ദേശീയ ചലച്ചിത്ര അവാർഡിലും സംസ്ഥാന പുരസ്കാരത്തിലും തിളങ്ങിയ സജിൻ ബാബുവിന്‍റെ ബിരിയാണി കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയിരുന്നു. എന്നാൽ, ചിത്രം പ്രദർശപ്പിക്കാൻ നിശ്ചയിച്ചിട്ടുള്ള തിയേറ്ററുകൾ പോലും ബിരിയാണിയെ തഴയുകയാണെന്ന് സംവിധായകൻ സജിൻ ബാബു.
ചിത്രത്തിന്‍റെ ബുക്കിങ് തടസ്സപ്പെടുത്തുന്നുവെന്നും പോസ്റ്റർ ഒട്ടിക്കുകയും കാശ് അടക്കുകയും ചെയ്തതിന് ശേഷമാണ് സിനിമ പ്രദർശിപ്പിക്കില്ലെന്ന് തിയറ്റർ മാനേജർമാർ പറയുന്നതെന്നും സജിൻ ബാബു കഴിഞ്ഞ ദിവസം തന്നെ ഫേസ്‌ബുക്കിലൂടെ അറിയിച്ചിരുന്നു. സിനിമയിൽ സെക്സ് സീനുകൾ കൂടുതൽ ആണെന്നും സദാചാര പ്രശ്നം ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണിത്. തിയേറ്ററുകൾ 'എ' സർട്ടിഫിക്കറ്റ് കിട്ടിയ പടങ്ങൾ പ്രദർശിപ്പിക്കില്ലെങ്കിൽ അത് ആദ്യമേ വ്യക്തമാക്കേണ്ടതാണെന്നും സജിൻ ബാബു പറഞ്ഞു.
സജിൻ ബാബുവിനെ പിന്തുണച്ച് സംവിധായകൻ ജിയോ ബേബി, ജയൻ കെ. ചെറിയാൻ എന്നിവരുൾപ്പെടെ രംഗത്തെത്തി. കേരളത്തിൽ സ്വതന്ത്രസിനിമകളോടുള്ള ശത്രുതയെ കുറിച്ച് പരാമർശിച്ചാണ് ജയൻ കെ. ചെറിയാൻ പ്രതികരിച്ചത്. "ബിരിയാണിക്ക് ടിക്കറ്റെടുക്കാൻ കൗണ്ടറിൽ ചെല്ലുമ്പോൾ മറ്റ് സിനിമകൾ കാണാൻ കാണികളോട് ശിപാർശ ചെയ്യുകയോ അല്ലെങ്കിൽ പതിനഞ്ച് കാണികളുമായി വരു എന്നോ പറയുന്ന കൗണ്ടർ ക്ലർക്കുകളുള്ള ലോകത്തിലെ ഏക സ്ഥലം കേരളമാണെന്ന് തോന്നുന്നു" എന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ പറഞ്ഞു.
ബിരിയാണി കാണാൻ വരുന്ന പ്രേക്ഷകർക്ക് മറ്റ് സിനിമകൾ നിർദേശിക്കുന്നതും തിയേറ്ററുകൾ മനഃപൂർവം പോസ്റ്ററുകൾ നീക്കം ചെയ്ത് പ്രദർശനം നിർത്തി എന്ന പ്രതീതി സൃഷ്ടിക്കുന്നതും ബുക്കിങ് തടസപ്പെടുത്തുന്നതും ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ലെന്നും ഇതിൽ ആരൊക്കെയോ സംഘടിതമായ ഗൂഡാലോചന നടത്തുന്നതായും ബിരിയാണിയുടെ സംവിധായകൻ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. കേരളത്തിലെ തിയറ്ററുകൾ കപട സദാചാരത്തിന്‍റെയും നിയമവിരുദ്ധമായ സെൻസർഷിപ്പിന്‍റെയും സാംസ്കാരിക ഫാഷിസത്തിന്‍റെയും കേന്ദ്രങ്ങളാക്കാൻ ശ്രമിക്കുന്ന പ്രവണത ചെറുക്കപ്പെടേണ്ടതാണ്. ബിരിയാണി കാണാൻ തിയറ്ററിൽ പോകുമ്പോൾ ഇത്തരം ശ്രമങ്ങൾ കണ്ടാൽ അതിനെ എതിർക്കണമെന്നും സജിൻ ബാബു ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.