മുംബൈ: അടുത്ത മാസം ഇന്ത്യയിൽ നടത്താനിരുന്ന പ്രശസ്‌ത പോപ് ഗായകന്‍ ഖാലിദിന്‍റെ പരിപാടി മാറ്റിവച്ചു. കൊവിഡ്- 19ന്‍റെ സാഹചര്യത്തിലാണ് പോപ് താരത്തിന്‍റെ ഇന്ത്യയുൾപ്പടെയുള്ള ഏഷ്യൻ രാജ്യങ്ങളിലെ പര്യടനം നീട്ടിവച്ചത്. 'ഖാലിദ് ഫ്രീ സ്പിരിറ്റ് വേൾഡ് ടൂർ' എന്ന പേരിൽ ഏഷ്യയിൽ നടക്കാനിരുന്ന ഒമ്പത് ഷോകളുടെ ഇന്ത്യയിലെ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത് ബുക്ക് മൈ ഷോ, എഇജി പ്രസന്‍റ്‌സ് എന്നിവരാണ്. അടുത്ത മാസം 12ന് മുംബൈയിലും 14ന് ബംഗളൂരുവിലും ആയി നടത്താനിരുന്ന പരിപാടി ഖാലിദിന്‍റെ ഇന്ത്യയിലെ ആദ്യ ഷോ കൂടിയാണ്.
"പല ഏഷ്യൻ രാജ്യങ്ങളിലും പുറപ്പെടുവിച്ച നിർദേശങ്ങളും യാത്രാ നിയന്ത്രണങ്ങളും കണക്കിലെടുത്ത് ഖാലിദിന്‍റെ ഏഷ്യൻ ടൂർ മാറ്റിവക്കുകയാണ്. ഖാലിദിന്‍റെ ആരാധകരുടെയും അദ്ദേഹത്തിന്‍റെ ടീമിന്‍റെയും എല്ലാവരുടെയും സുരക്ഷക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നത്." എന്നാൽ, നീട്ടി വച്ച പരിപാടിക്ക് വേണ്ടി ആത്മാർഥമായി പ്രവർത്തിക്കുമെന്നും ഖാലിദിന്‍റെ ഔദ്യോകിക വെബ്സൈറ്റിൽ പറയുന്നു.
ഇന്ത്യയിൽ ബുക്ക് മൈഷോയിലൂടെ ടിക്കറ്റ് എടുത്തവർക്ക് നീട്ടി വച്ച തിയതിയിലെ പരിപാടിയിൽ പങ്കുചേരാമെന്നും പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ടിക്കറ്റിന്‍റെ പണം മുഴുവൻ തിരിച്ചു നൽകുമെന്നും അറിയിച്ചിട്ടുണ്ട്. ഇന്ത്യക്ക് പുറമെ ബാങ്കോക്ക്, സിംഗപ്പൂർ, ജക്കാർത്ത, മനില, ക്വാലാലംപൂർ, ടോക്കിയോ, സിയോൾ എന്നിവിടങ്ങളിലാണ് ഖാലിദിന്‍റെ പര്യടനം നടത്താൻ തീരുമാനിച്ചിരുന്നത്.