ഭക്തിയും പ്രണയവും മൈലാഞ്ചി മണമുള്ള കവിതകളും കേച്ചേരിപ്പുഴയിലെ ഓളങ്ങളായി ആസ്വാദകനിലേക്ക് പരന്നൊഴുകി. ബാബുക്കയും ദേവരാജനും ശ്രീനിവാസൻ, രാഘവൻ, ശ്യാം, മോഹൻ സിതാര, ഇളയരാജ, കെ.ജെ ജോയ്, എം ജയചന്ദ്രൻ തുടങ്ങിയ സംഗീതജ്ഞർ അവയ്ക്ക് ശ്രുതിലയങ്ങൾ നൽകിയപ്പോൾ അർഥങ്ങളും ഭാവങ്ങളും സൗന്ദര്യബിംബങ്ങളും അലിയിച്ചുചേർത്ത വരികളുടെ ഉപജ്ഞാതാവിനെ ഓരോ ആസ്വാദകനും ഹൃദയത്തോട് ചേർത്തുവെച്ചു. അനുരാഗ ഗാനം പോലെ യൂസഫലി കേച്ചേരിയുടെ കവിഹൃദയം തുടിച്ചപ്പോഴെല്ലാം മലയാളത്തിൽ പിറന്നത് സംഗീതസ്വരങ്ങളുടെ വസന്തകാലം.
തൃശ്ശൂരിലെ കേച്ചേരി എന്ന നാട്ടിൻപുറത്ത് നിന്ന് യൂസഫലി എന്ന ബാലൻ കേട്ടു പരിചയപ്പെട്ടതെല്ലാം മാപ്പിളപ്പാട്ടിന്‍റെ താളമായിരുന്നു. അമ്മയുടെ അച്ഛൻ ഒരു മാപ്പിളപ്പാട്ട് രചയിതാവായിരുന്നു. അദ്ദേഹത്തിന്‍റെ പാട്ടുകൾ അമ്മയിലൂടെ സ്വായത്തമാക്കിയ യൂസഫലി, സംഗീതത്തിന്‍റെ അന്തരീക്ഷത്തിലൂടെയാണ് വളർന്നത്. എന്നാൽ, അഞ്ചാം ക്ലാസിൽ സംസ്കൃതഭാഷ അഭ്യസിക്കാൻ തുടങ്ങിയതോടെ ആ ചെറുബാലൻ കേച്ചേരിപ്പുഴയുടെ അക്കരെ തേടിയിറങ്ങി. മാപ്പിളപ്പാട്ട് മാത്രമല്ല, മതത്തിനും വിശ്വാസത്തിനും അതീതമായ ഭക്തിയും കവിതയും അങ്ങനെ അദ്ദേഹത്തിന്‍റെ സൃഷ്‌ടികളുടെ അടയാളമായി മാറി.
1963ൽ മൂടുപടത്തിനായി രാമു കാര്യാട്ട് കേച്ചേരിയിലെ കവിയെ തേടിയെത്തി. കോഴിക്കോടിന്‍റെ സ്വന്തം ബാബുക്ക ഒരുക്കുന്ന സംഗീതത്തിന്‍റെ രചയിതാവിനുള്ള ക്ഷണവുമായായിരുന്നു വരവ്. ചിത്രത്തിൽ ഭാസ്കരൻ മാഷിന്‍റെ തൂലികയിൽ തളിരിട്ട കിനാക്കൾതൻ എന്ന ഗാനം പിറന്നപ്പോൾ, മൈലാഞ്ചിത്തോപ്പില്‍ മയങ്ങിനില്‍ക്കുന്ന മൊഞ്ചത്തി... എന്ന ഗാനത്തിന് കേച്ചേരിയും ജന്മം നൽകി.
