"ജീവിതം യൗവനതീഷ്‌ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭഘട്ടത്തെ എന്‍റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു?," സാറാമ്മയും കേശവൻനായരും ഇന്നും നമുക്കിടയിൽ ഇരുന്ന് പ്രേമലേഖനങ്ങൾ കൈമാറുന്നുണ്ട്, പ്രണയിക്കുന്നുണ്ട്. തങ്കവെളിച്ചത്തില്‍ മുങ്ങിയ സുന്ദരലോകത്തിലെ ഏകഛത്രാധിപതിയായ സുല്‍ത്താനായി വാഴുകയാണ് മജീദ്, ഒപ്പം പട്ടമഹിഷിയായി സുഹ്‌റയും കാലങ്ങളെ അതിജീവിച്ച് വായനക്കാരനൊപ്പം തന്നെയുണ്ട്. "മാതാവേ, കുറച്ച് ശുദ്ധജലം തന്നാലും," നർമത്തിൽ പൊതിഞ്ഞ് സ്വന്തം ജീവിതവും ക്ഷാമവും ബേപ്പൂർ സുൽത്താൻ വിവരിച്ചു. കാലങ്ങൾ പിന്നിട്ടിട്ടും പാത്തുമ്മയുടെ ആട് ആസ്വദകനിൽ മേഞ്ഞു നടക്കുന്നു. ബേപ്പൂർ സുൽത്താൻ മലയാള സാഹിത്യത്തിലേക്ക് പകർന്ന നീലവെളിച്ചത്തിനും അദ്ദേഹത്തിന്‍റെ ഓർമകളും 26 വർഷങ്ങൾ പൂർത്തിയാകുമ്പോൾ ജനകീയ കവിയും അദ്ദേഹത്തിന്‍റെ കൃതികളും മായാതെ, മങ്ങാതെ വായനക്കാരനിൽ ജീവിച്ചിരിക്കുന്നു.
ആധുനിക മലയാള സാഹിത്യത്തില്‍ ഏറ്റവും അധികം വായനക്കാരുള്ള മറ്റൊരു കഥാകാരനില്ല. ചെറുകഥകളും നോവലുകളും തിരക്കഥകളും; തൂലികയിലൂടെ സ്‌നേഹമൊഴുക്കിയ സുൽത്താൻ നൽകിയ സംഭാവനകളാകട്ടെ അതിരില്ലാത്തതും. 1908 ജനുവരി 21ന് ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ ഉള്‍പ്പെട്ട തലയോലപ്പറമ്പില്‍ ജനിച്ചു. കായി അബ്‌ദുറഹ്‌മാൻ, കുഞ്ഞാത്തുമ്മ എന്നിവരാണ് മാതാപിതാക്കൾ. തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ലീഷ് സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഗാന്ധിജിയുടെ കേരളാ സന്ദർശനമറിഞ്ഞ് അദ്ദേഹത്തെ കാണാന്‍ ബഷീർ വീട്ടില്‍ നിന്നും ഒളിച്ചോടി. നോവലിസ്റ്റും കഥാകൃത്തും എന്നതിനപ്പുറം സ്വാതന്ത്ര്യ സമരസേനാനി എന്നും ബഷീർ അറിയപ്പെടാൻ വഴിത്തിരിവായത് ഈ സംഭവമായിരുന്നു. എറണാകുളം വരെ കാല്‍നടയായി ചെന്ന് കാളവണ്ടി കയറി കോഴിക്കോട് എത്തി സ്വാതന്ത്ര്യസമര മുഖത്തേക്ക് അദ്ദേഹം രംഗപ്രവേശം നടത്തി. 1930ല്‍ കോഴിക്കോട് ഉപ്പുസത്യഗ്രഹത്തില്‍ പങ്കാളിയായതിന് ജയിൽ വാസത്തിലായി. പിന്നീട്, ഭഗത്‌സിംഗ് മാതൃകയില്‍ തീവ്രവാദ സംഘമുണ്ടാക്കി. പ്രഭ എന്ന തൂലികാനാമത്തിൽ തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിൽ ലേഖനങ്ങൾ എഴുതി. പിന്നീട് ഈ പ്രസിദ്ധീകരണങ്ങൾ കണ്ടുകെട്ടിയതോടെ കുറേ വര്‍ഷങ്ങള്‍ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു നടന്നു. സാഹസികത നിറഞ്ഞ ബഷീർ ജീവിതത്തിലെ പല ഭാഗങ്ങളും അദ്ദേഹത്തിന്‍റെ എഴുത്തുകളിലും പ്രതിധ്വനിച്ചു. "എന്‍റെ എഴുത്തുകൾ വായിച്ച് ഏറ്റവും കൂടുതൽ ചിരിച്ചത് ഞാനായിരിക്കും, കരഞ്ഞതും ഞാനായിരിക്കും. കാരണം അതൊക്കെയും എന്‍റെ അനുഭവങ്ങളായിരുന്നു!" എന്ന് ഒരിക്കൽ അദ്ദേഹം പറഞ്ഞ പോലെ പ്രണയം, ദാരിദ്ര്യം, പരുക്കന്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളെല്ലാം ബഷീർ കൃതികളിലൂടെ വാനയക്കാരൻ അനുഭവിച്ചറിഞ്ഞു. കയ്‌പേറിയ അനുഭവങ്ങളിൽ പോലും നർമം കലർത്തി അവതരിപ്പിച്ച ബഷീറിന്‍റെ ജീവിതകഥകൾ വായനക്കാരനും അതേ അളവിൽ സ്വീകരിച്ചു.
