മലയാള സിനിമയിലെ മികച്ച നടിമാരുടെ പട്ടികയില്‍ ഇടം പിടിച്ച മലയാളത്തിന്‍റെ സ്വന്തം ശോഭന ഇന്ന് അമ്പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഇന്ത്യന്‍ സിനിമക്ക് ശ്രീദേവി എങ്ങനെയായിരുന്നോ അതുപോലെയാണ് മലയാളത്തിന് ശോഭന. 1984ല്‍ പുറത്തിറങ്ങിയ ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെ ബാലചന്ദ്രമേനോനാണ് ശോഭനയെ മലയാളത്തിന് പരിചയപ്പെടുത്തുന്നത്. ആദ്യ ചിത്രത്തില്‍ തന്നെ കഴിവുതെളിയിച്ച ശോഭന ഒരുപിടി നല്ല വേഷങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് പകരം വെക്കാനില്ലാത്ത താരമായി പിന്നീട് മാറി. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി എന്നിങ്ങനെ തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ ശോഭന മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളുടെ ഭാഗമാണ്.
അംബിക, മേനക, കാര്‍ത്തിക, രേവതി, സുഹാസിനി തുടങ്ങിയവര്‍ തിളങ്ങിയ കാലത്താണ് തന്‍റെ അഭിനയ ശൈലിയിലൂടെ ശോഭന മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം നേടുന്നത്. പത്മരാജന്‍റെ ഇന്നലെയിലെ ഗംഗ എന്ന കഥാപാത്രം എന്നും മലയാളി മനസിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. നായികയായി സിനിമയില്‍ അരങ്ങേറിയപ്പോള്‍ വെറും പതിനാല് വയസായിരുന്നു ശോഭനക്ക്. ചോക്ലേറ്റ് കൊടുത്താണ് ഷൂട്ടിങ് സമയത്ത് ശോഭനയെ കൈകാര്യം ചെയ്തതെന്ന് ബാലചന്ദ്രമേനോന്‍ തന്നെ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
അമ്പത് വയസിലും താരത്തിന് പതിനേഴഴകാണ്... അവിവാഹിതയായ ശോഭന 2010ല്‍ ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തു. അനന്ത നാരായണിയെന്ന് പേരിട്ട കുഞ്ഞിനെ ക്യാമറ കണ്ണുകളില്‍പെടാതെ സൂക്ഷിക്കുകയാണ്. നൃത്തത്തില്‍ എല്ലാക്കാലവും സജീവമായിരുന്നു എങ്കിലും സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നു. ഒരു നീണ്ട ഇടവേളക്ക് ശേഷം വിനീത് ശ്രീനിവാസന്‍ ചിത്രം തിരയിലൂടെയാണ് മലയാളത്തിലേക്ക് ശോഭന തിരിച്ചെത്തിയത്. പിന്നീട് ഈ അടുത്തിടെ പുറത്തിറങ്ങിയ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചത്.
വളരെ ചെറുപ്പത്തിലേ അമ്മ വേഷവും ചെയ്തിട്ടുണ്ട് ശോഭന. ലെനിന്‍ രാജേന്ദ്രന്‍റെ മീനമാസത്തിലെ സൂര്യന്‍ എന്ന ചിത്രത്തില്‍ നാടന്‍ പെണ്ണായി അതീവസുന്ദരിയായി ശോഭന പ്രത്യക്ഷപ്പെട്ടു. ഏകദേശം 230ല്‍ അധികം ചലച്ചിത്രങ്ങളുടെ ഭാഗമായ ശോഭന തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരത്തിന് രണ്ടുതവണ അര്‍ഹയായ താരം കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍, ജി.അരവിന്ദന്‍, കെ.ബാലചന്ദര്‍, എ.എം ഫാസില്‍, മണിരത്‌നം, ഭരതന്‍, ഉപലപതി നാരായണ റാവു, പ്രിയദര്‍ശന്‍ എന്നീ പ്രമുഖരായ സംവിധായകരോടൊപ്പം ശോഭനന പ്രവര്‍ത്തിച്ചിട്ടുണ്ട്.
അഭിനേത്രി എന്ന നിലയിലും കഴിവുറ്റ ഭാരതനാട്യം നര്‍ത്തകി എന്ന നിലയിലും പ്രശസ്തയായ ശോഭനക്ക് നൃത്തം ജീവവായു തന്നെയാണ്. ചിത്ര വിശ്വേശ്വരന്‍, പത്മാ സുബ്രഹ്മണ്യം എന്നീ പ്രതിഭാസമ്പന്നരായ നര്‍ത്തകരുടെ ശിഷ്യണത്തിലായിരുന്നു ശോഭന നൃത്തം അഭ്യാസിച്ചത്. കലാര്‍പ്പണ എന്ന നൃത്ത വിദ്യാലയത്തിന്‍റെ സ്ഥാപകയായ ശോഭനയുടെ കലാമികവിനെ 2006ല്‍ രാജ്യം പത്മശ്രീ നല്‍കിയും ആദരിച്ചിട്ടുണ്ട്.