അർഥസമ്പുഷ്ടമായ കവിതകളിലൂടെ പിന്നീട് അദ്ദേഹം മലയാളസിനിമയുടെ പ്രിയപ്പെട്ട കവിയായി. ഇന്ത്യയില്‍ സംസ്‌കൃതത്തില്‍ മുഴുനീളഗാനങ്ങള്‍ എഴുതിയ ഒരേയൊരു കവിയും യൂസഫലിയാണ്. ബാബുക്ക മുതൽ എം.ജയചന്ദ്രൻ വരെയുള്ള കാലഘട്ടങ്ങളിൽ ഗാനരചയിതാവായി പ്രതിഭ തെളിയിക്കുമ്പോഴും യൂസഫലി കേച്ചേരിയുടെ ഭൂരിഭാഗം ഗാനങ്ങളും പിറന്നത് ബോംബെ രവി, ദേവരാജൻ, മോഹൻ സിതാര എന്നിവർക്കൊപ്പമാണ്.
സംഗീതമേ അമരസല്ലാപമേ, ഉല്ലാസപ്പൂത്തിരികൾ കണ്ണിലണിഞ്ഞവളേ, മുറുക്കി ചുവന്നതോ മാരൻ മുത്തി ചുവപ്പിച്ചതോ, അനുരാഗലോല രാത്രി, ചിത്തിരത്തോണിയിൽ അക്കരെപ്പോകാൻ എത്തീടാമോ പെണ്ണേ, പതിനാലാം രാവുദിച്ചത് മാനത്തോ കല്ലായിക്കടവത്തോ... വരികളിൽ സന്തോഷത്തിന്‍റെയും പ്രണയത്തിന്‍റെയും ഊഷ്മളത ചേർത്തെഴുതി യൂസഫലി കേച്ചേരി. ഗസൽപ്പൂക്കളിൽ കാവ്യസൃഷ്‌ടി നടത്തി കലാകാരനായ യൂസഫലി കാലാതീതമായ "സുറുമയെഴുതിയ മിഴികളേ" എഴുതി. അദ്ദേഹം കൃഷ്ണഭക്തിയിലേക്ക് അഭിരമിച്ചപ്പോൾ കൃഷ്‌ണ കൃപാസാഗരം പിറന്നു. മൂന്ന് സംസ്കൃത പദങ്ങളിലേക്ക് തന്‍റെ അഭേദ്യമായ ഭക്തി സമന്വയിപ്പിച്ച രചന. യൂസഫലിയിലെ കൃഷ്‌ണാരാധന മറ്റൊന്നു കൂടി ആസ്വാദകന് പരിചയപ്പെടുത്തുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ചിത്രത്തിലെ "ആലിലക്കണ്ണാ.." എന്ന ഗാനത്തിലൂടെ... സംസ്കൃതം തീരെ ഉപയോഗിക്കാതെ ഒരു അന്ധൻ തന്‍റെ ഈശ്വരനെ കരളുരുകി വിളിക്കുന്ന അനുഭവം.
"പ്രേമമെന്നാൽ കരളും കരളും കൈമാറുന്ന കരാറ്, കരാറു തെറ്റി നടന്നാൽ പിന്നെ കാര്യം തകരാറ്" എന്ന് പറഞ്ഞ കേച്ചേരി പ്രണയിനിയുടെ കണ്ണിൽ വിരുന്നുവന്ന നീലസാഗരവീചികളെ കുറിച്ചും പൂങ്കിനാവിൽ കണ്ട ഓമലാളെ കുറിച്ചും പാട്ടെഴുതി.
സർഗത്തിലെ കഥ കേട്ടപ്പോൾ യൂസഫലിയുടെ മനസിൽ മുഴുവൻ കവിതകളും പല്ലവികളും നിറഞ്ഞിരുന്നു. ബോംബെ രവിക്കൊപ്പം സർഗത്തിലെ മികച്ച ഗാനങ്ങൾക്കായി കൂട്ടുചേർന്ന കവിയും സംഗീതജ്ഞനും പിന്നീട് പരിണയത്തിലും കണ്ടുമുട്ടി. അവിടെയും കാലചക്രത്തിൽ നീങ്ങിപ്പോകാതെ മലയാളസിനിമ എന്നും ഓർക്കുന്ന നിത്യഹരിത ഗാനങ്ങൾ സൃഷ്ടിക്കപ്പെട്ടു.
