അമേരിക്കന്‍ വാർ ആക്‌ഷൻ ഡ്രാമ ചിത്രമായ മുലന്‍റെ തിയേറ്റര്‍ റിലീസ് നിര്‍മാതാക്കള്‍ ഉപേക്ഷിച്ചു. ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ. ഡിസ്നിയുടെ തന്നെ സ്ട്രീമിങ് സേവനമായ ഡിസ്‌നി പ്ലസിലൂടെയാവും ചിത്രം റിലീസ് ചെയ്യുക. എന്നാല്‍ ഡിസ്നി പ്ലസ് സബ്‌സ്ക്രൈബ് ചെയ്‌ത് ടിക്കറ്റ് കൂടി എടുത്താല്‍ മാത്രമേ മുലന്‍ കാണാന്‍ സാധിക്കുവെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. വന്‍ തുകയാണ് ടിക്കറ്റിന് ഈടാക്കുന്നത്. ഡിസ്നിയുടെ സബ്‌സ്‌ക്രിപ്ഷന്‍ തുകക്ക് പുറമെ ഏകദേശം 2000 രൂപ കൂടെ മുടക്കിയാല്‍ മാത്രമേ ഈ സിനിമ കാണാന്‍ സാധിക്കുകയുള്ളൂ. മുലന്‍റെ ബജറ്റ് വലുതായിതിനാലാണ് സ്ട്രീമിങ് നിരക്കായി ഇത്രയും വലിയ തുക ഈടാക്കുന്നത്. സെപ്റ്റംബര്‍ നാലിന് അമേരിക്കയില്‍ ഓണ്‍ലൈന്‍ റിലീസ് ചെയ്യുന്ന ചിത്രം കാനഡ, ഓസ്ട്രേലിയ, വെസ്റ്റേണ്‍ യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളിലും റിലീസ് ചെയ്യും.
ഏകദേശം 200 മില്യന്‍ ഡോളറാണ് ചിത്രത്തിന്‍റെ മുതല്‍മുടക്ക്. മുപ്പത് ഡോളര്‍ മുടക്കിയാല്‍ മാത്രമാണ് ചിത്രം ഡിസ്നി പ്ലസിലൂടെ കാണാന്‍ കഴിയുക. പുറമെ ഏകദേശം 2000 രൂപ കൂടെ മുടക്കി ടിക്കറ്റും ആസ്വാദകന്‍ എടുക്കണം. കൊവിഡ് മൂലം ഉണ്ടായ പ്രതിസന്ധി കാരണമാണ് ഇത്തരമൊരു രീതിയില്‍ റിലീസ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യം മാര്‍ച്ച് 27നാണ് മുലന്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത് ശേഷം ജൂലൈ അവസാനത്തിലേക്കും പിന്നീട് ഓഗസ്റ്റ് അവസാനത്തിലേക്കും പിന്നീട് സെപ്തംബറിലേക്കും നീണ്ടു. ചൈനീസ് പ്രേക്ഷകരെ കൂടി ലക്ഷ്യംവെച്ചാണ് സിനിമ നിര്‍മിച്ചതെങ്കിലും അവിടെ ചിത്രം വേണ്ടത്ര കലക്ഷന്‍ നേടാന്‍ സാധ്യതയില്ല. കാരണം ചൈനയില്‍ സിനിമാ വ്യവസായം ചെറിയ രീതിയില്‍ മാത്രമെ പുനരാരംഭിച്ചിട്ടുള്ളൂ.
അമേരിക്കന്‍ വാര്‍ ആക്‌ഷന്‍ ഡ്രാമ ചിത്രമാണ് മുലന്‍. വാള്‍ട് ഡിസ്നി പിക്ചേഴ്‌സ് നിര്‍മിച്ച ചിത്രം 1998ല്‍ ഇതേപേരില്‍ റിലീസ് ചെയ്‌ത അനിമേഷന്‍ ചിത്രത്തിന്‍റെ ലൈവ് ആക്‌ഷന്‍ പതിപ്പാണ്. യീ ഫൈ ലിയുവാണ് ടൈറ്റില്‍ റോളില്‍ എത്തുന്നത്. ചൈനയിലെ ഇതിഹാസം ഹുവാ മുലന്‍റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ ജെറ്റ്‌ലി അതിഥിവേഷത്തില്‍ എത്തും.