പൃഥ്വിരാജിന്‍റെ ഭ്രമം സിനിമയിൽ നിന്നും അഹാന കൃഷ്ണയെ ഒഴിവാക്കിയത് രാഷ്‌ട്രീയ കാരണങ്ങൾ കൊണ്ടല്ലെന്ന് ചിത്രത്തിന്‍റെ നിർമാതാക്കൾ. ഒരു സിനിമയില്‍ താരത്തെ തെരഞ്ഞെടുക്കുന്നത് സംവിധായകനും എഴുത്തുകാരനും നിർമാതാവും കാമറാമാനും ചേർന്നാണെന്ന് ഭ്രമത്തിന്‍റെ നിർമാതാക്കളായ ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസ് അറിയിച്ചു. കാമറ ടെസ്റ്റിനും കോസ്റ്റ്യൂം ട്രയലിനും ശേഷമാണ് അഹാന കഥാപാത്രത്തിന് അനുയോജ്യമല്ലെന്ന് മനസിലാക്കിയതെന്നും നിർമാതാക്കൾ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
അഹാനയെ സിനിമയിൽ നിന്നും രാഷ്ട്രീയ നിലപാടുകൾ കാരണം നീക്കിയെന്ന ഏതാനും മാധ്യമങ്ങളുടെ റിപ്പോർട്ടിനെതിരെയാണ് ഓപ്പൺ ബുക്ക് പ്രൊഡക്‌ഷൻസ് പ്രസ്താവന ഇറക്കിയത്. അഹാനയെ മാറ്റിയ തീരുമാനം തികച്ചും തൊഴിൽപരമാണെന്നും അതിൽ ഒരു രാഷ്ട്രീയ പ്രേരണയും കലർന്നിട്ടില്ലെന്നും നിർമാതാക്കൾ വ്യക്തമാക്കി. ചിത്രത്തിലേക്ക് ആദ്യം താരത്തെ പരിഗണിച്ചിരുന്നുവെന്നും എന്നാൽ, ട്രയലിന് ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനമെന്നും നടിയെ അറിയിച്ചിരുന്നതായും പ്രസ്താവനയിൽ വിശദമാക്കുന്നു.
പൃഥ്വിരാജിന് പുറമെ ഉണ്ണി മുകുന്ദനും മംമ്ത മോഹന്‍ദാസും റാഷി ഖന്നയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഭ്രമം എന്ന മലയാള ചിത്രം ബോളിവുഡിലെ അന്ധാധുന്നിന്‍റെ റീമേക്കാണ്.