കൊല്ലം: നാടകം ജീവിതമാണെന്നും അതുകൊണ്ട് തന്നെ സിനിമ പോലെ അത്ര എളുപ്പമല്ല നാടക അഭിനയമെന്നും നടൻ ഇന്ദ്രൻസ്. ഗാന്ധി ഭവൻ കലാ സാംസ്കാരിക കേന്ദ്രവും സംസ്ഥാന സാംസ്കാരിക വകുപ്പും കൈകോർത്ത് കൊല്ലത്ത് നടത്തുന്ന സംസ്ഥാന നാടകോത്സവവും നാടക മത്സരവും ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് ലോകമാകെ ദുരിതം വിതച്ചപ്പോൾ കൂടുതൽ വേദനിച്ചത് കലാകാരന്മാരാണെന്നും ഉത്സവപറമ്പുകളിൽ അഭിനയത്തിന്‍റെ നല്ല മുഹൂർത്തങ്ങൾ കാഴ്ചവച്ച നാടക കലാകാരന്മാർ ഇന്ന് സങ്കട കണ്ണീരിലാണെന്നും ഇന്ദ്രന്‍സ് പറഞ്ഞു.
'സിനിമയെക്കാൾ അതികഠിനമാണ് നാടകാഭിനയം. എത്ര മികവുള്ള കലാകാരനും വേദിയിൽ പതറിയാൽ പേരുദോഷമുണ്ടാകും' ഇന്ദ്രൻസ് പറഞ്ഞു. ഗാന്ധിഭവൻ ജനറൽ സെക്രട്ടറി ഡോ. പുനലൂർ സോമരാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നടന്മാരായ പ്രേംകുമാർ, സച്ചിൻ ആനന്ദ്, നാടകകൃത്ത് ഹേമന്ദ് കുമാർ, പി.എസ് അമൽരാജ്, കെ.പി.എ.സി ലീലാകൃഷ്ണൻ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. തുടർന്ന് ആദ്യ നാടകമായി കൊല്ലം അനശ്വരയുടെ സുപ്രീംകോർട്ട് അരങ്ങേറി.