രാജ്യമെമ്പാടും അലഞ്ഞു തിരിഞ്ഞ സമയത്ത് ഉത്തരേന്ത്യയിലെ ഹിന്ദു സന്യാസിമാരുടേയും സൂഫിമാരുടേയും കൂടെ ബഷീർ ജീവിച്ചു. പാചകക്കാരനായും മാജിക്കുകാരന്‍റെ സഹായിയായും അദ്ദേഹം കഴിഞ്ഞു. ജയകേസരിയിലാണ് ബഷീറിന്‍റെ ആദ്യകഥ പ്രസിദ്ധീകരിക്കുന്നത്. തങ്കം എന്നായിരുന്നു കഥയുടെ പേര്. ജോലി അന്വേഷിച്ച് പത്രാധിപരെ സമീപിച്ചപ്പോൾ കഥ എഴുതി തന്നാല്‍ പ്രതിഫലം തരാം എന്ന് മറുപടി ലഭിച്ചതിനാലാണ് കഥ എഴുതി പ്രസിദ്ധീകരിച്ചത്. അന്നും ഇന്നും മറ്റൊരു സാഹിത്യകാരനും പരീക്ഷിക്കാൻ സാധിക്കാത്ത ഭാഷാ ശൈലിയാണ് മുഹമ്മദ് ബഷീർ എടുത്തുപെരുമാറിയിട്ടുള്ളത്. എന്നാൽ, വായനക്കാരനാകട്ടെ അത് മനസിലാക്കാനും ആസ്വദിക്കാനും അനായാസം കഴിയുന്നു. ചിരിപ്പിച്ചും കരയിപ്പിച്ചും ജീവിതാനുഭവങ്ങളുടെ കരുത്ത് ബേപ്പൂർ സുൽത്താന്‍റെ തൂലികയിലൂടെ അക്ഷരങ്ങളായി.
സമൂഹത്തിന്‍റെ അടിത്തട്ടില്‍ ജീവിക്കുന്ന മനുഷ്യരുടെ കഥകളും വിപ്ലവം ചിതറിയ എഴുത്തുകളും കാലത്തിന് അതീതമായ കൃതികളുടെ സൃഷ്‌ടാവെന്ന വിശേഷണം അദ്ദേഹത്തിന് ചാർത്തിക്കൊടുത്തു. നന്മയും പ്രണയവും അതുവരെ സാഹിത്യത്തിൽ സ്ഥിരമായി പ്രതിഫലിച്ചിരുന്ന നായക സങ്കൽപങ്ങളും ബഷീർ തിരുത്തിയെഴുതി. മുസ്‌ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുന്ന പ്രവണതകളെ സ്വന്തം രചനകളിൽ മാറ്റിയെഴുതിയെന്നത് മാത്രമല്ല, സമൂഹത്തിലെ സകല മാനങ്ങളേയും എഴുത്തുകാരൻ ചോദ്യം ചെയ്‌തു. രണ്ടാക്കിത്തീര്‍ക്കുന്ന എല്ലാറ്റിനും ബഷീര്‍ എതിരായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ബാല്യകാലസഖിയിലെ 'ഇമ്മിണി ബല്യ ഒന്ന്' എന്ന പ്രയോഗം.
