ്ണിലേക്കിറക്കിക്കൊണ്ടുവന്ന് പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കുകയായിരുന്നു ലോഹിതദാസ്.
തിരക്കഥാകൃത്തായും സംവിധായകനായും ഗാനരചയിതാവായും നാടകകൃത്തായും നിർമാതാവായും ചെറുകഥാകൃത്തായും ശോഭിച്ച ലോഹിതദാസിന്‍റെ വിയോഗം മലയാള സാംസ്കാരിക രംഗത്തിന് തീരാനഷ്ടമാണ്. എങ്കിലും 20 വർഷം നീണ്ട ചലച്ചിത്രജീവിതത്തിൽ സംവിധായകനായ ലോഹിയേക്കാൾ തിരക്കഥാകൃത്തായ ലോഹിയെയാണ് മലയാളം കൂടുതൽ അടുത്തറിഞ്ഞത്.
1955 മെയ് 10ന് തൃശൂർ ജില്ലയിലെ ചാലക്കുടിക്കടുത്ത് മുരിങ്ങൂരിൽ അമ്പഴത്തുപറമ്പിൽ വീട്ടിൽ കരുണാകരന്‍റെയും മായിയമ്മയുടെയും മകനായി ജനിച്ചു. എറണാകുളം മഹാരാജാസിൽ നിന്ന് ബിരുദപഠനവും തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ലബോറട്ടറി ടെക്‌നീഷ്യൻ കോഴ്‌സും പൂർത്തിയാക്കി.
ചെറുകഥകളിലൂടെ എഴുത്തിലെത്തിയ ലോഹിതദാസ് കെപിഎസിയുടെ നാടകങ്ങളിലൂടെ അരങ്ങത്ത് എത്തി. സിന്ധു ശാന്തമായൊഴുകുന്നു, 1986ൽ തോപ്പില്‍ ഭാസിയുടെ ‘കേരള പീപ്പിള്‍സ് ആര്‍ട്‌സ് ക്ലബ്’ എന്ന നാടകവേദിയിലൂടെയാണ് തുടക്കം. ആദ്യ നാടകം തന്നെ ലോഹിയുടെ എഴുത്തിന്‍റെ കാഠിന്യം മനസിലാക്കി. ആ വർഷത്തെ സംസ്ഥാന അവാര്‍ഡിനും ലോഹിതദാസ് അർഹനായി. പിന്നീട് ലോഹിതദാസിന്‍റെ രചനയിൽ പിറന്ന നാടകങ്ങളാണ് ‘അവസാനം വന്ന അതിഥി’, ‘സ്വപ്നം വിതച്ചവര്‍’ തുടങ്ങിയവ. നിരൂപകപ്രശംസയും ഒപ്പം സാമ്പത്തിക വിജയവും നേടിയ ലോഹിയുടെ എഴുത്തിനെ സിനിമയിലേക്ക് ക്ഷണിച്ചത് അഭിനയ പെരുന്തച്ചൻ തിലകനാണ്.
അഭ്രപാളിയിലെ എഴുത്തിനായി പല തവണ അദ്ദേഹത്തിനെ അവസരങ്ങൾ തേടിയെത്തിയെങ്കിലും അതെല്ലാം വിഫലമായി. പിന്നീട്, സംവിധായകൻ സിബി മലയിലിനോട് തിലകൻ ലോഹിതദാസിനെ നിർദേശിക്കുകയും അങ്ങനെ 1987ൽ തനിയാവർത്തനം പിറവിയെടുക്കുകയുമായിരുന്നു. അന്ന് തുടങ്ങിയ സംവിധായകൻ- തിരക്കഥാകൃത്ത് കൂട്ടുകെട്ട് എഴുതാപ്പുറങ്ങളിലൂടെയും വിചാരണ, ദശരഥം, കിരീടം, ചെങ്കോൽ, ധനം, ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള, മാലയോഗം, കമലദളം, വളയം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ ആവർത്തിച്ചുവിജയിച്ചു.
സ്വപ്‌നങ്ങൾ നെയ്തുകൂട്ടിയ സേതുമാധവനും അച്ചൂട്ടിയും സാജൻ ജോസഫ് ആലൂക്കയും രമേശനുമൊക്കെ വിധിയുടെ കളിക്കോപ്പുകളാകുന്നത് കണ്ട് ഓരോ പ്രേക്ഷകന്‍റെയും ഉള്ളംനീറി.
സമ്പത്തിന്‍റെ മൂർധന്യതയിൽ ഒറ്റപ്പെട്ട രാജീവ് മേനോനെയും സമൂഹത്തിന്‍റെ അമിതമായ വിശ്വാസങ്ങളിലും ദുരാചാരങ്ങളിലും ബലിയാടായ ബാലൻമാഷിനെയും ജീവിതത്തിന്‍റെ നെരിപ്പോടിലമർന്ന വിദ്യാധരനെയും മലയാളം നെഞ്ചുരുകി വീര്‍പ്പടക്കി അനുഭവിച്ചറിഞ്ഞു.
