കൊച്ചി: ചരക്ക് സേവന നികുതിക്ക് (ജിഎസ്‌ടി) പുറമെ സിനിമ ടിക്കറ്റുകള്‍ക്ക് വിനോദ നികുതി കൂടി ഏര്‍പ്പെടുത്താനുളള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാക്കി സിനിമ സംഘടനകള്‍. ജിഎസ്‌ടിക്ക് പുറമെ 10 ശതമാനം വിനോദ നികുതി ഈടാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും തീരുമാനം സിനിമ വ്യവസായത്തെ തകര്‍ക്കുമെന്നും സിനിമ സംഘടനകളുടെ കൂട്ടായ്മയായ കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിനോദ നികുതി ഈടാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് നികുതി പിന്‍വലിക്കണമെന്ന ആവശ്യം സംഘടന ശക്തമാക്കിയത്. ജൂലൈ മൂന്ന് വരെ ഉത്തരവ് നടപ്പിലാക്കാന്‍ പാടില്ലെന്നാണ് കോടതി നിര്‍ദേശം. ഇതിന് മുമ്പ് വിനോദ നികുതി ഒഴിവാക്കണമെന്ന ആവശ്യം സര്‍ക്കാരിന് മുന്നില്‍ ശക്തമായി ഉന്നയിക്കാനാണ് സംഘടനകളുടെ തീരുമാനം.
ടിക്കറ്റിൽ അധിക വിനോദ നികുതി വർധന ഉണ്ടാകുന്നത് സിനിമാരംഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഫെഫ്ക്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. നേരത്തെ 100 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് 18 ശതമാനവും 100 രൂപക്ക് മുകളിലുള്ള ടിക്കറ്റുകള്‍ക്ക് 28 ശതമാനവുമായിരുന്നു ജിഎസ്‌ടി ഈടാക്കിയിരുന്നത്. സിനിമ സംഘടനകളുടെ ആവശ്യത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇത് യഥാക്രമം 12 ശതമാനവും 18 ശതമാനവുമായി കുറച്ചിരുന്നു. ഇതിന് ശേഷം സിനിമ കാണാനെത്തുന്ന പ്രേക്ഷകരിലും വര്‍ധനവുണ്ടായി. എന്നാല്‍ ജിഎസ്‌ടി കുറച്ചതിന് പിന്നാലെ 10 ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. നിലവിലെ തീരുമാനപ്രകാരം ജിഎസ്‌ടി ഇളവിന്‍റെ ഗുണം പ്രേക്ഷകർക്ക് ലഭിക്കില്ല എന്നും സിനിമാ സംഘടനകൾ ചൂണ്ടിക്കാട്ടി.