സിനിമാ മേഖല നാർസിസ്റ്റുകൾക്ക് വേണ്ടിയുള്ളതല്ലെന്ന് തുറന്നടിച്ച് ഫിലിം ചേംബർ വൈസ് പ്രസിഡൻ്റ് അനിൽ തോമസ്. പുതിയ സിനിമകളുടെ ചിത്രീകരണം ഉടൻ ആരംഭിക്കരുതെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ തീരുമാനത്തിനെതിരെ ഒരു കൂട്ടം സംവിധായകർ രംഗത്തെത്തിയതിലാണ് ഫിലിം ചേംബർ ഭാരവാഹി പ്രതിഷേധം അറിയിച്ചത്. സിനിമയുടെ സ്രഷ്ടാവ് നിർമാതാവാണെന്നും അവർ മുടക്കുന്ന പണമാണ് സിനിമയുടെ അടിസ്ഥാനമെന്നും അനിൽ തോമസ് ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി.
- " class="align-text-top noRightClick twitterSection" data="">
താനൊരു സ്വതന്ത്ര സംവിധായകനാണെന്നും തന്‍റെ ചിത്രം എവിടെ പ്രദര്‍ശിപ്പിക്കണമെന്നുള്ളത് താന്‍ തീരുമാനിക്കുമെന്നും ലിജോ ജോസ് പെല്ലിശ്ശേരി അറിയിച്ചിരുന്നു. ഇതിനെതിരെയാണ് അനിൽ തോമസ് പ്രതികരിച്ചത്. "ഞങ്ങൾക്ക് സിനിമ പണമുണ്ടാക്കാനുള്ള ബിസിനസും കാഴ്‌ചപ്പാടുകൾ പ്രകടിപ്പിക്കാനുള്ള ഇടവുമാണ്. നമ്മൾ സ്വതന്ത്ര രാഷ്ട്രത്തിലാണ് ജീവിക്കുന്നത്. സിനിമയുടെ സൃഷ്ടാവ് നിർമാതാവാണ്. അയാളുടെ കഠിനാധ്വാനത്തിന്‍റെ ഫലമായുണ്ടായ പണമാണ് സിനിമയുടെ അടിസ്ഥാനം. സിനിമയുടെ പ്രാഥമിക വിജയം തിയേറ്ററിലാണ്, പ്രേക്ഷകർ ഇതാണ് കണക്കാക്കുന്നതും. നമ്മൾ ഒരു മഹാമാരിക്ക് നടുവിലാണ്. ഒരു യുദ്ധത്തിൽ. തൊഴില്‍ രഹിതരായി ലക്ഷക്കണക്കിന് ആളുകള്‍, ദാരിദ്ര്യം, മരണങ്ങൾ..എല്ലാ നിക്ഷേപകരും ജീവനക്കാരും ഇത് ബാധിച്ച്, അതിജീവനത്തിനായി പൊരുതുന്നു. ഒരു വ്യവസായം എന്ന നിലയിൽ മുന്നോട്ട് പോകാൻ വഴിയുണ്ട്. അത് ഒന്നിച്ചാവണം. ഇത് നാർസിസ്റ്റുകൾ വേണ്ടിയുള്ള ഇടമല്ല. അതുകൊണ്ട് കാത്തിരിക്കൂ...ഈ പരീക്ഷണ സമയത്ത് ജീവിക്കാൻ ശ്രമിക്കൂ...കല സൃഷ്ടിക്കുന്നതിനും ആളുകൾക്ക് വിനോദം നൽകുന്നതലും പ്രചോദിപ്പിക്കുന്നതിനും... ജോലി ചെയ്യുക എന്നത് മനുഷ്യന്‍റെ പ്രവൃത്തി. സൃഷ്ടിക്കുക എന്നത് ദൈവത്തിന്‍റെയും. ആത്മാർഥത ഒരാളുടെ വ്യക്തിത്വത്തിലാണ്. ബഹുമാനം കൊടുത്താലെ തിരിച്ചുകിട്ടൂ.
പരാജിതരുടെ ശക്തിയെ കുറച്ചുകാണരുത്. ജയവും പരാജയവും കണ്ണടയ്ക്കുന്ന ഒരു നിമിഷത്തിനുള്ളിലാണ് സംഭവിക്കുന്നത്. ഞങ്ങൾ ബിസിനസുകാരാണ്, ഞങ്ങളുടെ മുൻഗണനകളും എല്ലാത്തുനും ഉപരിയായിരിക്കും," കൊവിഡ് കാലത്ത് ഒത്തൊരുമയോടെ പ്രവർത്തിക്കാൻ അനിൽ തോമസ് നിർദേശിക്കുന്നു. ഒപ്പം "അന്യന്‍റെ വയറ്റിലെ അമേദ്യം കണ്ട് പന്നിയെ വളർത്തി ശീലിച്ചവന് പണം മുടക്കുന്നവന്‍റെ വിഷമം മനസിലാകില്ല, അല്ലേടാ !?" ലിജോ ജോസ് പെല്ലിശ്ശേരിയെ പരാമർശിച്ച് ഒരു അടികുറിപ്പോടെയാണ് ഫിലിം ചേംബർ പ്രതിനിധി പോസ്റ്റ് അവസാനിപ്പിച്ചത്. പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ്ങ് പ്രഖ്യാപിച്ചുകൊണ്ട് സംവിധായകൻ ആഷിക് അബു, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവർ രംഗത്തെത്തിയതോടെ ഇങ്ങനെ നിർമിക്കുന്ന ചിത്രങ്ങൾ തിയേറ്റർ റിലീസിന് പരിഗണിക്കില്ലെന്ന് കേരളം ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് നേരത്തെ പ്രസ്‌താവന ഇറക്കിയിരുന്നു.