ഞാന്‍ ഗന്ധര്‍വ്വന്‍... ചിത്രശലഭമാകാനും, മേഘമാലകളാകാനും, പാവയാകാനും, പറവയാകാനും, മാനാവാനും മനുഷ്യനാവാനും നിന്‍റെ ചുണ്ടിന്‍റെ മുത്തമാവാനും നിമിഷാര്‍ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി... ഞാന്‍ ഗന്ധര്‍വ്വന്‍...
മനുഷ്യന്‍റെ എല്ലാ വികാരങ്ങളും എഴുത്തില്‍ പകര്‍ത്തിയ...കാമ്പുളള കഥകൾ കൊണ്ട് അഭ്രപാളിയിൽ കാവ്യം തീർത്ത കലാകാരൻ. ലോ ബജറ്റ് ചിത്രങ്ങൾ കൊണ്ട് സൂപ്പർ ഹിറ്റുകളും, സൂപ്പർ താരങ്ങളെയും വാര്‍ത്തെടുത്ത സംവിധായകൻ... മലയാള സിനിമയുടെ ഇന്നലെകളിലെ പകരംവെക്കാനില്ലാത്ത ഗന്ധര്‍വ്വ സാന്നിധ്യം. അതായിരുന്നു പി.പത്മരാജനെന്ന അടുപ്പമുള്ളവരുടെ പപ്പേട്ടന്‍. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 29 വർഷങ്ങൾ പിന്നിടുന്നു.
ഹരിപ്പാടിനടുത്ത് മുതുകുളം എന്ന സ്ഥലത്ത് തുണ്ടത്തിൽ അനന്തപത്മനാഭപിളളയുടെയും, ഞവരക്കൽ ദേവകിയമ്മയുടെയും ആറാമത്തെ മകനായി 1945 മെയ് 23നാണ് പത്മരാജൻ ജനിക്കുന്നത്. മുതുകുളം സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിൽ പ്രീ യൂണിവേഴ്‌സിറ്റി പഠനം. ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും ബിരുദം. തുടര്‍ന്ന് ചേപ്പാട് അച്യുതവാര്യരുടെ ശിക്ഷണത്തിൽ സംസ്കൃത പഠനം.
1965ല്‍ തൃശൂര്‍ ആകാശവാണിയില്‍ പ്രോഗ്രാം അനൗണ്‍സറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. സഹപ്രവര്‍ത്തകയായ രാധാലക്ഷ്മിയെ ജീവിത സഖിയാക്കി. പിന്നീടാണ് സിനിമയുടെ ലോകത്തേക്ക് വരുന്നത്. പെരുവഴിയമ്പലം, ഒരിടത്തൊരു ഫയല്‍വാന്‍, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, തൂവാനത്തുമ്പികള്‍, മൂന്നാം പക്കം, ഞാന്‍ ഗന്ധര്‍വ്വന്‍, എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തിന്‍റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകള്‍. സ്‌കൂള്‍, കോളേജ് കാലഘട്ടത്തില്‍ തന്നെ പത്മരാജന്‍റെ ഉള്ളിലെ കഥാകാരന്‍ പിറവിയെടുത്തിരുന്നു. മലയാള സാഹിത്യത്തില്‍ വലിയ സംഭാവനകള്‍ അദ്ദേഹം നല്‍കി. ഭരതന്‍റെയും കെ.ജി.ജോർജിന്‍റെയും കൂടെ മലയാളസിനിമയുടെ വളർച്ചക്കായി ഒരു സിനിമാ വിദ്യാലയം പത്മരാജൻ തുടങ്ങി. ഇത് കലാ സിനിമയേയും, വാണിജ്യ സിനിമയേയും ഒരു പോലെ പ്രോത്സാഹിപ്പിക്കാനുള്ളതായിരുന്നു.
പത്മരാജന്‍റെ പ്രസിദ്ധീകരിച്ച ആദ്യ കഥ ലോലയാണ്. അപരൻ, പ്രഹേളിക, പുകക്കണ്ണട തുടങ്ങിയ കഥാസമാഹാരങ്ങൾ ആകാശവാണിയിൽ ഉദ്യോഗത്തിലിരുന്ന കാലത്തുതന്നെ പ്രസിദ്ധീകരിച്ചിരുന്നു. കഥയിൽ മാത്രമല്ല, നോവലുകളിലും ശ്രദ്ധപതിപ്പിച്ച പത്മരാജന്‍റെ നക്ഷത്രങ്ങളേ കാവൽ എന്ന നോവൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. 1971 തന്‍റെ 26 ആം വയസില്‍ കേരള സാഹിത്യ അക്കാദമി അവാർഡ്, കുങ്കുമം അവാർഡ് എന്നിവ അദ്ദേഹം കരസ്ഥമാക്കുകയും ചെയ്തു. വാടകക്കൊരു ഹൃദയം, ശവവാഹനങ്ങളും തേടി, ഇതാ ഇവിടെ വരെ, മഞ്ഞു കാലം നോറ്റ കുതിര, ഉദകപ്പോള, പ്രതിമയും രാജകുമാരിയും, പെരുവഴിയമ്പലം, രതിനിർവ്വേദം തുടങ്ങി നിരവധി കഥകളും നോവലുകളും പത്മരാജന്‍റേതായി വായനക്കാരെ തേടിയെത്തി.
