ലോസ് ഏഞ്ചൽസ്: ജെയിംസ് ബോണ്ട് ചിത്രം 'നോ ടൈം ടു ഡൈ 007' ചിത്രീകരണത്തിൽ ആസ്റ്റൺ മാർട്ടിൻ ഡിബി 5 കാർ ഉപയോഗിക്കാൻ തന്നെ അനുവദിച്ചിരുന്നില്ലെന്ന് ചിത്രത്തിലെ നായകൻ ഡാനിയൽ ക്രെയ്‌ഗ്. നടൻ ഡാനിയല്‍ ക്രെയ്‌ഗ് അവസാനമായി ജെയിംസ് ബോണ്ടായെത്തുന്ന ചിത്രത്തിന്‍റെ ചേസിങ്ങ് സീനിൽ താരത്തിന്‍റെ സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് കാർ ഓടിക്കാൻ അനുവദിക്കാതിരുന്നത്. ക്രെയ്‌ഗ് ടോപ് ഗിയർ മാഗസീന് നൽകിയ അഭിമുഖത്തിലാണ് അപകടകരമായ ഡ്രൈവിങ്ങിൽ നിന്നും തന്നെ ഒഴിവാക്കുകയായിരുന്നു എന്ന് വ്യക്തമാക്കിയത്. മാർക്ക് ഹിഗിൻസായിരുന്നു അതിവേഗത്തിലുള്ള കാർ റേസിങ്ങ് സീൻ ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഡ്രൈവിങ്ങിൽ അതിയായി താൽപര്യമുള്ള ക്രെയ്‌ഗ് പ്രൊഫഷണൽസിനായി ഇത്തരം അവസരങ്ങൾ നൽകുന്നതിന് മടിക്കാറില്ലെന്ന് മാർക്ക് ഹിഗിൻസ് വിശദീകരിച്ചു. "അദ്ദേഹമൊരു മികച്ച നടനാണ്. അതിനാൽ എന്നെ അദ്ദേഹം ഡ്രൈവ് ചെയ്യാൻ അനുവദിക്കും. ഞാൻ അദ്ദേഹത്തെ അഭിനയിക്കാനും! അതാണ് നമ്മൾ തമ്മിലുള്ള ഡീൽ," ഹിഗിൻസ് പറഞ്ഞു.