തമിഴ് ചിത്രം മൈനയിലൂടെ സിനിമാലോകത്തെത്തി ആസ്വാദക മനം കവര്‍ന്ന നടിയാണ് അമലാ പോള്‍. പിന്നീട് വിവിധ ഭാഷകളിലായി ഒട്ടനവധി മനോഹര കഥാപാത്രങ്ങള്‍ ചെയ്ത് മുന്‍നിര നായികമാരുടെ പട്ടികയില്‍ ഇടംപിടിച്ചു. 2019 ല്‍ പുറത്തിറങ്ങിയ രത്ന കുമാര്‍ ചിത്രം ആടൈയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് അമല പോള്‍ പ്രശംസനേടിയിരുന്നു . ആടൈയില്‍ അര്‍ധനഗ്നയായി പ്രത്യക്ഷപ്പെട്ടത് താരത്തെ വിവാദങ്ങളില്‍ തള്ളിയിട്ടിരുന്നു. എന്നാല്‍ മികച്ച അഭിനയം കാഴ്ചവെച്ച താരത്തിന് ചിത്രം തീയറ്ററുകളിലെത്തിയപ്പോള്‍ അഭിനന്ദന പ്രവാഹമായിരുന്നു.
- " class="align-text-top noRightClick twitterSection" data="">
ആടൈക്ക് ശേഷം മറ്റൊരു ബോള്‍ഡ് ക്യാരക്ടറുമായി എത്തുകയാണ് അമല. അതോ അന്ത പറവൈ പോലെ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വനത്തില്‍ അകപ്പെട്ടുപോകുന്ന സഞ്ചാരിയുടെ കഥയാണ് പറയുന്നത്. ആക്ഷന്‍, ത്രില്ലര്‍, സസ്പെന്‍സ് എന്നിവക്ക് പ്രാധ്യാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നടന്‍ മോഹന്‍ലാലിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. ഒരു മിനിറ്റും നാല്‍പത് സെക്കന്‍റും ദൈര്‍ഘ്യമുള്ള ടീസര്‍ ആക്ഷന് പ്രാധാന്യം നല്‍കുന്നു. സസ്പെന്‍സ് നിറച്ചാണ് ടീസര്‍ അവസാനിക്കുന്നത്.
ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച സിനിമ ഈ വര്‍ഷം അവസാനത്തോടെ തീയേറ്ററുകളിലെത്തിയേക്കും. കെ.ആര്‍ വിനോദാണ് ചിത്രത്തിന്‍റെ സംവിധായകന്‍. സെഞ്ച്വറി ഇന്‍റര്‍നാഷണല്‍ ഫിലിംസാണ് നിര്‍മാണം. ആഷിഷ് വിദ്യാതിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വനിതാ ദിനത്തിലാണ് ചിത്രത്തിന്‍റെ ആദ്യ പോസ്റ്റര്‍ പുറത്തുവന്നത്. ഈ ചിത്രത്തിന്‍റെ ഷൂട്ടിങിനിടെ അമല പോളിന് പരിക്കേറ്റതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.