ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം പ്രമേയമാക്കി ഒരുക്കുന്ന ‘വാരിയംകുന്ന’ന്‍റെ ചിത്രീകരണം പ്രഖ്യാപിച്ചതിന് ശേഷം ശക്തമായ വിമർശനങ്ങളും സൈബർ ആക്രമണവുമാണ് സിനിമക്ക് എതിരെ ഉയർന്നത്. കുഞ്ഞഹമ്മദ് ഹാജി ഹിന്ദുവിരുദ്ധനായിരുന്നു എന്നും വാരിയം കുന്നൻ ചിത്രം ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ച് പൃഥ്വിരാജിനെതിരെ ആക്ഷേപങ്ങളും ഉയർന്നു . വാരിയം കുന്നൻ വിവാദമായതോടെ സംവിധായകനും ടീമിനും പൂർണ പിന്തുണ പ്രഖ്യാപിച്ച് സിനിമാപ്രവർത്തകരും രംഗത്തെത്തി. സംവിധായകർ മിഥുന്‍ മാനുവല്‍ തോമസ്, അരുണ്‍ ഗോപി, നടൻ ഹരീഷ് പേരടി എന്നിവരാണ് ചിത്രത്തെ അനുകൂലിച്ച് പ്രതികരണം അറിയിച്ചത്.
- " class="align-text-top noRightClick twitterSection" data="">
സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് അതിനെ ഭയപ്പെടുന്നത് എന്തിന് എന്നാണ് മിഥുൻ മാനുവൽ തോമസ് ചോദിക്കുന്നത്. "സിനിമയെ ആര്‍ക്കാണ് പേടി?? അടിത്തറ ഇല്ലാത്തവര്‍ക്കോ അതോ അസ്തിത്വം ഇല്ലാത്തവര്‍ക്കോ, അതോ ചരിത്രം ഇല്ലാത്തവര്‍ക്കോ, അതോ ധൈര്യം ഇല്ലാത്തവര്‍ക്കോ? ആദ്യം സിനിമ വരട്ടേന്ന്.. ഇങ്ങളൊന്നു വെയിറ്റ് ചെയ്യ്.. !!" എന്നാണ് ആട്, അഞ്ചാം പാതിര ചിത്രങ്ങളുടെ സംവിധായകൻ മിഥുന്‍ മാനുവല്‍ തോമസ് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.
- " class="align-text-top noRightClick twitterSection" data="">
ജാതിയും മതവും കലയ്‌ക്ക് തടസമാകുന്നത് ഒരു നാട് വിപത്തിലേക്ക് പോകുന്നതിന്‍റെ സൂചനയെന്നാണ് രാമലീലയുടെ സംവിധായകൻ വ്യക്തമാക്കിയത്. ഒപ്പം ചിത്രത്തിന്‍റെ അണിയറപ്രവർത്തകർക്ക് അരുൺ ഗോപി അഭിനന്ദനവും അറിയിച്ചിട്ടുണ്ട്. "ഈ മണ്ണിലൊരു കഥ പറയാന്‍ ജാതിയും മതവും നോക്കേണ്ടി വന്നാല്‍ ആ നാട് വിപത്തിലേക്കാണ്.!! മണ്ണിന്‍റെയും മനുഷ്യരുടെയും കഥയുമായി എത്തുന്ന പ്രിയപ്പെട്ടവര്‍ക്ക് അഭിനന്ദനങ്ങള്‍," എന്ന് സംവിധായകൻ അരുണ്‍ ഗോപി കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
കുഞ്ഞാലിമരക്കാർ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് എന്നിവർ ധീരരക്തസാക്ഷികളാണെന്നും ഇവരുടെ സിനിമകൾ ചെയ്യുന്ന സംവിധായകരുടെ രാഷ്ട്രീയം വിലയിരുത്തി അഭിപ്രായപ്രകടനം നടത്തരുതെന്നും നടൻ ഹരീഷ് പേരടി പറഞ്ഞു. "മോഹൻലാലിന് മലബാർ ഭാഷ വഴങ്ങില്ലെന്ന് പറഞ്ഞവരോട് ഒരു ചോദ്യം?...പൃഥ്വിരാജിന് മലപ്പുറം ഭാഷ വഴങ്ങുമോ?...കുഞ്ഞാലിമരക്കാറായി ആ മഹാനടൻ പരകായപ്രവേശം നടത്തിയപ്പോൾ മോഹൻലാലിന്‍റെ ചിത്രം വെച്ച് ബോഡിഷെയിമിംങ്ങ് നടത്തിയ പുരോഗമന നവ സിനിമ വാദികളാണ് ഒരു പടം അനൗൺസ് ചെയ്തപ്പോളെ പുതിയ തള്ളുകളുമായി ഇറങ്ങിയിരിക്കുന്നത്...കുഞ്ഞാലിമരക്കാറും വാരിയംകുന്നത്ത് കുഞ്ഞഹമ്മദും രണ്ടും പേരും ബ്രീട്ടിഷുകാരോട് പൊരുതി രക്തസാക്ഷികളായ ധീര ദേശാഭിമാനികളായിരുന്നു...ഈ രണ്ടും സിനിമയും ചെയ്യുന്ന സംവിധായകരുടെ രാഷ്ട്രീയമാണ് നിങ്ങൾ വിലയിരുത്തുന്നതെങ്കിൽ നിങ്ങൾ കലയുടെ രാഷ്ട്രീയത്തെ അംഗീകരിക്കാത്തവരാണ്...സിനിമയെ കലകാരന്‍റെ ആവിഷ്ക്കാര സ്വതന്ത്ര്യമായി കാണാൻ പഠിക്കുക...," എന്നാണ് ഹരീഷ് പേരടി അഭിപ്രായപ്പെട്ടത്.