ആരോഗ്യപ്രശ്നങ്ങളാൽ രാഷ്ട്രീയപ്രവേശനം ഒഴിവാക്കുന്നുവെന്ന് രജനികാന്ത് പ്രഖ്യാപിച്ചത് വലിയ ആഘാതമാണ് ആരാധകരിലും തമിഴ്‌നാട് ജനതയിലും ഉണ്ടാക്കിയത്. കടുത്ത നിരാശയോടെയാണ് താൻ തീരുമാനം അറിയിക്കുന്നതെന്നാണ് രജനികാന്ത് ട്വിറ്ററിലൂടെയാണ് ഡിസംബറില്‍ അറിയിച്ചത്. അതിനുശേഷം താരത്തിന്‍റെ ആരാധകര്‍ രാഷ്ട്രീയ പ്രവേശനം വേണമെന്ന ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നടന്‍റെ രാഷ്ട്രീയപ്രവേശനം ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആരാധകരാണ് തെരുവില്‍ ഇറങ്ങിയിരിക്കുന്നത്.
ചെന്നൈ വള്ളുവര്‍കോട്ടത്താണ് ആരാധകരുടെ പ്രതിഷേധം നടക്കുന്നത്. ഒരു ലക്ഷത്തോളം ആളുകള്‍ സമരത്തിന്‍റെ ഭാഗമായിട്ടുണ്ട്. താരത്തിന്‍റെ തീരുമാനം ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ തയ്യാറല്ല. പോസ്റ്ററുകളും ബാനറുകളുമായി സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ആരാധകരാണ് തെരുവില്‍ പ്രതിഷേധിക്കുന്നത്. രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളും പ്രതിഷേധക്കാരിലുണ്ട്. ഇനിയും ആളുകള്‍ സമരത്തിന്‍റെ ഭാഗമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. വള്ളുവര്‍ കോട്ടത്ത് കനത്ത പൊലീസ് കാവലാണുള്ളത്. പ്രതിഷേധത്തിന്‍റെ ഭാഗമാകാന്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം വലിയ രീതിയില്‍ പ്രചരണം നടന്നിരുന്നു. വള്ളുവര്‍കോട്ടത്തെ പ്രതിഷേധത്തിന് വൈകിട്ട് വരെയാണ് പൊലീസ് അനുമതി നല്‍കിയതെങ്കിലും സമരം നീളുമെന്നാണ് സൂചന.