മലയാള സംഗീതത്തെ ഭാവ സാന്ദ്രമാക്കിയ നിത്യവസന്തം... മരണമില്ലാത്ത ഓർമകൾ സമ്മാനിച്ച് ജോൺസൺ മാഷ് വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു ദശകം. ഭാവവും താളവും സമന്വയിപ്പിച്ച് ഈണങ്ങളുടെ രാജകുമാരൻ വിസ്‌മയിപ്പിച്ചപ്പോഴെല്ലാം, മലയാളം പാട്ടുകളിൽ വസന്തം അനുഭവവേദ്യമായി.
1953 മാർച്ച് 26ന് തൃശൂരിലെ നെല്ലിക്കുന്നിൽ തട്ടിൽ ആന്‍റണി- മേരി ദമ്പതികളുടെ മകനായി ജനനം. നെല്ലിക്കുന്ന് സെന്‍റ് സെബാസ്റ്റ്യൻ പള്ളി ഗായക സംഘത്തിലൂടെ സംഗീത ജീവിതം ആരംഭിച്ചു. അൾത്താര സംഘത്തിൽ ഫീമെയിൽ ശബ്‌ദത്തിലായിരുന്നു പാടിയിരുന്നത്.
സെന്‍റ് തോമസ് തോപ്പ് സ്‌കൂളിൽ നിന്നും പ്രാഥമിക വിദ്യാഭാസം നേടി. തൃശൂർ സെന്‍റ് തോമസ് കോളജിൽ നിന്നും ധനതത്വശാസ്‌ത്രത്തിൽ ബിരുദം നേടിയ ശേഷം പാശ്ചാത്യ ശൈലിയിൽ വയലിൻ അഭ്യസിച്ചു.
1968ൽ വോയ്‌സ് ഓഫ് ട്രിച്ചൂർ എന്ന ഗാനമേള ട്രൂപ്പ് ആരംഭിച്ചു. ഇക്കാലത്ത് ഗായകൻ പി. ജയചന്ദ്രൻ ജോൺസണെ സംഗീത സംവിധായകൻ ജി.ദേവരാജന് പരിചയപ്പെടുത്തി, തുടർന്ന് സിനിമയിലേക്ക്.
1978ൽ പുറത്തിറങ്ങിയ ആരവം ആയിരുന്നു ജോൺസൺ മാഷ് സാന്നിധ്യമറിയിച്ച ആദ്യ ചലച്ചിത്രം. 1981ൽ ആന്‍റണി ഈസ്റ്റ്മാന്‍റെ സംവിധാനത്തിൽ സിൽക്ക് സ്‌മിത നായികയായി അഭിനയിച്ച ഇണയെ തേടി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി.
പിന്നീട് ഭരതന്‍റെ പാർവതി എന്ന ചിത്രത്തിന് ഈണം നൽകി. തുടർന്ന്, സത്യൻ അന്തിക്കാട്, പത്മരാജൻ എന്നിവരുടെ ചിത്രങ്ങളിലെ ജോൺസൺ സംഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പത്മരാജന്‍റെ കൂടെവിടെ (1983), നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ (1986), നൊമ്പരത്തിപ്പൂവ് (1987), അപരൻ (1988), ഞാൻ ഗന്ധർവൻ (1991) എല്ലാം കാലങ്ങളെ അതിജീവിച്ചു, വ്യാപിച്ചു.
തൂവാനത്തുമ്പികളിലെ മഴയുടെ സംഗീതവും മണിച്ചിത്രത്താഴിലെ സെന്തമിഴ് കലർന്ന ക്ലാസിക് താളവും ജോൺസൺ മാഷ് പശ്ചാത്തല സംഗീതം പകർന്ന മാസ്റ്റർപീസുകളിൽ ചിലതാണ്. എ.ആർ റഹ്മാൻ ഈണം ഒരുക്കിയ കൺകളാൽ കൈത് സെയ് എന്ന തമിഴ് ചിത്രത്തിലെ 'തീക്കുരുവി...' എന്ന ഗാനം ജോൺസൺ മാഷിന്‍റെ തന്നെ ശബ്ദത്തിലെത്തി.
'നന്നായി ചിട്ടപ്പെടുത്തിയാൽ ഒരുപക്ഷേ വാക്കുകളേക്കാൾ, ചിത്രത്തിലെ രംഗങ്ങളേക്കാൾ മികച്ച രീതിയിൽ സംവദിക്കാൻ കഴിയുക സംഗീതത്തിനാണെന്ന്' ഒരിക്കൽ ജോൺസൺ മാഷ് പറഞ്ഞിട്ടുണ്ട്.
സംഗീതസംവിധാനത്തേക്കാൾ ഒരുപരിധി വരെ പശ്ചാത്തലസംഗീതം ഒരുക്കുന്നതാണ് കലാപരമായിട്ടുള്ളതെന്നും അതാണ് തനിക്ക് കൂടുതൽ സംതൃപ്‌തി നൽകുന്നതെന്നുമാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.
