സസ്‌പെൻസ് ത്രില്ലറുകളുടെ മാസ്റ്റർ, സര്‍ ആല്‍ഫ്രെഡ് ജോസഫ് ഹിച്ച്‌കോക്ക്. രാജ്യാതിർത്തികളും കാലത്തിന്‍റെ സൂചിചക്രവും ഭേദിച്ച് കലയുടെ യശസ്സ് വളരുമെന്ന് ഹിച്ച്കോക്ക് തന്‍റെ സൈക്കോയിലൂടെ കാണിച്ചുതന്നു. താരങ്ങളുടെ പേരില്‍ സിനിമ വിറ്റ് പോയിരുന്ന സമ്പ്രദായത്തെ ഹിച്ചകോക്ക് മാറ്റിവരച്ചു.
1950കളിലേക്ക് എത്തുമ്പോൾ, അദ്ദേഹത്തിന്‍റെ സിനിമാ പോസ്റ്ററുകളിൽ സംവിധായകനായ ഹിച്ച്കോക്ക് തന്നെ പ്രത്യക്ഷപ്പെട്ടിരുന്നത് വിപ്ലവകരമായ ഒരു മാറ്റമായിരുന്നു. അഭിനേതാക്കളുടെ പേരിലല്ല, ആല്‍ഫ്രെഡ് ഹിച്ച്‌കോക്കിന്‍റെ സിനിമ കാണാനാണ് തിയേറ്ററുകളിലേക്ക് കാണികൾ ഇടിച്ചു കയറിയത്.
പുരസ്‌കാരങ്ങളല്ല പ്രതിഭ തെളിയിക്കുന്നതെന്ന് ആല്‍ഫ്രെഡ് ജോസഫ് ഹിച്ച്‌കോക്കിന്‍റെ പ്രൊഫൈലിൽ നിന്ന് വ്യക്തം. പുരസ്‌കാരങ്ങൾ വിരലിലെണ്ണാവുന്നത് മാത്രമാണെങ്കിലും ആസ്വാദകനെ നിരാശനാക്കാതിരുന്നതിനാൽ തിയേറ്ററുകൾ അദ്ദേഹത്തിന്‍റെ സിനിമകളെ ആഘോഷമാക്കി. അങ്ങനെ അറുപത് വർഷം നീണ്ട കരിയറിൽ ആൽഫ്രഡ് ഹിച്ച്കോക്ക് സംഭാവന ചെയ്‌തതോ അമ്പതിലധികം സിനിമകളും.
കാലത്തിനതീതമായ സൃഷ്ടികളിലൂടെ വാണിജ്യ വിജയവും നിരൂപക പ്രശംസയും നേടിയ ചിത്രങ്ങളുടെ സംവിധായകൻ പിൻഗാമികൾക്കും പ്രചോദനത്തിന്‍റെ പ്രതിരൂപമായി മാറുകയായിരുന്നു. നിഗൂഢതയിൽ ഇരുട്ടിന്‍റെ നിറം പിടിച്ച് സസ്‌പെൻസ് ചിത്രങ്ങൾ സമ്മാനിച്ച ആല്‍ഫ്രെഡ് ഹിച്ച്കോക്കിന്‍റെ 121-ാം ജന്മദിനവാർഷികമാണിന്ന്.
1899 ഓഗസ്റ്റ് 13ന് ലണ്ടനിലാണ് സര്‍ ആല്‍ഫ്രെഡ് ജോസഫ് ഹിച്ച്‌കോക്ക് ജനിക്കുന്നത്. വില്യം ഹിച്ച്‌കോക്കിന്‍റെയും എമ്മാ ജെയ്ന്‍ ഹിച്ച്‌കോക്കിന്‍റെയും മൂന്ന് മക്കളിൽ രണ്ടാമനാണ് ഹിച്ച്കോക്ക്.
1922ലാണ് അദ്ദേഹം സംവിധായകനാകുന്നത്. ബ്രിട്ടീഷ് ചലച്ചിത്രങ്ങൾ നിർമിച്ചും സംവിധാനം ചെയ്‌തും തുടങ്ങിയ ഹിച്ച്കോക്ക് നിശ്ശബ്‌ദ ചിത്രങ്ങളും ശബ്ദ ചിത്രങ്ങളും മികവുറ്റ രീതിയിൽ അവതരിപ്പിച്ചു.
