തിരുവനന്തപുരം : 26ാമത് അന്താരാഷ്‌ട്ര ചലച്ചിത്ര മേള മാര്‍ച്ച് 18 മുതല്‍ തലസ്ഥാന നഗരിയില്‍. മേളയ്ക്കായി 100 ശതമാനം സീറ്റുകളുമായി തിയേറ്ററുകള്‍ സജ്ജമായിക്കഴിഞ്ഞു. മാര്‍ച്ച് 18 മുതല്‍ 25 വരെയാണ് ചലച്ചിത്രോത്സവം. 18ന് വൈകിട്ട് ആറ് മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
Director Ranjith about 26th IFFK : ഓൺലൈനിലൂടെ ജൂറി ഇക്കുറി ചിത്രങ്ങൾ വിലയിരുത്തുമെന്നതാണ് മേളയുടെ ഇത്തവണത്തെ പ്രധാന മാറ്റമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത് പറഞ്ഞു. മേളയില്‍ അർഹതപ്പെട്ടവർക്ക് അംഗീകാരം ലഭിക്കുമെന്നും ബാഹ്യമായ ഇടപെടൽ ഒരുതരത്തിലും ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തുമെന്നും രഞ്ജിത് വ്യക്തമാക്കി.
Also Read: 'പത്താനി'ലെ പുതിയ ലുക്കിൽ കിങ് ഖാൻ ; വൈറൽ ചിത്രങ്ങൾ കാണാം
ഗിരീഷ് കാസറവള്ളി ആണ് ജൂറിയിലെ ഇന്ത്യൻ പ്രതിനിധി. ചലച്ചിത്ര മേളയിൽ അദ്ദേഹം നേരിട്ട് പങ്കെടുക്കും. ജൂറിയുടെ പൊതു അഭിപ്രായങ്ങൾ മേളയെ അറിയിക്കുന്നതും ഗിരീഷ് കാസറവള്ളി ആയിരിക്കും. ഐഎസ് നടത്തിയ ബോംബാക്രമണത്തില്‍ പരിക്കേറ്റ് രണ്ട് കാലുകളും മുറിച്ചുമാറ്റേണ്ടിവന്ന കുർദിഷ് സംവിധായിക ലിസ കലാൻ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.
26th IFFK: ഡിസംബറിൽ നടക്കേണ്ട മേളയാണ് കൊവിഡ് പശ്ചാത്തലത്തിൽ മാർച്ചിലേക്ക് നീണ്ടത്. ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ് നേരത്തേതന്നെ പൂര്‍ത്തിയായിരുന്നു. എങ്കിലും യുദ്ധം വിഷയമായി വരുന്ന ചിത്രങ്ങളും ഇക്കുറി ഉണ്ടാവും.
ചലച്ചിത്ര അക്കാദമിക്ക് ചെയർമാൻ അടക്കം പുതിയ നേതൃത്വം ഉണ്ടായ ശേഷമുള്ള ആദ്യ മേളയാണിത്. ഇത്തവണയും എഡിറ്റർ ബീന പോൾ മേളയുടെ ആർട്ടിസ്‌റ്റിക് ഡയറക്‌ടറായി ഉണ്ടാവും. ഏപ്രിൽ 1 മുതൽ 5 വരെ എറണാകുളത്ത് പ്രാദേശിക ചലച്ചിത്രമേളയും സംഘടിപ്പിക്കുന്നുണ്ട്.