എറണാകുളം: സിനിമ ഓപ്പറേറ്ററായും ഡിസ്ട്രിബ്യൂട്ടറായും നിർമാതാവായുമെല്ലാം 35 വര്‍ഷക്കാലമായി സിനിമാ മേഖലയില്‍ സജീവമാണ് ജാഫര്‍ കാഞ്ഞിരപ്പള്ളിയെന്ന പ്രിയപ്പെട്ടവരുടെ ജാഫര്‍ ഇക്ക. എന്നാല്‍ കൊറോണ വ്യാപിച്ചതോടെ സിനിമാ മേഖല നിശ്ചലമാവുകയും വരുമാനം കണ്ടെത്താന്‍ സാധിക്കാതെ വരികയും ചെയ്‌തു. പ്രതിസന്ധി രൂക്ഷമായപ്പോഴാണ് തനിക്കും മറ്റ് സഹപ്രവര്‍ത്തകര്‍ക്കും വരുമാനം കണ്ടെത്താനായി പാലാരിവട്ടം തമ്മനത്ത് സിനിമാ ബേക്കറി എന്ന സംരംഭത്തിന് ജാഫര്‍ തുടക്കം കുറിച്ചത്.
വരുമാനം എന്നതിലുപരി ലോക്ക് ഡൗണ്‍ സമയത്തെ സാധാരണക്കാരുടെ ഭക്ഷണ പ്രതിസന്ധി പരിഹരിക്കുകയായിരുന്നു ജാഫറിന്‍റെ സിനിമാ ബേക്കറി പ്രധാനമായും ലക്ഷ്യം വെച്ചത്. ന്യായവിലക്ക് ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണങ്ങള്‍ ജാഫര്‍ ഇക്കയുടെ സിനിമാ ബേക്കറിയില്‍ നിന്നും ലഭിക്കും. ബ്രെഡ്, ചപ്പാത്തി, പൊറോട്ട, മുട്ടകറി, ചില്ലി ചിക്കൻ, ചിക്കൻ കറി, കിഴങ്ങ് കറി തുടങ്ങിയവയെല്ലാം സിനിമാ ബേക്കറിയില്‍ ജനങ്ങള്‍ക്കായി എല്ലാ സമയത്തും തയ്യാറാണ്. ഇവയില്‍ പ്രധാന വിഭവം സിനിമാ ബിരിയാണിയാണ്. ആദ്യം 29 രൂപയ്ക്കാണ് ബിരിയാണി വില്‍പ്പന ആരംഭിച്ചത്. ആദ്യനാളുകളില്‍ തന്നെ ജനങ്ങളെ ഭക്ഷണത്തിന്‍റെ രുചിയും നിലവാരവും ബോധ്യപ്പെടുത്തി പ്രീതി സ്വന്തമാക്കി. കൊവിഡ് പ്രതിസന്ധിയില്‍ ചെറിയ മാറ്റങ്ങള്‍ വന്ന് തുടങ്ങിയപ്പോള്‍ 49 രൂപയ്‌ക്ക് ഉപഭോക്താക്കളുടെ സമ്മതത്തോടെ വിറ്റ് തുടങ്ങി.
ചെറുകിട കച്ചവടക്കാര്‍ക്കായി ബിരിയാണി ഓര്‍ഡറുകള്‍ സ്വീകരിച്ച് തയ്യാറാക്കി നല്‍കുന്നുമുണ്ട് ജാഫറിക്കയും കൂട്ടരും. പല സിനിമകളുടെയും സീരിയലുകളുടെയും ലോക്കേഷനിൽ ഭക്ഷണം എത്തിക്കുന്നതും ജാഫറിക്കയുടെ സിനിമാ ബേക്കറിയില്‍ നിന്നാണ്.