1939 മുതല്‍ അമേരിക്കൻ സ്റ്റുഡിയോകളുടെ സൗകര്യങ്ങൾ കൂടി പരിഗണിച്ച് ബ്രിട്ടനിൽ നിന്നും അമേരിക്കയിലേക്ക് സിനിമാപ്രവർത്തനം മാറ്റി. എന്നാൽ, സിനിമയുടെ പശ്ചാത്തലത്തിൽ യുകെയെ കൊണ്ടുവന്ന് സ്വന്തം നാടിനോടുള്ള സ്‌നേഹം അദ്ദേഹം വ്യക്തമാക്കികൊണ്ടിരുന്നു.
കാൻസ് ഉൾപ്പടെയുള്ള അന്താരാഷ്‌ട്ര ചലച്ചിത്രമേളകളുടെ പുരസ്‌കാരങ്ങൾക്കും ഓസ്‌കാറിനും ഹിച്ച്കോക്ക് ചിത്രങ്ങൾ എത്തിയിരുന്നെങ്കിലും നാമനിർദേശങ്ങളിൽ മാത്രമായി പലപ്പോഴും അദ്ദേഹത്തിന്‍റെ ചലച്ചിത്രങ്ങൾ ഒതുങ്ങി. എന്നാൽ, 1940ല്‍ പുറത്തിറങ്ങിയ റെബേക്ക എന്ന ചിത്രം അക്കാദമി പുരസ്‌കാരം സ്വന്തമാക്കി.
1956ല്‍ ഹിച്ച്കോക്ക് ഹോളിവുഡ് ചിത്രങ്ങളിലേക്ക് തിരിഞ്ഞു. നിഗൂഢതയും സസ്‌പെൻസും ഭീതിയും നിഴലിച്ച ഹിച്ച്‌കോക്ക് ഫ്രെയിമുകളിലൂടെ അദ്ദേഹം നിശബ്‌ദ ചലച്ചിത്രങ്ങളും ശബ്‌ദ ചിത്രങ്ങളും അതും കടന്ന് കളർ ചിത്രങ്ങളും സൃഷ്‌ടിച്ചു.
മർഡർ, എല്‌സ്‌ട്രീ കാളിങ്, സബോറ്റേജ്, നോർത്ത് ബൈ നോർത്ത് വെസ്റ്റ്, റെബേക്ക, നോട്ടോറിസ്, അണ്ടർ കാപ്രികോൺ, ഡയൽ എം ഫോർ മർഡർ, ടു ക്യാച്ച് എ തീഫ്, ദി 39 സ്‌റ്റെപ്‌സ്, മിസ്റ്റർ ആൻഡ് മിസിസ് സ്‌മിത്ത്, ഷാഡോ ഓഫ് എ ഡൌട്ട്, വെർടിഗോ, ഫ്രൻസി, സൈക്കോ, ദി ബേർഡ്‌സ്, ദി റോങ്ങ് മാൻ എന്നിവയാണ് പ്രശസ്‌ത ഹിച്ച്കോക്ക് ചിത്രങ്ങൾ.
സിനിമയെ സാർവലൗകികമായ കലയാക്കി മാറ്റിയ ഹിച്ച്കോക്ക് വിശ്വവിഖ്യാതമായി മാറിയ സൈക്കോ എന്ന ത്രില്ലർ ചിത്രം ഒരുക്കിയത് സ്വന്തം നീന്തൽക്കുളമുൾപ്പടെയുള്ള സ്വത്തുകൾ വിറ്റാണ്. കലാസൃഷ്‌ടികൾക്ക് പ്രായം വിനയാകുമെന്ന ചോദ്യങ്ങൾക്കുള്ള മറുപടി കൂടിയായിരുന്നു 1960ൽ പുറത്തിറങ്ങിയ സൈക്കോളജിക്കൽ- ഹൊറർ ത്രില്ലർ സൈക്കോ.
