"എന്‍റെ മൺവീണയില്‍ കൂടണയാനൊരു മൗനം പറന്നു പറന്നു വന്നു. പാടാൻ മറന്നൊരു പാട്ടിലെ തേൻകണം പാറിപ്പറന്നു വന്നു"......
മൗനം.. അഗാധമായ മൗനം... സിത്താറിന്‍റെ നാദവീചിയില്‍ മൗനം സംഗീതമായി ഹൃദയത്തില്‍ നിന്ന് ഉറവപൊട്ടിയൊഴുകുകയാണ്. അത്രമേല്‍ സംഗീതാർദ്രമാണ് ജോൺസൺ മാസ്റ്റർ. ആ അനശ്വര ഗാനങ്ങൾക്കിന്നും നവയൗവ്വനം. "ഗാനമായി വന്നു നീ, മൗനമായി മാഞ്ഞു നീ...." മലയാള സംഗീതത്തെ ഭാവ സാന്ദ്രമാക്കിയ നിത്യവസന്തം... മരണമില്ലാത്ത ഓർമകൾ സമ്മാനിച്ച് ജോൺസൺ മാസ്റ്റർ വിടപറഞ്ഞുപോയിട്ട് ഇന്ന് ഒൻപത് വർഷങ്ങൾ. മനസിലെ പ്രണയം മഴയായി പെയ്‌തിറങ്ങിയത് മലയാളി ഹൃദയത്തില്‍ ചേർത്ത് ആസ്വദിച്ചത് ജോൺസൺ മാസ്റ്ററുടെ സംഗീതത്തിലാണ്. മരിക്കാത്ത ഓർമകളുടെ ഈണം... "പ്രണയത്തിന്‍റെ തൂവാനത്തുമ്പികളായി അത് പെയ്‌തിറങ്ങി... കണ്ണീർപ്പൂവിന്‍റെ നൊമ്പരമായി വിതുങ്ങി... പാലപ്പൂവിന്‍റെ മണമുള്ള ഗന്ധർവസംഗീതമായി... പീലി നീട്ടിയ മായാമയൂരമായി... കരളിൽ വിരിഞ്ഞ പൂക്കളുമായി അനുരാഗിണിയെ കാത്തുനിൽക്കുന്ന കാമുകനായി"... മലയാള സിനിമാ സംഗീതം അതിന്‍റെ വസന്തകാലം ആസ്വദിക്കുകയായിരുന്നു. മനസിൽ മധുര സംഗീതത്തിന്‍റെ സുഗന്ധം നിറയ്ക്കുന്ന ജോൺസൺ മാഷ്.
ഭരതനും പത്മരാജനും സത്യൻ അന്തിക്കാടും സിബി മലയിലും ജയരാജും കഥ പറഞ്ഞപ്പോൾ ജോൺസൺ ഈണങ്ങളുടെ രാജകുമാരനായി.
1953 മാർച്ച് 26ന് തൃശൂരിൽ ആന്‍റണി- മേരി ദമ്പതികളുടെ മകനായി ജനനം. തൃശൂർ സെന്‍റ് തോമസ് കോളജിൽ നിന്നും ബിരുദം നേടിയ ശേഷം പാശ്ചാത്യ ശൈലിയിൽ വയലിൻ അഭ്യസിച്ചു. 1968ൽ വോയ്‌സ് ഓഫ് ട്രിച്ചൂർ എന്ന ഗാനമേള ട്രൂപ്പ് ആരംഭിച്ചു. അതുല്യ പ്രതിഭ ദേവരാജൻ മാസ്റ്ററിന്‍റെ സഹായിയായി സിനിമയിലേക്ക്. 1978ല്‍ ആരവത്തിലൂടെ ജോൺസൺ മാഷ് സംഗീതലോകത്തെത്തി. 1981ല്‍ പുറത്തിറങ്ങിയ ഇണയെത്തേടിയില്‍ ജോൺസൺ മാഷിന്‍റെ ആദ്യ സ്വതന്ത്ര സംഗീതം. ജോൺസൺ പത്മരാജന്‍റെ കൂടെവിടെ എന്ന ചിത്രത്തില്‍ പാശ്ചാത്യ സംഗീതത്തെ മലയാളത്തിലേക്ക് സന്നിവേശിപ്പിച്ചാണ് ആടിവാ കാറ്റേ... എന്ന ഗാനം ചിട്ടപ്പെടുത്തിയത്.
നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, നൊമ്പരത്തിപ്പൂവ്, അപരൻ, ഞാൻ ഗന്ധർവൻ... ജോൺസൺ മലയാള സിനിമയ്ക്ക് ഹൃദയസംഗീതം ഒരുക്കുകയായിരുന്നു.