മതിലുകളിൽ തന്‍റെ ജയിൽവാസം പ്രമേയമായപ്പോൾ, ബാല്യകാലസഖി ഉൾപ്പടെ മറ്റ് സാഹിത്യ രചനകളിൽ അദ്ദേഹത്തിന്‍റെ ലോകസഞ്ചാരം പ്രതിഫലിച്ചു. ശബ്ദങ്ങള്‍, മതിലുകള്‍, സ്വര്‍ണ്ണമാല, പൂവമ്പഴം തുടങ്ങിയ കൃതികളിൽ ചെക്കോവിന്‍റെയും മോപ്പസാങ്ങിന്‍റെയും രചനാ കൌശലങ്ങള്‍ കൊണ്ടുവരുന്നതിൽ ബഷീർ വിജയിച്ചുവെന്ന് തന്നെ പറയാം. പ്രേമലേഖനം (1943), ബാല്യകാലസഖി (1944), ആനവാരിയും പൊന്‍കുരിശും (1953), പാത്തുമ്മയുടെ ആട് (1959), മതിലുകള്‍ (1965), ശബ്ദങ്ങള്‍ (1947), സ്ഥലത്തെ പ്രധാന ദിവ്യന്‍ (1953), മരണത്തിന്റെ നിഴല്‍ (1951), മുച്ചീട്ടുകളിക്കാരന്റെ മകള്‍ (1951), ജീവിത നിഴല്‍പാടുകള്‍ (1954), താരാ സ്‌പെഷ്യല്‍സ് (1968), മാന്ത്രികപ്പൂച്ച (1968), ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന് (1951) എന്നിവയാണ് ബഷീറിന്‍റെ നോവലുകൾ. ഭൂമിയുടെ അവകാശികള്‍ (1977), വിശ്വവിഖ്യാതമായ മൂക്ക് (1954), ജന്മദിനം (1945), ഓര്‍മക്കുറിപ്പ് (1946), വിഡ്ഢികളുടെ സ്വര്‍ഗം (1948), വിശപ്പ് (1954), ചിരിക്കുന്ന മരപ്പാവ (1975), ആനപ്പൂട (1975), ശിങ്കിടിമുങ്കന്‍ (1991), യാ ഇലാഹി (1997) തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ പ്രധാന ചെറുകഥകള്‍. ഭാര്‍ഗ്ഗവീനിലയം എന്ന ചിത്രം ബഷീറിന്റെ ‘നീലവെളിച്ച’ത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സിനിമയാണ്. അടൂർ ഗോപാലകൃഷ്‌ണന്‍റെ മതിലുകള്‍ എന്ന സിനിമയും ബഷീറിന്‍റെ നോവലിനെ ആസ്‌പദമാക്കിയുള്ളതും. ബാല്യകാലസഖിയും പിന്നീട് അഭ്രപാളിയിൽ സൃഷ്‌ടികളായി. അനുരാഗത്തിന്റെ ദിനങ്ങള്‍ (ഡയറി), കഥാബീജം, അനര്‍ഘനിമിഷം (ലേഖനങ്ങള്‍,1945), നേരും നുണയും (1969), ഓര്‍മയുടെ അറകള്‍ (ഓര്‍മക്കുറിപ്പുകള്‍,1973), എം പി പോള്‍ (ഓര്‍മക്കുറിപ്പുകള്‍,1991), സര്‍പ്പയജ്ഞം (ബാലസാഹിത്യം), ബഷീറിന്റെ തിരഞ്ഞെടുത്ത കത്തുകള്‍ എന്നിവയാണ് മരണാനന്തരം പ്രസിദ്ധീകരിച്ച രചനകൾ.
ഏറെ വൈകിയായിരുന്നു ബഷീറിന്‍റെ വിവാഹം ജീവിതം ആരംഭിക്കുന്നത്. ഫാത്തിമ ബീവിയായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതസഖി. ഫാബി ബഷീർ എന്ന് പിന്നീട് അറിയപ്പെടാൻ തുടങ്ങിയ അദ്ദേഹത്തിന്‍റെ പത്‌നി ‘ബഷീറിന്‍റെ എടിയെ’ എന്ന പേരില്‍ ആത്മകഥ തയ്യാറാക്കിയിട്ടുണ്ട്.
1970ലും 1981ലും കേന്ദ്രസാഹിത്യ അക്കാഡമി ഫെല്ലോഫിഷ് അവാർഡുകൾ, 1982ൽ പത്മശ്രീ, 1987ൽ കാലിക്കറ്റ് സര്‍വകലാശാലയുടെ ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് ബിരുദം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ജനകീയസാഹിത്യകാരന് ലഭിച്ചിട്ടുണ്ട്. സകലചരാചരങ്ങളെയും സ്ഫുടമായി, സൂക്ഷ്മമായി തന്‍റെ എഴുത്തിന്‍റെ ജീവനുകളാക്കി പരിചയപ്പെടുത്തിയ മഹാസാഹിത്യകാരൻ 1994 ജുലായ് അഞ്ചിന് വിടവാങ്ങി. ആ മാവിന്‍റെ ചുവട്ടിൽ ചാരുകസേരയിൽ ഇരുന്ന്, പഴയ ഗ്രാമഫോണില്‍ സൈഗളിന്‍റെ "സോജാ രാജകുമാരി'യും ആസ്വദിച്ച് ഇരിക്കുന്ന കഥാകാരനെ ഇരുപത്തിയൊന്നാം നൂറ്റാണ്ടും മങ്ങാതെ മനസിൽ സൂക്ഷിക്കുന്നു.