ബോസിന്‍റെ സുഹൃത്ത് ബാങ്കിലടക്കാൻ നൽകുന്ന പണവുമായി നാട് വിടുന്ന കഥാനായിക, രാത്രിയിൽ ഒരു മോട്ടലിലെത്തുന്നതും പിന്നീട് അവിടെ സംഭവിക്കുന്ന ഇരുണ്ട സംഭവങ്ങളും ശരിക്കും പ്രേക്ഷകനെ അമ്പരിപ്പിച്ചു. നോർമൽ ബേറ്റ്സ് എന്ന സൈക്കോയും ചിത്രത്തിലെ ഷവർ സീനും മാത്രമല്ല, ഒരു അസ്ഥികൂടത്തെ ആദ്യമായി കാണികൾക്ക് മുമ്പിൽ അവതരിപ്പിച്ച് ഞെട്ടിച്ചതും സൈക്കോയുടെ ത്രില്ലിങ്ങ് മൂഡിനെ ഭീതിയുടെ തലങ്ങളിലേക്ക് കൂട്ടികൊണ്ടുപോയി.
സാധാരണക്കാരുടെ ജീവിതത്തിൽ അസ്വാഭിവകതയും നിഗൂഢതയും എങ്ങനെ അവതരിപ്പിക്കാമെന്ന് ഹിച്ച്കോക്ക് ചിത്രങ്ങൾ ഭൂരിഭാഗവും കാണിച്ചുതന്നു. പ്രേക്ഷകനെ ഞെട്ടിക്കാൻ ഇറങ്ങിതിരിച്ച ഹിച്ച്കോക്ക് സൈക്കോക്ക് വേണ്ടി സ്വത്തുവകകൾ വിറ്റഴിക്കേണ്ടി വന്നു, ഒട്ടനവധി സംഘർഷാവസ്ഥകളെ അതിജീവിച്ചു.
2012ലെ ഹിച്ച്കോക്ക് എന്ന അമേരിക്കൻ ചിത്രത്തിൽ സൈക്കോയുടെ നിർമാണ അനുഭവങ്ങളും പരാമർശിക്കപ്പെടുന്നുണ്ട്. മറ്റൊരു തലത്തിൽ പറഞ്ഞാൽ അദ്ദേഹത്തിന്‍റെ ആത്മകഥാംശം തന്നെയായിരുന്നു ചിത്രം. അലക്‌സാണ്ടര്‍ സച്ചാ സൈമണ്‍ ഗെര്‍വസിയായിരുന്നു സ്റ്റീഫന്‍ റെബല്ലോയുടെ 'ആല്‍ഫ്രഡ് ഹിച്ച്‌കോക്ക് ആന്‍ഡ് ദി മേക്കിങ് ഓഫ് സൈക്കോ' എന്ന പുസ്‌തകത്തെ അടിസ്ഥാനമാക്കി ഈ ചിത്രം സംവിധാനം ചെയ്‌തത്.
വെല്ലുവിളികളെ അതിജീവിച്ച് സൈക്കോ പോലുള്ള ചിത്രങ്ങൾക്ക് ജന്മം നൽകിയ ഹിച്ച്കോക്കിന് പിന്തുണയായിരുന്നത് എഴുത്തുകാരി കൂടിയായ അൽമ റിവെലാണ്.
1980 ഏപ്രിൽ 29ന് കാലിഫോർണിയയിൽ വെച്ച് തന്‍റെ 80-ാം വയസിലാണ് ഹിച്ചകോക്ക് അന്തരിച്ചത്.
റോബർട്ട് ബ്ലാക്കിന്‍റെ സൈക്കോ എന്ന നോവലിനെ അതേ പേരിൽ നോവലാക്കുമ്പോൾ, സിനിമയുടെ സസ്‌പെൻസ് അറിയാതിരിക്കാൻ അയാൾ വായനശാലകളിൽ നിന്നും വിൽപനശാലകളിൽ നിന്നും ആ പുസ്‌തകത്തെ എടുത്തുമാറ്റി. പ്രേക്ഷകനെ സിനിമയുടെ ആസ്വാദനത്തിന്‍റെയും അനുഭവത്തിന്‍റെയും പൂർണതയിൽ എത്തിക്കാൻ ഹിച്ച്കോക്ക് നൽകിയിരുന്ന സമർപ്പണമാകട്ടെ സാഹസികത നിറഞ്ഞതും.
അതിനാൽ തന്നെയാണ്, സിനിമയുടെ ചരിത്രത്താളുകളിൽ ഏറ്റവും കൂടുതൽ എഴുതപ്പെട്ട പ്രതിഭാശാലിയായി ആൽഫ്രഡ് ഹിച്ച്കോക്ക് അറിയപ്പെടുന്നതും.