തെലുങ്ക് യുവതാരം വരുൺ തേജ് ബോക്‌സറായെത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ഗാനി. കിരൺ കൊരപതി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ക്ലൈമാക്‌സ് രംഗങ്ങൾ ഒരുക്കുന്നത് ഹോളിവുഡിലെ പ്രമുഖ സംഘട്ടന സംവിധായകരാണ്. ഡിസി എന്‍റർടെയിൻമെന്‍റിന്‍റെ ബാറ്റ്മാൻ സീരീസുകളിൽ ആക്ഷൻ- ഫൈറ്റ് രംഗങ്ങളുടെ അസിസ്റ്റന്‍റ് കൊറിയോഗ്രാഫറായിരുന്ന വ്ളാഡ് റിംബർഗും മോർട്ടൽ കോമ്പാറ്റ്, ബ്ലഡ് ആൻഡ് ബോൺ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച ലാണെൽ സ്റ്റോവലുമാണ് ഗാനിയുടെ സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത്. കൂടാതെ, ക്ലൈമാക്സ് രംഗങ്ങൾക്കായി നിർമാതാക്കൾ പടുകൂറ്റൻ സ്റ്റേഡിയവും സെറ്റായി ഒരുക്കിയിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.
More Read: 'ഗാനി'യുമായി വരുൺ തേജ് ജൂലൈയിൽ റിംഗിലേക്ക്
ബ്രഹ്മാണ്ഡചിത്രം ബാഹുബലി, സൽമാൻ ഖാൻ ചിത്രം സുൽത്താൻ, ടൊവിനോ തോമസിന്‍റെ മിന്നൽ മുരളി ചിത്രത്തിലും വ്ളാഡ് റിംബർഗാണ് സംഘട്ടനരംഗങ്ങൾ ഒരുക്കിയത്. ഉപേന്ദ്ര, സുനിൽ ഷെട്ടി, നവീൻ ചന്ദ്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഗാനിയുടെ 70 ശതമാനം ഷൂട്ടിങ്ങും പൂർത്തിയായെന്നും കൊവിഡ് വ്യാപനത്തിൽ ശമനമുണ്ടായാൽ ബാക്കി ഭാഗത്തിന്‍റെ നിർമാണത്തിലേക്ക് കടക്കുമെന്നും നിർമാതാക്കൾ അറിയിച്ചു. എന്നാൽ, സിനിമയിലെ കഥാപാത്രത്തിന് വേണ്ടി ബോക്സർ പരിശീലനത്തിനായി ലോക്ക് ഡൗൺ സമയം വിനിയോഗിക്കുകയാണ് വരുൺ തേജ്.