എറണാകുളം: സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷക മനസില്‍ ഇടം നേടിയ നടിയാണ് ശരണ്യ ശശി. വെള്ളിത്തിരയില്‍ ചുവടുറപ്പിക്കുന്നതിനിടെയാണ് 2012ല്‍ അര്‍ബുദരോഗം ശരണ്യയുടെ ജീവിതത്തില്‍ വില്ലനായെത്തിയത്. ശാരീരികാവശത കൂടി വന്നപ്പോഴും ശരണ്യ കലയെ കൈവിടാതെ കൂടെ നിര്‍ത്തി. ഒന്നും രണ്ടും തവണയല്ല... ഒമ്പത് തവണയാണ് ട്യൂമര്‍ നീക്കം ചെയ്യാന്‍ ശരണ്യയുടെ തലയ്ക്ക് ശസ്ത്രക്രിയ ചെയ്‌തത്. അവസാന ശസ്ത്രക്രിയയില്‍ ട്യൂമര്‍ നീക്കിയെങ്കിലും അരയ്ക്ക് താഴെ തളര്‍ന്ന് ശരണ്യ കിടപ്പിലായി. ഇതിനിടെയാണ് എറണാകുളം കോതമംഗലത്തെ പീസ് വാലിയെക്കുറിച്ച് നടി സീമ.ജി.നായര്‍ അറിയുന്നത്. ശരണ്യയുടെ ഓരോ പ്രതിസന്ധിയിലും ഒപ്പം നിന്നതാണ് സീമ.ജി.നായര്‍. ഒട്ടും വൈകാതെ പീസ് വാലിയിലെ ചികിത്സ ആരംഭിച്ചു. ഇടതടവില്ലാത്ത ഫിസിയോ തെറാപ്പിയും മറ്റ് സാന്ത്വന ചികിത്സയും ലഭിച്ചതോടെ ശരണ്യയുടെ ജീവിതം പതിയെ മാറി തുടങ്ങി. ആരോഗ്യം ഏറെ മെച്ചപ്പെട്ടു.
അഭിനയജീവിതത്തെയും കഴിഞ്ഞകാല അനുഭവങ്ങളെയും കുറിച്ച് ചോദിക്കുമ്പോള്‍ ശരണ്യയുടെ മുഖത്ത് കണ്ണീരും പുഞ്ചിരിയും ഒരുപോലെ മിന്നിമറയും. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിനിയാണ് ശരണ്യ. അച്ഛനില്ല. രണ്ട് സഹോദരങ്ങളുടെ പഠനച്ചെലവ് നോക്കിയിരുന്നത് ശരണ്യയായിരുന്നു. അര്‍ബുദ ചികിത്സാര്‍ഥം ശ്രീകാര്യത്തിന് സമീപം വാടകയ്ക്ക് വീടെടുത്താണ് ഇവര്‍ താമസിച്ചിരുന്നത്. നിരന്തരമായ ഭാരിച്ച ചികിത്സാ ചെലവ് വന്നതോടെയാണ് ചികിത്സക്കായി ശരണ്യ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി സമൂഹമാധ്യമങ്ങളിലൂടെ പുറം ലോകമറിഞ്ഞത്. സമൂഹത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ച സഹായത്തിന്‍റെ ഫലമായി തിരുവനന്തപുരത്ത് ശരണ്യയുടെ കുടുംബവും ഒരു വീട് പണിതിട്ടുണ്ട്. പീസ് വാലിയിലെ ചികിത്സ പൂര്‍ത്തിയായാല്‍ പുതിയ വീട്ടിലേക്ക് താമസം മാറാനാനുളള തയ്യാറെടുപ്പിലാണ് ശരണ്യയും അമ്മയും.