തൂവാനത്തുമ്പികളിൽ പ്രണയം മഴയാകുമ്പോൾ പശ്ചാത്തല സംഗീതം അതിനൊപ്പം പെയ്തിറങ്ങുകയായിരുന്നു. "നന്നായി ചിട്ടപ്പെടുത്തിയാൽ ഒരുപക്ഷേ വാക്കുകളേക്കാൾ, ചിത്രത്തിലെ രംഗങ്ങളേക്കാൾ മികച്ച രീതിയിൽ സംവദിക്കാൻ കഴിയുക സംഗീതത്തിനാണെന്ന്" ഒരിക്കൽ ജോൺസൺ മാഷ് പറഞ്ഞിട്ടുണ്ട്. സംഗീതസംവിധാനത്തേക്കാൾ ഒരുപരിധി വരെ പശ്ചാത്തലസംഗീതം ഒരുക്കുന്നതാണ് കലാപരമായിട്ടുള്ളതെന്നും അതാണ് തനിക്ക് കൂടുതൽ സംതൃപ്‌തി നൽകുന്നതെന്നുമാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. അത് വെറും വാക്കായിരുന്നില്ല, പശ്ചാത്തലസംഗീതത്തിന് ദേശീയ പുരസ്കാരം, രണ്ട് തവണ. ആദ്യം പൊന്തൻമാട. ഒഎൻവിയുടെ വരികൾക്ക് ചിത്രയുടെ ശബ്‌ദം. ജോൺസൺ ഈണം നല്‍കിയപ്പോൾ ഒരിക്കലും മറക്കാനാവാത്ത മാന്ത്രിക സംഗീതം. പാശ്ചാത്യസംഗീതത്തിലേക്ക് നാടൻശൈലി സമന്വയിപ്പിച്ച് പൊന്തൻമാടയിൽ പിറന്ന ഗാനത്തിന് ജൂറിയുടെ പ്രത്യേക പരാമർശം.
തൊട്ടടുത്ത വർഷം സുകൃതത്തിലൂടെ വീണ്ടും രാജ്യത്തിന്‍റെ ബഹുമതി. മണിച്ചിത്രത്താഴ്.. മലയാള സിനിമയുടെ ജാതകം മാറ്റിയെഴുതുകയായിരുന്നു. അവിടെ ജോൺസൺ മാഷിന്‍റെ പശ്ചാത്തല സംഗീതം മണിച്ചിത്രത്താഴിനെ എല്ലാ അർഥത്തിലും മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി.
ഓർമയ്ക്കായി, വടക്കു നോക്കി യന്ത്രം, മഴവിൽക്കാവടി, അങ്ങനെ ഒരു അവധിക്കാലത്ത്... ഇവയിലെ ഗാനങ്ങൾക്ക് സംസ്ഥാന സർക്കാരിന്‍റെ പുരസ്കാരം. സദയം, സല്ലാപം സിനിമകളുടെ പശ്ചാത്തല സംഗീതത്തിനും സംസ്ഥാന പുരസ്കാരം. ശുദ്ധസംഗീതത്തെ ആർദ്രരാഗമാക്കിയ ജോൺസൺ മാഷ് ഒരിടവേളക്ക് ശേഷം ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി. എന്തേ കണ്ണന് കറുപ്പ് നിറം...പച്ച പുൽച്ചാടി എന്നി ഗാനങ്ങൾ എവർഗ്രീൻ ഹിറ്റുകളായി.
വിസ്‌മയം, ഗുൽമോഹർ, ചെപ്പടിവിദ്യ ഈണം മാത്രമല്ല, ആലാപനവും ജോൺസൺ അനായാസമാക്കി. എ.ആർ. റഹ്മാൻ സംഗീതം നിർവ്വഹിച്ച കൺകളാൽ കൈത് സെയ് എന്ന തമിഴ് ചിത്രത്തിൽ 'തീക്കുരുവി...' ജോൺസൺ മാഷിന്‍റെ ശബ്ദത്തിലാണ് പുറത്തെത്തിയത്.
സഹസ്രദളസം ശോഭിത നളിനം, അതിന്‍റെ ദിവ്യ സുഗന്ധം, ആത്മ ദലങ്ങളിൽ ആവാഹിച്ച് ജോൺസൺ മാഷ് ഈണമിട്ടപ്പോഴെല്ലാം പാട്ടുകൾ മനസിന്‍റെ മടിത്തട്ടില്‍ പുതിയ ആസ്വാദനതലം തേടുകയാണ്.
" മന്ദാരച്ചെപ്പുണ്ടോ, പാതിരാപ്പുള്ളുണർന്നു, എത്ര നേരമായി ഞാൻ കാത്തു കാത്തു നിൽപൂ, പീലിക്കണ്ണെഴുതി അഴകിൽ നിന്നവളെ, എന്നൊടൊത്തുണരുന്ന പുലരികളേ, കണ്ണനെന്ന് പേര് രേവതി നാള്, മോഹം കൊണ്ടു ഞാൻ, മധുരം ജീവാമൃത ബിന്ദു, തങ്കത്തോണി, ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം"... അങ്ങനെ ഓരോ രാഗവും ഓരോ താളവും മനസില്‍ അലിഞ്ഞുചേരുകയാണ്.
വൈഢൂര്യ കമ്മലണിഞ്ഞ പൊന്‍മാനും പൊന്നിൽ കുളിച്ചു നിന്ന ചന്ദ്രികാ വസന്തവും... മലയാളം ഉള്ളിടത്തോളം കാലം മനസില്‍ നിന്ന് മനസുകളിലേക്ക് കൈമാറും. മുന്നൂറോളം ചിത്രങ്ങൾക്കാണ് അദ്ദേഹം സംഗീതം പകർന്നത്. 2011ൽ റിലീസ് ചെയ്‌ത നാടകമേ ഉലകമാണ് ജോൺസൺ സംഗീതം നല്‍കിയ അവസാന ചിത്രം.
ഒരു നാൾ ശുഭയാത്ര നേർന്നു വന്നു, ഒരു പൂക്കിനാവായി മലയാളിയുടെ ഹൃദയത്തിലേക്ക് കടന്നു വന്ന ജോൺസൺ മാസ്റ്റർ 2011 ഓഗസ്റ്റ് 18ന് സംഗീതം മാത്രം ബാക്കിയാക്കി ലോകത്തോട് വിടചൊല്ലി.