കാല, കബാലി, മദ്രാസ് എന്നീ ചിത്രങ്ങളുടെ സംവിധായകനായും പരിയേറും പെരുമാളിന്‍റെ നിർമ്മാതാവായും തമിഴകത്തിന് പുറത്തും ശ്രദ്ധേയനായ പാ രഞ്‍ജിത്തിന്‍റെ പുതിയ ചിത്രമാണ് സർപട്ട പരമ്പരൈ. വടക്കന്‍ ചെന്നൈയില്‍ നടന്ന ചില സംഭവങ്ങളെ ആസ്‍പദമാക്കി തയ്യാറാക്കുന്ന തമിഴ് ചിത്രത്തിൽ ആര്യയാണ് മുഖ്യകഥാപാത്രമാകുന്നത്. സർപട്ടയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയുള്ള വീഡിയോ പാ രഞ്ജിത്ത് പുറത്തുവിട്ടു.
എഴുപതുകളിലോ എൺപതുകളിലോ നടക്കുന്ന കഥയാണെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്ററും കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോയും. കഥാപാത്രങ്ങളും അവരുടെ പ്രവൃത്തികളുടെ പശ്ചാത്തലവും സിനിമക്കായുള്ള തയ്യാറെടുപ്പുമാണ് വീഡിയോയിലുള്ളത്.
കബില എന്ന ബോക്സറായാണ് ചിത്രത്തിൽ ആര്യയെത്തുന്നത്. പശുപതി, ജോൺ കൊക്കെൻ, സന്തോഷ് പ്രദീപ്, ജോൺ വിജയ് എന്നിവരാണ് സർപട്ടയിലെ പ്രധാന അഭിനേതാക്കൾ. മുരളി ജെ. ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ സെൽവ ആർ.കെയാണ്. സന്തോഷ് നാരായണനാണ് സംഗീത സംവിധായകൻ. 'സർപട്ട പരമ്പരൈ'യുടെ റിലീസ് വൈകാതെയുണ്ടാകും.