അത് വെറും വാക്കായിരുന്നില്ല, പശ്ചാത്തല സംഗീതത്തിന് ദേശീയ പുരസ്‌കാരം, രണ്ട് തവണ... ആദ്യം പൊന്തൻമാട. ഒഎൻവിയുടെ വരികൾക്ക് ചിത്രയുടെ ശബ്‌ദം, ജോൺസൺ ഈണം നല്‍കിയപ്പോൾ ഒരിക്കലും മറക്കാനാവാത്ത മാന്ത്രിക സംഗീതം.
പാശ്ചാത്യസംഗീതത്തിലേക്ക് നാടൻശൈലി സമന്വയിപ്പിച്ച് പൊന്തൻമാടയിൽ പിറന്ന ഗാനത്തിന് ജൂറിയുടെ പ്രത്യേക പരാമർശം. 1995ൽ സുകൃതം എന്ന ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതത്തിലൂടെ അടുത്ത ദേശീയ പുരസ്‌കാരം.
മലയാള സിനിമാ സംഗീത സംവിധായകരിൽ ദേശീയ പുരസ്‌കാരം ലഭിച്ച ആദ്യത്തെ സംഗീതജ്ഞനും ജോൺസൺ മാഷാണ്. ഓർമയ്ക്കായി, വടക്കു നോക്കി യന്ത്രം, മഴവിൽക്കാവടി, അങ്ങനെ ഒരു അവധിക്കാലത്ത്... ചിത്രങ്ങളുടെ പാട്ടുകൾക്ക് ഈണം പകർന്നതിലൂടെയും സദയം, സല്ലാപം എന്നീ സിനിമകളുടെ പശ്ചാത്തല സംഗീതത്തിനും സംസ്ഥാന പുരസ്‌കാരങ്ങൾ നേടി.
More Read: ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം: മരണമില്ല, ഈ ഭാവ സംഗീതത്തിന്
ശുദ്ധസംഗീതത്തെ ആർദ്രമാക്കിയ ജോൺസൺ മാഷ് ഒരിടവേളക്ക് ശേഷം ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി. എന്തേ കണ്ണന് കറുപ്പ് നിറം...പച്ച പുൽച്ചാടി എന്നീ ഗാനങ്ങൾ എവർഗ്രീൻ ഹിറ്റുകളായി. വിസ്‌മയം, ഗുൽമോഹർ, ചെപ്പടിവിദ്യ... ഈണം മാത്രമല്ല, ആലാപനവും ജോൺസൺ അനായാസമാക്കി.
സഹസ്രദളസം ശോഭിത നളിനം, അതിന്‍റെ ദിവ്യ സുഗന്ധം... ആത്മ ദലങ്ങളിൽ ആവാഹിച്ച് ജോൺസൺ മാഷ് ഈണമിട്ടപ്പോഴെല്ലാം പാട്ടുകൾ മനസിന്‍റെ മടിത്തട്ടില്‍ പുതിയ ആസ്വാദനതലം തേടുകയാണ്. മുന്നൂറോളം ചിത്രങ്ങൾക്ക് താളം പകർന്ന സംഗീതജ്ഞന്‍റെ അവസാന ചിത്രം 2011ൽ പുറത്തിറങ്ങിയ നാടകമേ ഉലകമാണ്.
ഒരു നാൾ ശുഭയാത്ര നേർന്നു വന്നു, ഒരു പൂക്കിനാവായി മലയാളത്തിന്‍റെ ഈണമായ ജോൺസൺ മാഷ് തന്‍റെ 58-ാം വയസിൽ ഹൃദയാഘാതത്തെ തുടർന്ന് 2011 ആഗസ്റ്റ് 18ന് കാലയവനികയിലേക്ക് മറഞ്ഞു.
പ്രണയത്തിന്‍റെ തൂവാനത്തുമ്പികളായി, കണ്ണീർപ്പൂവിന്‍റെ നൊമ്പരമായി, പാലപ്പൂവിന്‍റെ മണമായി, പീലി നീട്ടിയ മായാമയൂരമായി, കരളിൽ വിരിഞ്ഞ പൂക്കളായി ആ അതുല്യ സംഗീതജ്ഞന്‍റെ വരികള്‍ ഇന്നും മലയാളി ഹൃദയങ്ങളില്‍ തുടിക്കുന്നു. സംഗീതത്തിൽ മധുരവും സുഗന്ധവും നിറച്ച ജോൺസൺ മാഷിന്‍റെ ഓർമകള്‍ക്ക് ഒരു പതിറ്റാണ്ട് പൂര്‍ത്തിയാവുകയാണ്.
'ഒരു നാൾ ശുഭരാത്രി നേർന്ന് പോയി നീ....
ഇതിലേ ഒരു പൂക്കിനാവായ് വന്ന നീ,
ശ്രുതി നേർത്ത് നേർത്ത് പോകും, ഋതു-
രാഗഗീതി പോലെ, പറയൂ നീയെങ്ങ് പോയീ....'
വർഷങ്ങൾക്ക് ദൈർഘ്യം കൂടിയാലും മെലഡിയുടെ രാജഹംസം സംഗീതാസ്വാദകരിലേക്ക് പറന്നിറങ്ങുകയാണ്.... ഈണങ്ങളുടെ സ്വപ്‌നകാമുകൻ പകർന്ന സംഗീതത്തിലൂടെയും അദ്ദേഹത്തിന്‍റെ ഓർമകളിലൂടെയും....