ഒക്‌ടോബറിലെ രണ്ടാം ദിവസം... വയലിൻ തന്ത്രികൾ നിലച്ച ചൊവ്വാഴ്‌ച... ആ വാർത്ത ഉൾക്കൊള്ളാനാവാതെയാണ് അന്ന് നേരം പുലർന്നത്. പ്രണയവും വിരഹവും ആത്മരാഗമായി ബാലഭാസ്‌കറിലൂടെ മലയാളം ആവോളം ആസ്വദിച്ചിരുന്നു. അതിനാൽ പ്രിയകലാകാരന്‍റെ അവിശ്വസനീയമായ വിയോഗം മലയാളികൾ ഞെട്ടലോടെയാണ് ഇന്നും ഓർമിക്കുന്നത്. വയലിൻ മാന്ത്രികൻ ബാല ഭാസ്‌കർ കൺമറഞ്ഞിട്ട് ഇന്ന് മൂന്ന് വർഷം.
വിരലുകളിലെ സംഗീതം വയലിനിൽ ഇന്ദ്രജാലം തീർത്തപ്പോൾ ആസ്വാദകഹൃദയങ്ങളിൽ ബാലഭാസ്‌കർ ചിരപ്രതിഷ്‌ഠ നേടി. കണ്ണുകളെ സംഗീതത്തിലേക്ക് കൂട്ടിച്ചേർത്ത്, ചുണ്ടിൽ നനുത്ത പുഞ്ചിരിയുമായി സംഗീതസദസ്സുകളെ വിസ്‌മയിപ്പിച്ച ബാലഭാസ്‌കറിനെ അടുത്ത സുഹൃത്തുക്കൾ മാത്രമല്ല, സംഗീതലോകമാകെ തങ്ങളുടെ പ്രിയപ്പെട്ട ബാലുവെന്നാണ് വിളിച്ചിരുന്നത്.
സ്റ്റേജ് ഷോകളിലൂടെയാണ് ആസ്വാദകർക്ക് ബാലഭാസ്‌കറിനെ കൂടുതൽ പരിചയം. എങ്കിലും മംഗല്യ പല്ലക്ക്, പാഞ്ചജന്യം, പാട്ടിന്‍റെ പാലാഴി, മോക്ഷം, കണ്ണാടിക്കടവത്ത് തുടങ്ങിയ സിനിമകളുടെ സംഗീതജ്ഞനായും ബാലഭാസ്‌കർ പേരെടുത്തു. നിനക്കായ്, ആദ്യമായ് തുടങ്ങി നിരവധി സംഗീത ആൽബങ്ങളും വയലിൻ മാന്ത്രികനിലൂടെ സംഗീതത്തിൽ പിറന്നു. വളരെ ചെറിയ പ്രായത്തിനുള്ളിൽ തന്നെ കാൽനൂറ്റാണ്ടിന്‍റെ സംഗീതജീവിതം സമ്പാദിച്ച ബാലുവാണ് മലയാളിക്ക് ഫ്യൂഷൻ മ്യൂസിക് പരിചയപ്പെടുത്തുന്നതും.
Also Read: 'ഡ്രൈവിങ് ലൈസൻസ്' ഹിന്ദിയിൽ അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്‌മിയും
സംഗീതത്തിലെ വിസ്‌മയ പ്രതിഭയ്‌ക്ക് 2008ൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബിസ്‌മില്ല ഖാൻ യുവ സംഗീത്കാർ പുരസ്‌കാർ ലഭിച്ചിട്ടുണ്ട്. 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ ക്ഷേത്രദർശനം കഴിഞ്ഞ് തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിവരുമ്പോഴുണ്ടായ വാഹനാപകടം. സംഗീതത്തെ വിഷാദത്തിലാഴ്‌ത്തിയ ഏഴ് ദിവസങ്ങൾക്ക് ശേഷം ഒരു തീരാനോവായി ബാലഭാസ്‌കർ വിട പറഞ്ഞു. വയലിന്‍റെ അനന്തസാധ്യതകൾ തേടിയുള്ള ബാലഭാസ്‌കറിന്‍റെ യാത്രയ്‌ക്ക് വിധി വിരാമമിട്ടപ്പോൾ, അത്യപൂർവ്വ പ്രതിഭയെ ഹൃദയത്തിൽ സ്വീകരിച്ച ആസ്വാദകരിൽ നിന്ന് അദ്ദേഹത്തെ അടർത്തിമാറ്റാനായിട്ടില്ല.
വയലിൻ സംഗീതത്തിന്‍റെ സർവ്വരാഗവും ഈണവും സമന്വയിപ്പിച്ചിരിക്കുന്നത് ബാലഭാസ്‌കർ എന്ന പേരിലാണ്. ഓർമകൾ യാത്ര തുടരുമ്പോഴും ഒരു വിങ്ങലോടെ ആസ്വാദകരും അദ്ദേഹത്തിന്‍റെ സംഗീതത്തിലേക്ക് ആഴ്‌ന്നിറങ്ങുന്നു... ഓർമകളുടെ ചില്ലുജാലകത്തിന് അപ്പുറമിരുന്ന് ഇന്നും ആ ശ്രുതികൾ മീട്ടുന്നു... "നിനക്കായ് തോഴീ പുനർജനിക്കാം, ഇനിയും ജന്മങ്ങളൊന്നു ചേരാം..."