ഫഹദ് ഫാസിലിന്‍റെതായി ഫെബ്രുവരിയില്‍ പുറത്തെത്തിയ ചിത്രമാണ് ട്രാന്‍സ്. നസ്രിയ നായിക കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു. ജോഷ്വാ കാള്‍ട്ടന്‍ എന്ന പാസ്റ്ററെ ചുറ്റിപ്പറ്റി സഞ്ചരിക്കുന്ന സിനിമ സാമകാലിക വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. 2012ല്‍ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ട്രാന്‍സ്. ജോഷ്വാ കാള്‍ട്ടനായുള്ള ഫഹദിന്‍റെ പ്രകടനത്തിനെയാണ് സിനിമ കണ്ടവര്‍ പുകഴ്ത്തിയത്.
എന്നാല്‍ ട്രാന്‍സില്‍ അഭിനയിക്കുന്നതിന് ഫഹദ് പ്രതിഫലം വാങ്ങിയില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ അന്‍വര്‍ റഷീദ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അന്‍വര്‍ റഷീദ് ഇക്കാര്യ വെളിപ്പെടുത്തിയത്. ഫഹദിന് പുറമെ ചിത്രത്തിന്‍റെ ഛായാഗ്രഹകനായ അമല്‍ നീരദും പ്രതിഫലം വാങ്ങിയിട്ടില്ലെന്നും അന്‍വര്‍ റഷീദ് പറഞ്ഞു. ഇതിന് മുമ്പ് അഞ്ചുസുന്ദരികള്‍ എന്ന ആന്തോളജിയിലെ ആമിയിലാണ് മൂവരും ഒരുമിച്ച് ജോലി ചെയ്തത്. 'ഫഹദും അമലും ഒരു രൂപ പോലും ട്രാന്‍സിന് പ്രതിഫലമായി ഈടാക്കിയിട്ടില്ല. അവര്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനും സൗഹൃദത്തിനും ആത്മവിശ്വാസത്തിനും എപ്പോഴും ഞാന്‍ അവരോട് കടപ്പെട്ടിരിക്കുന്നു. മറ്റെല്ലാം നിസാരമായിരുന്നു. അതായിരുന്നു ഞങ്ങള്‍ക്ക് ട്രാന്‍സ്' അന്‍വര്‍ റഷീദ് കൂട്ടിച്ചേര്‍ത്തു.
ഫഹദിനും നസ്രിയക്കും പുറമെ ദിലീഷ് പോത്തന്‍, ഗൗതം വാസുദേവ് മേനോന്‍, വിനായകന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിജു പ്രസാദ്, പാസ്റ്റര്‍ ജോഷ്വ കാള്‍ട്ടന്‍ എന്നിങ്ങനെ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ ഫഹദ് എത്തിയത്. ഇത് ഫഹദിന്റെ കരിയര്‍ ബെസ്റ്റ് കഥാപാത്രങ്ങളായിരുന്നു.