ആലപ്പുഴ: അന്തരിച്ച കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യണമെന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി അധികൃതർ നിർദേശിച്ചതിനെത്തുടർന്ന് കുടുംബം സമ്മതം അറിയിച്ചു. ഞായറാഴ്ച രാത്രിയാണ് അനിൽ പനച്ചൂരാൻ അന്തരിച്ചത്. പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം സംസ്‌കാര സമയം തീരുമാനിക്കും. കായംകുളത്ത് നിന്ന് പൊലീസ് എത്തിയ ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
ഞായറാഴ്ച രാവിലെ ചെട്ടികുളങ്ങര ക്ഷേത്രത്തിൽ പോകാനായി വീട്ടിൽ നിന്നിറങ്ങിയ അനിൽ വഴിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. മാവേലിക്കര വിഎസ്എം ആശുപത്രിയിലും തുടർന്ന് കരുനാഗപ്പള്ളി വല്യത്ത് ആശുപത്രിയിലും എത്തിച്ചു. അവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വൈകിട്ടോടെ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.