എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ പ്രമുഖ താരങ്ങളെ ഇന്ന് വിസ്തരിക്കും. മഞ്ജുവാര്യർ,സിദ്ദീഖ്, ബിന്ദു പണിക്കർ എന്നിവരെയാണ് കൊച്ചിയിലെ പ്രത്യേക കോടതി വിസ്തരിക്കുക. പ്രോസിക്യൂഷൻ നൽകിയ സാക്ഷി പട്ടികയിൽ ഉൾപ്പെടുന്നവരാണ് ഈ സിനിമാ താരങ്ങൾ. അടച്ചിട്ട കോടതി മുറിയിൽ രഹസ്യമായാണ് സാക്ഷി വിസ്താരം. ജനുവരി മുപ്പതിന് ആരംഭിച്ച വിചാരണ നടപടികളുടെ ഭാഗമായി ആക്രമണത്തിനിരയായ നടിയുൾപ്പടെ സിനിമാ രംഗത്തുള്ള നിരവധി പേരെ ഇതിനകം വിചാരണ കോടതി വിസ്തരിച്ചിട്ടുണ്ട്. കേസിന് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നതായി പരസ്യമായ നിലപാട് സ്വീകരിച്ച വ്യക്തികൂടിയാണ് നടി മഞ്ജു വാര്യർ. അതുകൊണ്ട് തന്നെ മഞ്ജുവിന്‍റെ മൊഴിയെ അന്വേഷണ സംഘം ഏറെ നിർണായകമായാണ് കാണുന്നത്. നടിയെ ആക്രമിച്ചതിനെതിരെ കൊച്ചിയിൽ താരസംഘടന മുമ്പ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് പ്രസംഗത്തിനിടെ സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് മഞ്ജു വാര്യർ പറഞ്ഞത് . ഇത് കേസ് അന്വേഷണത്തിൽ ഏറെ നിർണായകമാകുകയും ചെയ്തു.
ആക്രമണത്തിനിരയായ നടിയും ദിലീപും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ഇടപെട്ട താരങ്ങളാണ് ഇന്ന് വിസ്തരിക്കുന്ന സിദ്ദീഖ്, ബിന്ദു പണിക്കർ എന്നിവർ. ഈ കേസുമായി ബന്ധപ്പെട്ട് തുടക്കം മുതൽ ദിലീപിന് അനുകൂലമായ നിലപാടാണ് അമ്മ ഭാരവാഹിയായ സിദ്ദീഖ് സ്വീകരിച്ചത്. നാളെ കുഞ്ചാക്കോബോബൻ, ഗീതു മോഹൻദാസ്, സംയുക്ത വർമ തുടങ്ങിയ താരങ്ങളെയും വിസ്തരിക്കും. ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ അഭിഭാഷകർക്ക് സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാനും കഴിയും.
തുടർന്നുള്ള ദിവസങ്ങളിൽ സംവിധായകൻ ശ്രീകുമാർ മേനോൻ, ഗായിക റിമി ടോമി എന്നിവരെയും വിസ്തരിക്കും. ഏപ്രിൽ ഏഴിന് പൂർത്തിയാകുന്ന രീതിയിലാണ് ഒന്നാം ഘട്ട സാക്ഷിവിസ്താരം നടത്തുക. 45 ദിവസം കൊണ്ട് 116 സാക്ഷികളെയാണ് ഒന്നാം ഘട്ടത്തിൽ വിസ്തരിക്കുക. ആവശ്യമെങ്കിൽ രണ്ടാം ഘട്ടത്തിൽ വിസ്തരിക്കേണ്ട സാക്ഷികളുടെ പട്ടികയും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിക്കും. അതേസമയം ആറുമാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നേരത്തെ നിർദേശം നൽകിയിരുന്നു.