ചാർലി ചാപ്ലിനാണ് അംഗവിക്ഷേപങ്ങളിലൂടെയും സ്വതസിദ്ധമായ അഭിനയശൈലിയിലൂടെയും ചിരിയുടെ തമ്പുരാനായി ലോകസിനിമയിൽ വാഴ്‌ത്തപ്പെടുന്നത്. ചാപ്ലിന്‍റെ തേജസ്സിനിടയിൽ അധികം ശോഭിക്കാനാവാതെ, എന്നാൽ പരിമിതികളെ മറികടന്ന് തിരശ്ശീലക്ക് മുന്നിലും പിന്നിലും പ്രതിഭ പ്രതിഫലിപ്പിച്ച കലാകാരനെ കാലം പിന്നീട് തിരിച്ചറിയുകയായിരുന്നു. നിശബ്‌ദ സിനിമകളുടെ കൂട്ടത്തിൽ ആദ്യ പത്തിൽ ഇടംപിടിച്ച 'ദി ജനറൽ' സംവിധാനം ചെയ്‌ത ബസ്റ്റർ കീറ്റണിന്‍റെ 125-ാം ജന്മദിനമാണിന്ന്.
-
Buster Keaton was born 125 years ago today pic.twitter.com/18F8HQrbN2
— Silent Movie GIFs (@silentmoviegifs) October 4, 2020 " class="align-text-top noRightClick twitterSection" data="
">Buster Keaton was born 125 years ago today pic.twitter.com/18F8HQrbN2
— Silent Movie GIFs (@silentmoviegifs) October 4, 2020Buster Keaton was born 125 years ago today pic.twitter.com/18F8HQrbN2
— Silent Movie GIFs (@silentmoviegifs) October 4, 2020
ചാർലി ചാപ്ലിനൊപ്പമോ അതിന് മുകളിലോ ഒരുപക്ഷേ, അദ്ദേഹത്തിന് സ്ഥാനം നൽകാം. ബ്ലാക്ക് ആന്‍റ് വൈറ്റ് യുഗത്തിൽ ഭാവവിശേഷതയിലും തനതായ പ്രകടനങ്ങളിലൂടെയും നർമത്തെ കൂട്ടുപിടിച്ച് ചലച്ചിത്രസംവിധായകനും അഭിനേതാവുമായ ബസ്റ്റർ കീറ്റൺ ദൃശ്യവിരുന്നൊരുക്കിയപ്പോൾ, ഇന്ന് കാണുന്ന കോമഡി രൂപത്തിലേക്ക് അദ്ദേഹം സിനിമയെ കൊണ്ടെത്തിക്കുകയായിരുന്നു.
നർമം മാത്രമല്ല, 1927ലെ കോളേജ് പോലുള്ള ചിത്രങ്ങളിലൂടെ കാമ്പസ് ജീവിതവും റൊമാന്‍സും പ്രമേയമാക്കുമ്പോഴും അയാൾ അഭ്രപാളിയിൽ തകർത്തഭിനയിച്ചു. 400 ലധികം ചിത്രങ്ങളാണ് ബസ്റ്റർ കീറ്റണെന്ന അനശ്വര സാന്നിധ്യത്തിന്‍റെ അഭിനയത്തിലൂടെ ലോകസിനിമക്ക് ലഭിച്ചത്. വിഷാദ മുഖവും, വട്ടത്തൊപ്പിയും, അയഞ്ഞ പാൻസും… സ്‌ക്രീനിൽ ബസ്റ്റർ കീറ്റണിന്‍റെ രൂപമിങ്ങനെയൊക്കയായിരുന്നു. എന്നാൽ, വിഷാദമുഖമുള്ള വേഷത്തിലൂടെ പ്രേക്ഷകനെ അയാൾ ചിരിപ്പിച്ചു.