36 ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ പത്മരാജൻ 18 ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു. 1975ൽ എഴുതിയ പ്രയാണമാണ് പത്മരാജന്‍റെ ആദ്യ തിരക്കഥ. ഭരതന്‍റെ സംവിധാനത്തിൽ ആ വർഷം തന്നെ പുറത്തിറങ്ങിയ ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭരതൻ-പത്മരാജൻ കൂട്ടുകെട്ടിനും ഈ ചിത്രത്തിലൂടെ തുടക്കമായി. ദേശീയവും അന്തർദേശീയവുമായ നിരവധി ബഹുമതികളും പത്മരാജനെന്ന മഹാപ്രതിഭക്ക് ലഭിച്ചിട്ടുണ്ട്.1991 ജനുവരി 24ന് ഞാൻ ഗന്ധർവ്വന്‍റെ പ്രിവ്യൂ കാണാനായി കോഴിക്കോട്ടെത്തിയ മലയാളചലച്ചിത്രത്തിന്‍റെ ഗന്ധർവ്വൻ തന്‍റെ നാൽപ്പത്തിയാറാമത്തെ വയസിൽ അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങി. ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു അദ്ദേഹത്തെ.
ഞാൻ ഗന്ധർവ്വൻ എന്ന അദ്ദേഹത്തിന്‍റെ ക്ലാസിക് ഹിറ്റ് ഒരു ദുശ്ശകുനമായിരുന്നുവെന്ന് സിനിമാലോകം ഇന്നും വിശ്വസിക്കുന്നു. ആ ചിത്രത്തിന്‍റെ കഥ ഉരുത്തിരിയുന്ന നിമിഷം മുതൽ നിരവധി ദുർനിമിത്തങ്ങളും അപകടങ്ങളും ഈ ചിത്രവുമായി ബന്ധപ്പെട്ട പലർക്കും നേരിട്ടതായി പത്മരാജന്‍റെ ഭാര്യ രാധാ ലക്ഷ്മി അദ്ദേഹത്തെ കുറിച്ച് എഴുതിയ പുസ്തകത്തിൽ അനുസ്മരിക്കുന്നു. ഈ ചിത്രം ഉപേക്ഷിക്കാൻ പലരും നിർബന്ധിച്ചിട്ടും അദ്ദേഹം ആ പ്രോജക്‌ടുമായി മുന്നോട്ട് പോവുകയായിരുന്നുവെന്നും രാധാലക്ഷ്മി പറഞ്ഞിട്ടുണ്ട്.
ഓഷോയുടെ ശവകുടീരത്തിൽ എഴുതിവച്ച ഒരു വാക്യം ഇങ്ങനെയാണ്. ‘ഒരിക്കലും ജനിച്ചിട്ടില്ല, മരിച്ചിട്ടുമില്ല... 1931 ഡിസംബർ 17നും 1990 ജൂൺ 10നും ഇടയിൽ ഭൂമിയെന്ന ഗ്രഹം സന്ദർശിക്കുക മാത്രം ചെയ്തു’ തീയതികൾ മാറ്റിയാൽ ഈ വാക്യം പത്മരാജന്‍റെ ജീവിതത്തിനും ഇണങ്ങും.... സിനിമ ലോകത്ത് പകരക്കാരനില്ലാതെ അദ്ദേഹത്തിന്‍റെ സ്ഥാനം ഇന്നും ഒഴിഞ്ഞ് കിടക്കുമ്പോഴും പത്മരാജൻ കഥാപാത്രങ്ങൾ മലയാളികൾക്കിടയിൽ ജീവിക്കുന്നു. എല്ലാ കഥകളും നീണ്ടുപോകുമ്പോൾ മരണത്തിലവസാനിക്കുന്നു. അത് മാറ്റിനിർത്തി കഥ പറയുന്ന ആളാകട്ടെ നല്ല കാഥികനുമല്ല...