അങ്ങനെ തിരക്കഥയിലും സംവിധാനത്തിലും മലയാളത്തിൽ പിറവികൊണ്ടത് ചിരപരിചിത ജീവിതങ്ങളായിരുന്നു. പ്രണയത്തിന് ഉപാധികളോ അതിരുകളോ ഇല്ല എന്ന് വിശ്വസിച്ച ലോഹിതദാസ് അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങളിലും അതേ ഭാവങ്ങൾ ആഴത്തിൽ കോറിവച്ചു. നായികമാരെ ആൺനിഴലിൽ മറയ്ക്കുന്നതല്ലായിരുന്നു ലോഹിയുടെ എഴുത്തുകൾ. കന്മദത്തിലെ ഭാനുവും കസ്തൂരിമാനിലെ പ്രിയംവദയും ഭൂതക്കണ്ണാടിയിലെ ശ്രീലക്ഷ്മിയും ദശരഥത്തിലെ ആനിയും മാഗി ആന്‍റിയും നിവേദ്യത്തിലെ സത്യഭാമയുമെല്ലാം വെവ്വേറെ ചുറ്റുപാടുകളിൽ പിറന്ന ശക്തമായ കഥാപാത്രങ്ങളായിരുന്നു.
1997ല്‍ പുറത്തിറങ്ങിയ ഭൂതക്കണ്ണാടിയാണ് ആദ്യ സംവിധാന ചിത്രം. പിന്നീട് കാരുണ്യം, കന്മദം, സൂത്രധാരന്‍, അരയന്നങ്ങളുടെ വീട്, ജോക്കര്‍, ചക്കരമുത്ത്, നിവേദ്യം എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. ഇവയെല്ലാം ഭേദപ്പെട്ട അഭിപ്രായവും തിയേറ്ററുകളിൽ കലക്ഷനും നേടി.
മലയാളത്തിന് എക്കാലത്തും പ്രിയപ്പെട്ട താരങ്ങളെയും പരിചയപ്പെടുത്തിയത് ലോഹിതദാസാണ്. അരയന്നങ്ങളുടെ വീടിലൂടെ ലക്ഷ്മി ഗോപാലസ്വാമിയും സൂത്രധാരനിലൂടെ മീര ജാസ്മിനെയും നിവേദ്യത്തിലൂടെ ഭാമയെയും സിനിമയ്ക്ക് പരിചയപ്പെടുത്തിയ ഇതിഹാസകാരനാണ് ലോഹി. കന്മദത്തിലൂടെ മലയാളി കണ്ടിട്ടില്ലാത്ത മഞ്ജു വാര്യരുടെ ശക്തമായ കഥാപാത്രത്തെയും അവതരിപ്പിച്ചു.
അംഗീകാരങ്ങൾ കുറഞ്ഞ് കിട്ടിയിരുന്നത് ഭാഗ്യമായിരുന്നു എന്നാണ് ലോഹിതദാസ് വിശ്വസിച്ചിരുന്നത്. കാരണം പുരസ്‌കാരങ്ങളേക്കാൾ ബഹുമതികളേക്കാൾ എന്നും പ്രേക്ഷകന്‍റെ മനസിൽ തന്‍റെ കഥാപാത്രങ്ങളും കഥയും ജീവിച്ചിരിക്കുന്നുവെന്ന് അദ്ദേഹം മനസിലാക്കിയിരുന്നു.
More Read: തനിയാവർത്തനവും ലോഹി എൻട്രിയും; 33വർഷങ്ങളിലൂടെ ജീവിക്കുമ്പോൾ....
എങ്കിലും ദേശീയ- സംസ്ഥാന പുരസ്‌കാരങ്ങളുടെ നിറവിൽ മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരനുമുണ്ട്. ഭൂതക്കണ്ണാടിയിലൂടെ 1997ല്‍ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും ദേശീയപുരസ്‌കാരവും സ്വന്തമാക്കി. 1987ല്‍ ഏറ്റവും നല്ല കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം കരസ്ഥമാക്കി. തനിയാവര്‍ത്തനത്തിലെ രചനക്ക് മികച്ച തിരക്കഥക്കുള്ള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം നേടി.
2007 ല്‍ പുറത്തിറങ്ങിയ നിവേദ്യമാണ് അവസാനം സംവിധാനം ചെയ്ത ചിത്രം. എഴുത്തിലെ വിജയങ്ങൾക്കിടയിലും അദ്ദേഹത്തിന് നേരിടേണ്ടി വന്ന സാമ്പത്തിക ബാധ്യതകളിൽ നിന്ന് കരകയറിത്തുടങ്ങുമ്പോഴാണ് ലോഹിതദാസ് വിടവാങ്ങിയത്. ലോഹിതദാസ് തന്നെ സംവിധാനം ചെയ്യാനുദ്ദേശിച്ചിരുന്ന ചെമ്പട്ട്, സിബി മലയിലിനും മോഹൻലാലിനുമൊപ്പം കൂട്ടുകെട്ട് ആവർത്തിക്കാനിരുന്ന ഭീഷ്മർ, എന്നീ ചിത്രങ്ങൾ പൂർത്തിയാക്കാനാവാതെ അദ്ദേഹം യാത്ര പറഞ്ഞു. താൻ ജന്മം കൊടുത്ത സേതുമാധവനെയും ബാലൻമാഷിനെയും അച്ചൂട്ടിയെയും പോലെ സിനിമയ്ക്കായി ശേഷിപ്പിച്ചിരുന്ന സ്വപ്‌നങ്ങൾ ബാക്കിയാക്കി 2009 ജൂൺ 28ന് ലോഹിതദാസ് വിടവാങ്ങി. തന്‍റെ 54-ാം വയസിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു കഥാകാരന്‍റെ മരണം. മഴയുള്ള ആ ദിവസം 'അമരാവതി'യിലെ മണ്ണിലേക്ക് മടങ്ങിയ കലാകാരൻ... ഓർമകളുടെ ലോകത്തിൽ കിരീടവും ചെങ്കോലുമണിഞ്ഞ് ഇനിയും കഥകൾ പറയുന്നുണ്ടാവാം.