അഞ്ച് ശരങ്ങളും പോരാതെ മന്മതൻ നിൻ ചിരി സായകമാക്കി, നിൻ പുഞ്ചി സായകമാക്കി.... തന്‍റെ രചനകളിൽ ഏറ്റവും ഉത്തമമെന്ന് യൂസഫലി വിശ്വസിക്കുന്ന ചില ഗാനങ്ങൾ. അനുരാഗക്കളരിയിൽ അങ്കത്തിന് വന്നവളേ, വേമ്പനാട്ടെ കായലിന് ചാഞ്ചലാട്ടം, എനിക്കിന്നൊരു നാവുണ്ടെങ്കിൽ... അമൃതും തേനും ചേർത്ത മൂന്ന് തലമുറകളുടെ സംഗീതം. കണ്ണീർ മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടിയെന്ന ജോക്കറിന്‍റെ ഗാനമെഴുതിയ തൂലികയാണ് പേരറിയാത്ത നൊമ്പരത്തെ സ്നേഹമെന്നും വിശേഷിപ്പിച്ചത്. റസൂലേ..റസൂലേ... സഞ്ചാരി എന്ന ചിത്രത്തിലെ പ്രവാചകനെ അഭിസംബോധന ചെയ്യുന്ന ഗാനം. ഗാനന്ധർവൻ യേശുദാസ് സംഗീതം നൽകിയതും യൂസഫലിയുടെ വരികൾക്കായിരുന്നു.
"സഹ്യസാനു ശ്രുതി ചേർത്തു വെച്ച മണിവീണയാണെന്‍റെ കേരളം നീല സാഗരമതിന്‍റെ തന്ത്രിയിലുണർത്തിടുന്നു സ്വര സാന്ത്വനം, ഇളകിയാടുന്ന ഹരിത മേഖലയിൽ അലയിടുന്ന കള നിസ്വനം," കേരളഭൂമിയെ ഇത്രയും മനോഹരബിബങ്ങളാക്കി പ്രകീർത്തിച്ച മറ്റൊരു കവിയുണ്ടായിരിക്കില്ല. ദേശീയ പുരസ്കാരവും ഓടക്കുഴൽ, ആശാൻ അവാർഡ് ഉൾപ്പെടെ കാവ്യഹൃദയത്തിലെ സംഗീതത്തിന് കലാമേഖല നിരവധി അംഗീകാരങ്ങൾ നൽകിയിട്ടുണ്ട്. രവീന്ദ്രൻ സംഗീതം നൽകിയ മഴയിലെ പാട്ടിന് ദേശീയ അവാർഡ്. ഗാനരചനയിൽ വയലാറിനും ഒഎൻവിക്കും മാത്രം ലഭിച്ച ദേശീയ അംഗീകാരം മലയാളത്തിലേക്ക് വീണ്ടുമെത്തിച്ചത് യൂസഫലി കേച്ചേരിയാണ്. പിന്നീട് ഗാനരചനക്ക് മൂന്ന് സംസ്ഥാന പുരസ്കാരങ്ങളും നിർമാണത്തിനടക്കം അവാർഡുകളും കേച്ചേരിയെ തേടിയെത്തി.
സാമൂഹിക പ്രസക്തിയുള്ള മരം ചിത്രത്തിലൂടെയാണ് സംവിധായകനായുള്ള അരങ്ങേറ്റം. വനദേവത, നീലത്താമര ചിത്രങ്ങളും സംവിധാനം ചെയ്‌തു. സിന്ദൂരച്ചെപ്പിലൂടെ നിർമാതാവായി. പിന്നീട് പതിനഞ്ചോളം കവിതാസമാഹാരങ്ങളും യൂസഫലിയുടെ സംഭാവനയായി സാഹിത്യമേഖലക്ക് ലഭിച്ചു. വിയോഗശേഷം ആറ് വർഷങ്ങൾ പിന്നിടുമ്പോഴും ദശാബ്ദങ്ങളെ പാട്ടിലാക്കിയ അനശ്വരകവിയുടെ രചനകൾക്ക് മരണമില്ല, നിലക്കാതൊഴുകുകയാണ് യൂസഫലിയും അദ്ദേഹത്തിന്‍റെ സംഗീതവും.