പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിന്‍റെ ഷൂട്ടിന് കൊണ്ടുവന്ന കുതിര ചത്തതിനെ തുടർന്ന് സംവിധായകൻ മണിരത്‌നത്തിനെതിരെ കേസെടുത്ത് പൊലീസ്. മണിരത്‌നത്തിനെതിരെയും അദ്ദേഹത്തിന്‍റെ നിർമാണ കമ്പനിയായ മദ്രാസ് ടാക്കീസിനെതിരെയും കുതിരയുടെ ഉടമക്കെതിരെയും പെറ്റ( പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്‌മെന്‍റ് ഓഫ് ആനിമല്‍സ്) നൽകിയ പരാതിയിലാണ് കേസ്. കൂടാതെ, ഇന്ത്യ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അന്വേഷണത്തിനായി മണിരത്‌നത്തെ വിളിപ്പിച്ചിട്ടുമുണ്ട്.
Also Read: ആദിത്യ കരികാലൻ മുതൽ ആഴ്വാർകടിയൻ നമ്പി വരെ; 'പൊന്നിയൻ സെൽവൻ' കാരക്‌ടർ പോസ്റ്റർ കാണാം
കുതിരയുടെ പോസ്റ്റ്‌മാര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ചിത്രത്തിലെ യുദ്ധരംഗങ്ങളും മറ്റും ചിത്രീകരിക്കുന്നതിനായി നിരവധി കുതിരകളെ മണിക്കൂറുകളോളം ഉപയോഗിച്ചെന്നും അതിനാല്‍ അവ ക്ഷീണിച്ച് നിര്‍ജ്ജലീകരണം സംഭവിച്ചെന്നും ഇതേ തുടർന്നാണ് ഒരു കുതിര ചത്തതെന്നും പരാതിയില്‍ പരാമര്‍ശിക്കുന്നു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ (പി.സി.എ) നിയമവും ഐപിസി വകുപ്പുകളും ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്.
മൃഗങ്ങൾക്ക് പകരം ഇനിയെങ്കിലും കമ്പ്യൂട്ടര്‍ ജനറേറ്റഡ് ഇമേജറി ഉപയോഗിക്കാൻ പെറ്റയുടെ നിർദേശം
സിനിമകളിൽ യഥാർഥ മൃഗങ്ങളെ ഉപയോഗിക്കുന്നതിന് പകരം ഗ്രാഫിക്‌സിൽ നിർമിച്ച് മൃഗങ്ങളുടെ ഭാഗങ്ങൾ ചിത്രീകരിക്കാനും പെറ്റ ഇന്ത്യ ചീഫ് അഡ്വക്കസി ഓഫിസര്‍ ഖുശ്ബു ഗുപ്‌ത നിർദേശിച്ചു. 'കമ്പ്യൂട്ടര്‍ ജനറേറ്റഡ് ഇമേജറി (സിജിഐ) യുഗത്തില്‍, ക്ഷീണിതരായ കുതിരകളെ സിനിമയിലെ യുദ്ധരംഗങ്ങളിൽ ഉപയോഗിക്കാന്‍ നിർമാണ കമ്പനികള്‍ നിര്‍ബന്ധിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.
സംഭവത്തിന്‍റെ ഫോട്ടോകളുൾപ്പെടെ കാണിച്ച്, പെറ്റയുടെ ശ്രദ്ധയിൽകൊണ്ടുവന്ന ആൾക്ക് 25,000 രൂപ പാരിതോഷികം നല്‍കും.