പ്രേക്ഷകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ബിഗ് ബഡ്ജറ്റ് ചിത്രമാണ് മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം. മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍.. മലയാള സിനിമാ ലോകവും നാളേറെയായി മരക്കാര്‍ റിലീസിനെ ഉറ്റുനോക്കുകയാണ്.
മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളില്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ 2020 മാര്‍ച്ച് 26ന് റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ മരക്കാര്‍ റിലീസ് പലതവണ മാറ്റിവെക്കേണ്ടിവന്നിരുന്നു. ഈ സാഹചര്യത്തില്‍ ഒടിടി റിലീസിനെ കുറിച്ചും അണിയറപ്രവര്‍ത്തകര്‍ ആലോചിച്ചിരുന്നു.
മരക്കാര്‍ ഒടിടി റിലീസിന് പരിഗണിക്കുമെന്ന് കഴിഞ്ഞ ദിവസം ആന്‍റണി പെരുമ്പാവൂര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു. റിലീസുമായി ബന്ധപ്പെട്ട് ആമസോണ്‍ പ്രൈമുമായി ചര്‍ച്ച നടത്തിയെന്നും ഈ വര്‍ഷം തന്നെ റിലീസ് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. റിലീസിനായി അധികം കാത്തിരിക്കേണ്ടി വരില്ലെന്നും 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റി വെച്ച് റിലീസ് ചെയ്‌താല്‍ ലാഭകരമാകുമോ എന്നതില്‍ ആശങ്കയുണ്ടെന്നും ആന്‍റണി പെരുമ്പാവൂര്‍ അറിയിച്ചിരുന്നു.
അതേസമയം മരക്കാര്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് തിയേറ്റര്‍ ഉടമകളും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ മരക്കാര്‍ റിലീസ് വീണ്ടും ചര്‍ച്ചകളില്‍ ഇടംപിടിക്കുകയാണ്. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മരക്കാര്‍ ഒടിടി റിലീസായി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിക്കാനുള്ള ചര്‍ച്ചയിലായിരുന്നു അണിയറപ്രവര്‍ത്തകര്‍. എന്നാല്‍ ചിത്രത്തിന്‍റെ ഒടിടി റിലീസ് മാറ്റണമെന്ന ആവശ്യമുന്നയിച്ചിരിക്കുകയാണ് ഫിലിം ചേമ്പര്‍. തിയേറ്റര്‍ ഉടമകളുടെ ആവശ്യപ്രകാരമാണ് ഫിലിം ചേമ്പറിന്‍റെ ഇടപെടല്‍. ഇതിന്‍റെ ഭാഗമായി മോഹന്‍ലാല്‍, നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ എന്നിവരുമായി പ്രസിഡന്‍റ് ജി.സുരേഷ് കുമാര്‍ ചര്‍ച്ച നടത്തും.
മോഹന്‍ലാലിനെ കൂടാതെ മധു, നെടുമുടി വേണു, പ്രഭു, അര്‍ജുന്‍, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, സുഹാസിനി, സുനില്‍ ഷെട്ടി, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സിദ്ദിഖ്, ഫാസില്‍, ഇന്നസെന്‍റ് തുടങ്ങിയവരും മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥ. എസ്.തിരുനാവുക്കരസു ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. സാബു സിറില്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. അയ്യപ്പന്‍ നായര്‍ എം എസ് എഡിറ്റിംഗും, ത്യാഗരാജന്‍, കസു നെഡ എന്നിവര്‍ ചേര്‍ന്ന് സംഘട്ടനവും, പട്ടണം റഷീദ് ചമയവും നിര്‍വ്വഹിക്കുന്നു.
Read More: മലയാള ചിത്രങ്ങള്‍ വെള്ളിയാഴ്ചയും എത്തില്ലേ? പ്രതിസന്ധിക്ക് അയവില്ലാതെ സിനിമ ലോകം