എറണാകുളം: കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് അഭിനേതാക്കളുടെ പ്രതിഫലം കുറക്കുന്ന കാര്യത്തില്‍ തീരുമാനം വൈകും. താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കൾ കഴിഞ്ഞ ദിവസം നൽകിയ കത്തിന് പിന്നാലെയാണ് താരസംഘടനയുടെ തീരുമാനം. ഇക്കാര്യത്തിൽ നിർമാതാക്കളുടെ സംഘടനയുടെ നിലപാടിനെതിരെയും അമ്മ അംഗങ്ങൾ പ്രതികരണം അറിയിച്ചു. നിർമാതാക്കളുടെ സംഘടന പരസ്യമായി ഇക്കാര്യം ആവശ്യപ്പെട്ടത് ശരിയായില്ലെന്നും ഇതു നേരിട്ട് കൂടിയാലോചന നടത്തി തീരുമാനിക്കേണ്ട വിഷയമായിരുന്നു എന്നും അമ്മ പറഞ്ഞു. പല അംഗങ്ങളും ഈ നിലപാട് തങ്ങളെ അറിയിച്ചെന്ന് അമ്മ നേതൃത്വം അറിയിച്ചു.
നിർമാതാക്കളുടെ കത്തിനെ തുടർന്നായിരുന്നു ഇന്ന് അനൗപചാരിക ചർച്ച നടത്തിയത്. അതേസമയം ഈ വിഷയത്തിലുള്ള താര സംഘടനയുടെ ഔദ്യോഗിക തീരുമാനം ഉടനെ യോഗം ഉണ്ടാകില്ല. ഭാരവാഹികളിൽ പലരും സംസ്ഥാനത്തിന് പുറത്താണ്. എല്ലാവരുമായി ചർച്ച നടത്തി അഭിപ്രായം കേൾക്കാതെ തീരുമാനം എടുക്കാനാവില്ലെന്നാണ് അമ്മ നേതൃത്വത്തിന്‍റെ നിലപാട്. കൊവിഡ് പശ്ചാത്തലത്തിൽ ഈ മാസം 28ന് നടക്കേണ്ട ജനറൽ ബോഡി യോഗവും കൊച്ചിയിലെ പുതിയ ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടനവും മാറ്റി വെച്ചതായി സംഘടന അംഗങ്ങളെ അറിയിച്ചിട്ടുണ്ട്.