തിരുവനന്തപുരം: 12-ാമത് രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും. അഗസ്റ്റിനോ ഫെറെന്‍റയുടെ സെൽഫി ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. വൈകിട്ട് ആറ് മണിക്ക് കൈരളി തീയേറ്ററിൽ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിന്‍റെ ഉദ്ഘാടനം കേരളാ ഗവർണർ റിട്ട ജസ്റ്റിസ് പി സദാശിവം നിർവ്വഹിക്കും. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്‌സൺ ബീനാ പോൾ, സെക്രട്ടറി മഹേഷ് പഞ്ചു, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് എന്നിവര്‍ ചടങ്ങിൽ പങ്കെടുക്കും. ഫെസ്റ്റിവൽ ബുക്കിന്‍റെ പ്രകാശനം എംഎൽഎ വിഎസ് ശിവകുമാർ നിർവ്വഹിക്കും. രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചലച്ചിത്രമേളയിൽ കൈരളി, ശ്രീ, നിള തീയേറ്ററുകളിലായി 262 ചിത്രങ്ങൾ ആണ് പ്രദർശിപ്പിക്കപ്പെടുക.
63 എണ്ണം ലോങ് ഡോക്യുമെന്‍ററി, ഷോർട്ട് ഡോക്യുമെന്‍ററി, ഷോർട്ട് ഫിക്ഷൻ, ക്യാമ്പസ് ഫിലിം എന്നീ വിഭാഗങ്ങളിലായി മത്സരരംഗത്തുണ്ട്. ഡോക്യുമെന്‍ററി സംവിധായികയും എഴുത്തുകാരിയുമായ മധുശ്രീ ദത്തയെ മേളയിൽ ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം നല്കി ആദരിക്കും. മധുശ്രീ ദത്തയുടെ പ്രധാനപ്പെട്ട ചിത്രങ്ങളുടെ പ്രദർശനവും നടക്കും. ആറ് ദിവസമായി വർധിപ്പിച്ച മേളയിൽ ഇത്തവണ മലയാള ചിത്രങ്ങൾക്കായി പ്രത്യേക വിഭാഗവും ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര വിഭാഗത്തിൽ 44 ചിത്രങ്ങളും ഫോക്കസ് വിഭാഗത്തിൽ 74 ചിത്രങ്ങളുമാണ് മേളയിൽ പ്രദർശിപ്പിക്കപ്പെടുക. ഫേസ് ടു ഫേസ്, ഇൻ കോൺവർസേഷൻ സെക്ഷൻ, സെമിനാറുകൾ തുടങ്ങിയ പരിപാടികളും മേളയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.