ഇടുക്കി: തിരുട്ടുഗ്രാമത്തിന്‍റെ കഥയുമായി 'ആലീസ് ഇൻ പാഞ്ചാലി നാട്'. മലയാളികൾക്ക് എന്നും പേടി സ്വപ്‌നമായ തിരുട്ടു ഗ്രാമം എന്ന പേരിൽ കുപ്രസിദ്ധമായ തമിഴ് കവർച്ചാ പ്രദേശത്തിന്‍റെ പശ്ചാത്തലത്തിൽ പുതിയ സിനിമ വരുന്നു. ഇടുക്കിയുടെ ഗ്രാമഭംഗിയിൽ വ്യത്യസ്‌തമായ കഥാവതരണത്തിലൂടെ നവാഗതനായ സുധിൻ വാമറ്റമാണ് ത്രില്ലർ ചിത്രം സംവിധാനം ചെയ്യുന്നത്. നാടൻ കവർച്ച മുതൽ ഹൈടെക് കവർച്ച വരെ തൊഴിലാക്കിയ ഒരു കൂട്ടം സാങ്കൽപിക തിരുട്ടുഗ്രാമക്കാരുടെ കഥയായിരിക്കും ത്രില്ലർ ചിത്രത്തിൽ പ്രമേയമാകുന്നത്.
ബോളിവുഡ് നടിയും ഉത്തരേന്ത്യൻ മോഡലുമായ കാമ്യ അലാവത് ആലീസ് ഇൻ പാഞ്ചാലി നാട്ടിലൂടെ മലയാളത്തിൽ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സംഭാഷണത്തിന് വലിയ പ്രാധാന്യം നല്‍കാതെ, സന്ദര്‍ഭങ്ങളിലൂടെ കഥാഗതി വികസിപ്പിക്കുന്ന രീതിയാണ് ചിത്രത്തിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നതെന്ന് സുധിൻ വാമറ്റം പറയുന്നു. മോഷണം ജീവിതത്തിന്‍റെ ഭാഗമായ ഒരു കൂട്ടം ആളുകളുള്ള ഗ്രാമത്തിലേക്ക് ഡല്‍ഹിയില്‍ നിന്നും ഒരു പെണ്‍കുട്ടിയെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് കഥാസന്ദർഭം.
വലിയ കാന്‍വാസിൽ ഇരുന്നൂറോളം കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ച് രണ്ട് വര്‍ഷത്തോളം ചെലവഴിച്ചാണ് ചിത്രം തയ്യാറാക്കിയത്. ഓണ്‍ലൈനായും അല്ലാതെയും 6000 ഓളം പേരാണ് ഓഡിഷനില്‍ പങ്കെടുത്തത്. രണ്ട് മണിക്കൂറോളം ദൈര്‍ഘ്യമുള്ള ചിത്രത്തിലെ 120 സീനുകൾ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 12 വര്‍ഷത്തോളം സിനിമാ മേഖലയുടെ ഭാഗമായ സുധിന്‍ ഇതിന് മുമ്പ് ചില ഹ്രസ്വചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ആലീസ് ഇന്‍ പാഞ്ചാലി നാട് ചിത്രത്തിലെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി മുമ്പ് ഒരു ട്രയല്‍ ചിത്രവും തയ്യാറാക്കിയിരുന്നു. കിംഗ് ലയര്‍, പത്ത് കല്‍പനകള്‍, ടേക് ഓഫ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അജയ് മാത്യു ചിത്രത്തിൽ കേന്ദ്രകഥാപാത്രമവതരിപ്പിക്കുന്നു. പൊന്നമ്മ ബാബു, അനില്‍ മുരളി, കലാഭവന്‍ ജയകുമാര്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. അന്തരിച്ച നടൻ അനില്‍ മുരളിയുടെ അവസാന ചിത്രം കൂടിയാണിത്. അരുണ്‍ വി. സജീവാണ് ആലീസ് ഇൻ പാഞ്ചാലി നാടിന്‍റെ കഥ. മലയാളത്തിന്‍റെ പ്രശസ്‌ത ഛായാഗ്രഹകൻ പി. സുകുമാറാണ് ചിത്രത്തിന്‍റെ ഫ്രെയിമുകൾ ഒരുക്കിയിരിക്കുന്നത്. ഉണ്ണി മലയിലാണ് എഡിറ്റിങ്ങ്. ലക്ഷ്മി മിനി, ആഷാ ജി. മേനോന്‍ എന്നിവരുടെ വരികള്‍ക്ക് മുജീബ് മജീദ്, ജിഷ്‌ണു വിജയ്, റഷീദ് മുഹമ്മദ് എന്നിവര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. കൊവിഡിന് ശേഷം തിയേറ്ററുകള്‍ തുറക്കുമ്പോൾ ചിത്രം റിലീസ് ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.