ദി ബുച്ചർ ബോയ് ആണ് കീറ്റണിന്‍റെ ആദ്യചിത്രം. ഇന്നും വിപണിയിൽ വലിയ ഡിമാന്‍റുള്ള ദി ജനറൽ പോലുള്ള ചിത്രങ്ങളാവട്ടെ അദ്ദേഹത്തിന്‍റെ കലാപ്രതിഭ തെളിയിച്ച കലാസൃഷ്‌ടികളാണ്. സാങ്കേതിക മികവ് കൊണ്ട് കാണികളെ അത്ഭുതപ്പെടുത്തിയ ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രത്തിൽ സംവിധായകൻ ബസ്റ്റർ കീറ്റൺ തന്നെയാണ് ദി ജനറൽ തീവണ്ടിയുടെ ഡ്രൈവറായ ജോണി ഗ്രേയായി വേഷമിട്ടതും. പൂർണമായും സാഹസികതയോ ഹാസ്യമോ ഉൾക്കൊള്ളാത്ത സിനിമയെന്ന് പറഞ്ഞ് അന്ന് കാലം മാറ്റിനിർത്തിയെങ്കിലും ചിത്രം കാലം കടന്നും സഞ്ചരിച്ചു. 2001ൽ അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഏറ്റവും മികച്ച നൂറ് അമേരിക്കൻ സിനിമകളിൽ പതിനെട്ടാം സ്ഥാനത്തായും ദി ജനറലിനെ പ്രതിഷ്‌ഠിച്ചു.
വളരെ ചെറുപ്പത്തിലെ സിനിമയെ കൂട്ടുപിടിച്ച താരം കളർ ചലച്ചിത്രങ്ങളിലും അവസാനനാളുകളിൽ അഭിനയിച്ചിട്ടുണ്ട്. സംഭാഷണങ്ങളില്ലാതെ ആംഗ്യത്തിനും അഭിനയത്തിനും പ്രാധാന്യം നൽകി ചിത്രങ്ങൾ നിർമിച്ച കാലഘട്ടത്തിൽ ഷെർലക്‌സ് ജൂനിയർ, ദി നാവിഗേറ്റർ, സെവൻ ചാൻസസ് എന്നിങ്ങനെയുള്ള ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്‌തു. ഇവയെല്ലാം നിശബ്‌ദ സിനിമയിലെ ചിരിയുടെ തമ്പുരാനെന്നറിയപ്പെടുന്ന ബസ്റ്റർ കീറ്റണിൽ നിന്നും പിറന്ന് ജനപ്രിയ ചലച്ചിത്രങ്ങളായി മാറുന്നതും ചരിത്രം കണ്ടു.
അഭിനയത്തിലും സംവിധാനത്തിലും ബസ്റ്റർ കീറ്റൺ പുതിയ പാഠങ്ങൾ രചിക്കുകയും ഹാസ്യ പ്രകടനങ്ങളിൽ വിപ്ലവം സൃഷ്‌ടിക്കുകയും ചെയ്‌തപ്പോൾ, മറ്റ് ഇംഗ്ലീഷ് ഹാസ്യ അഭിനേതാക്കൾക്കും അത് പ്രചോദനവും വഴികാട്ടിയുമായെന്ന് പറയാം. 1966ലെ റിച്ചാർഡ് ലെസ്റ്റർ സംവിധാനം ചെയ്‌ത 'എ ഫണ്ണി തിങ് ഹാപ്പൻസ് ഓൺ ദി വേ ടു ദി ഫോറം' ചിത്രം ഇതിഹാസകലാകാരന്‍റെ അവസാനചിത്രമായി ചരിത്രത്തിലേക്ക് ചേർക്കപ്പെട്ടു. 1966ൽ കാലിഫോർണിയയിൽ തന്‍റെ എഴുപതാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ഇന്നും കാലമോർക്കുന്ന സിനിമയിലെ ചരിത്രകാരനായി ബസ്റ്റർ കീറ്റൺ നിറഞ്ഞുനിൽക്കുന്നു.