ഹൈദരാബാദ്: വെബ് സീരീസ് ബാഡ് ബോയ് ബില്യണേഴ്‌സിന്‍റെ റിലീസിനെതിരെ കോടതിയുടെ സ്റ്റേ ഓർഡർ. ഇന്ത്യയിലെ കുപ്രസിദ്ധ വ്യവസായികളുടെ കഥ പറയുന്ന 'ബാഡ് ബോയ് ബില്യണേഴ്‌സ്: ഇന്ത്യ' നെറ്റ്ഫ്ലിക്‌സ് റിലീസ് ചെയ്യുന്നത് തടഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം ഹൈദരാബാദ് സിവിൽ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. അഴിമതിക്കേസിൽ പ്രതിയായ സത്യം കമ്പ്യൂട്ടർ സർവീസസ് സ്ഥാപകൻ ബി. രാമലിംഗരാജുവിന്‍റെയും മറ്റ് മൂന്ന് കൂട്ടാളികളുടെയും ജീവിതകഥ ആസ്‌പദമാക്കി പുറത്തിറങ്ങുന്ന സീരീസിനെതിരെ രാമലിംഗ രാജു സമർപ്പിച്ച ഹർജിയിലാണ് നടപടി. അഴിമതിക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ രാജു 2018ൽ ജാമ്യത്തിലിറങ്ങിയിരുന്നു. നിയമവിരുദ്ധമായി തന്‍റെ സ്വകാര്യതക്കെതിരെയാണ് വെബ് സീരീസ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് പരാതിയിൽ പറയുന്നത്.
വിജയ് മല്യ, നീരവ് മോദി, സുബ്രത റോയ്, രാമലിംഗരാജു എന്നിവരുടെ കഥയാണ് ബാഡ് ബോയ് ബില്യണേഴ്‌സിൽ പരാമർശിക്കുന്നത്. സുബ്രത റോയിയുടെ പേര് പരാമർശിച്ചുവെന്ന പേരിൽ നേരത്തെ ബിഹാർ കോടതി വെബ്‌സീരീസിന്‍റെ ട്രെയിലർ നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്യാൻ ഉത്തരവിറക്കിയിരുന്നു.