തെന്നിന്ത്യയൊട്ടാകെ വിജയം നേടിയ സിനിമയായിരുന്നു വിജയ് ദേവര കൊണ്ട നായകനായ ചെയ്‌ത അര്‍ജുന്‍ റെഡ്ഡി. ചിത്രത്തിന് ഹിന്ദിയിലും തമിഴിലും റീമേക്ക് എത്തിയിരുന്നു. ഹിന്ദിയില്‍ ഷാഹിദ് കപൂറിനെ നായകനാക്കി കബീര്‍ സിംഗ് എന്ന പേരിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. തമിഴില്‍ ധ്രുവ് വിക്രമിനെ നായകനാക്കി ആദിത്യ വര്‍മ എന്ന പേരിലും ചിത്രം പ്രദര്‍ശനത്തിനെത്തി.
ഇപ്പോള്‍ തമിഴില്‍ വീണ്ടും അര്‍ജുന്‍ റെഡ്ഡിയുടെ ഒരു റീമേക്ക് കൂടി റിലീസിനൊരുങ്ങുകയാണ്. കാരണം... വിക്രത്തിന്‍റെ മകന്‍ ധ്രുവ് വിക്രമിന്‍റെ അരങ്ങേറ്റ ചിത്രമായി പ്രഖ്യാപിക്കപ്പെട്ട ചിത്രമായിരുന്നു അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കായ വര്‍മ എന്ന ചിത്രം. ബാലയായിരുന്നു ചിത്രത്തിന്‍റെ സംവിധായകന്‍. സിനിമ ഒരു വര്‍ഷത്തോളമെടുത്ത് പൂര്‍ത്തിയാക്കുകയും ചെയ്‌തു. ഇഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റും ബാലയും ചേര്‍ന്നായിരുന്നു നിര്‍മാണം. എന്നാല്‍ ബാല ചെയ്‌ത വര്‍മ ഇഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റിന് തൃപ്തിയാകാതെ വരികയും അവര്‍ മറ്റൊരു സംവിധായകനൊപ്പം ചിത്രം റീഷൂട്ട് ചെയ്യുകയും ചെയ്‌തു. അര്‍ജ്ജുന്‍ റെഡ്ഡിയുടെ കോ ഡയറക്ടറായ ഗിരിസായ ആണ് ആദിത്യ വര്‍മയെന്ന പേരില്‍ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്‌തത്. 2019 നവംബര്‍ 22ന് ചിത്രം റിലീസ് ചെയ്യുകയും ചെയ്‌തു.
പെട്ടിക്കുള്ളില്‍ അടച്ചുവെച്ചിരിക്കുകയായിരുന്ന ബാല സംവിധാനം ചെയ്‌ത വര്‍മയാണ് ഇപ്പോള്‍ റിലീസിന് ഒരുങ്ങുന്നത്. ചിത്രം ഒടിടി റിലീസായിട്ടാണ് പ്രേക്ഷകരിലെത്തുന്നത്. സിംപ്ലി സൗത്ത് വഴി ഒക്ടോബര്‍ ആറിന് ചിത്രം പ്രീമിയര്‍ ചെയ്യും. ഒരേ നായകനെ വെച്ച് രണ്ട് സംവിധായകര്‍ ഒരേ സിനിമ ചെയ്‌തുവെന്ന അപൂര്‍വത കൂടിയാണ് സംഭവിച്ചിരിക്കുന്നത്. ഇപ്പോള്‍ ബാല സംവിധാനം ചെയ്‌ത ചിത്രം വര്‍മയെ കാണാന്‍ ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ശ്രിയാ ശര്‍മയാണ് ബാലയുടെ വര്‍മയില്‍ നായിക. ആദിത്യ വര്‍മയിലെ നായിക ബനിത സന്ധുവായിരുന്നു.