കൊവിഡ് മഹാമാരിയിൽ പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് അവതാർ 2ന്‍റെ ചിത്രീകരണം പൂർത്തിയാക്കി. കൂടാതെ, അവതാറിന്‍റെ മൂന്നാം ഭാഗത്തിന്‍റെ പണിപ്പുര 95 ശതമാനം പൂർത്തിയായെന്നുമാണ് റിപ്പോർട്ടുകൾ. ലോകമെമ്പാടുമുള്ള സിനിമാപ്രേക്ഷകർ കാത്തിരിക്കുന്ന ഹോളിവുഡ് സയൻസ് ഫിക്ഷൻ ചിത്രത്തിന്‍റെ തുടർഭാഗങ്ങളിൽ ഒന്നാമത്തേതിന്‍റെ നിർമാണം കഴിഞ്ഞുവെന്നും അവതാർ 3യുടെ അവസാനഭാഗത്തിലേക്കുള്ള ചിത്രീകരണമാണ് ഇനി അവശേഷിക്കുന്നതെന്നും സംവിധായകൻ ജെയിംസ് കാമറൂൺ വ്യക്തമാക്കി.
അവതാർ ചിത്രത്തിന്‍റെ പുതിയ ഭാഗത്തിന്‍റെ റിലീസ് ഒരു വർഷം കൂടി കഴിഞ്ഞായിരിക്കും ഉണ്ടാകുകയെന്ന് ഡിസ്‌നി പ്രഖ്യാപിച്ചതിന് മാസങ്ങൾക്ക് ശേഷമാണ് ആര്‍നോള്‍ഡ് ഷ്വാര്‍സെനഗറുമായി ചേർന്ന് കാമറൂൺ സിനിമയുടെ ചിത്രീകരണത്തെ സംബന്ധിച്ച് ഏറ്റവും പുതിയ വാർത്തകൾ പങ്കുവെച്ചിരിക്കുന്നത്.
2009ൽ റിലീസിനെത്തിയ അവതാറിന്‍റെ രണ്ടാം ഭാഗം 2022 ഡിസംബർ 16നും മൂന്നാം പതിപ്പ് 2024 ഡിസംബർ 20നും റിലീസിനെത്തുമെന്നാണ് പ്രഖ്യാപനം. അവതാർ 4, അവതാർ 5 ഭാഗങ്ങൾ യഥാക്രമം 2026 ഡിസംബർ 18നും 2028 ഡിസംബർ 22നും പ്രദർശിപ്പിക്കാനും നിശ്ചയിച്ചിരിക്കുകയാണ്. മഹാമാരിക്കിടയിലും ജൂണിൽ ന്യൂസിലാന്‍റിൽ എത്തി ക്വാറന്‍റൈൻ അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ആരംഭിച്ചത്.