തിരുവനന്തപുരം: ഇരുപത്തിയഞ്ചാമത് ഐഎഫ്എഫ്കെയില്‍ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി 30ന് ആരംഭിക്കും. സംസ്ഥാനത്തെ നാല് മേഖലകളിലായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണ ചലച്ചിത്ര മേള നടത്തുന്നത്. തിരുവനന്തപുരത്ത് ഫെബ്രുവരി 10 മുതൽ 14 വരെയും കൊച്ചിയിൽ ഫെബ്രുവരി 17 മുതൽ 21 വരെയും തലശേരിയിൽ ഫെബ്രുവരി 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് ഒന്ന് മുതൽ അഞ്ച് വരെയുമാണ് മേള നടക്കുക. എല്ലായിടങ്ങളിലും ഒരേ സിനിമകൾ തന്നെയാണ് പ്രദർശിപ്പിക്കുക. വിവിധ വിഭാഗങ്ങളിലായി ആകെ 80 ചിത്രങ്ങൾ പ്രദർശിപ്പിക്കും. registration.iffk.in എന്ന വെബ്സൈറ്റ് വഴി ജനുവരി 30ന് രാവിലെ 10 മണി മുതൽ രജിസ്ട്രേഷൻ ചെയ്‌ത് തുടങ്ങാം. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവര്‍ക്ക് മേള നടക്കുന്ന നാല് മേഖലകളില്‍ എവിടെ വേണമെങ്കിലും രജിസ്റ്റര്‍ ചെയ്യാം. ഇത്തവണത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഡെലിഗേറ്റ് ഫീസ് പൊതുവിഭാഗത്തിന് 750 രൂപയായും വിദ്യാർഥികൾക്ക് 450 രൂപയായും കുറച്ചിട്ടുണ്ട്. തങ്ങളുടെ സ്വദേശം ഉൾപ്പെടുന്ന മേഖലയിൽ സംഘടിപ്പിക്കുന്ന മേളയിൽ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്ട്രേഷൻ നടത്തണം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ആളുകള്‍ക്ക് തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്യാം. ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിലുള്ളവർ കൊച്ചിയില്‍ രജിസ്റ്റർ ചെയ്യണം. പാലക്കാട്, മലപ്പുറം, വയനാട്, തൃശൂർ ജില്ലകളിലുള്ളവർ പാലക്കാടാണ് രജിസ്റ്റർ ചെയ്യേണ്ടത്. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലുള്ളവർ തലശേരിയിലും രജിസ്റ്റർ ചെയ്യണം. ഒരിക്കൽ ഒരു മേഖല തെരഞ്ഞെടുത്താൽ മാറ്റി രജിസ്റ്റർ ചെയ്യാനാവില്ല. തിരുവനന്തപുരത്ത് 2500, കൊച്ചി 2500, തലശ്ശേരി 1500, പാലക്കാട് 1500, എന്നിങ്ങനെ 8000 പാസുകളാണ് ആകെ വിതരണം ചെയ്യുന്നത്. ഓരോ മേഖലയിലും മേള ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് പാസ് വിതരണം ചെയ്യും. അതേ ദിവസം മുതൽ ആന്‍റിജൻ ടെസ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യവും ചലച്ചിത്ര അക്കാദമി ഒരുക്കും. ടെസ്റ്റ് നെഗറ്റീവായവർക്ക് മാത്രമാണ് ഡെലിഗേറ്റ് പാസ് ലഭിക്കുക. മേള തുടങ്ങുന്നതിന് 48 മണിക്കൂർ മുമ്പ് ടെസ്റ്റ് ചെയ്‌ത് നെഗറ്റീവ് ഫലം ഹാജരാക്കുന്നവർക്കും പാസ് ലഭിക്കും. മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാടുമാണ് നടക്കുക. മേളയുടെ ഭാഗമായി പൊതുപരിപാടികളോ ആൾക്കൂട്ടം ഉണ്ടാകുന്ന കലാപരിപാടികളോ ഉണ്ടാവില്ല.
ഫ്രഞ്ച് നവതരംഗ ചലച്ചിത്ര പ്രസ്ഥാനത്തിന്‍റെ പ്രയോക്താവായ സംവിധായകൻ ഷീൻ ലുക് ഗൊദാർദിനാണ് ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്‌കാരം സമ്മാനിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ എത്തിച്ചേരാൻ കഴിയില്ലെന്നറിയിച്ച ഗോദാർദിന് വേണ്ടി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പുരസ്‌കാരം ഏറ്റുവാങ്ങും.