തെന്നിന്ത്യയിലെ സൂപ്പര്‍താര ജോഡികളില്‍ ഒന്നാണ് നാഗചൈതന്യയും സാമന്തയും. ഇപ്പോള്‍ ഇരുവരും ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം സാമന്ത ഏറ്റെടുത്തിരുന്നതും ചര്‍ച്ചകളില്‍ ഇരുന്നതുമായ മുഴുവന്‍ തെലുങ്ക്, തമിഴ് പ്രോജക്ടുകളും ഒഴിവാക്കിയതായാണ് അറിയുന്നത്. അടുത്തിടെ പ്രഖ്യാപിച്ച വിഘ്നേഷ് ശിവന്‍ ചിത്രം കാതുവാക്കിലെ രണ്ട് കാതലില്‍ നിന്നും സാമന്ത പിന്മാറിയിട്ടുണ്ട്. ഏപ്രിലില്‍ ഷൂട്ടിങ് ആരംഭിക്കാനിരുന്ന ചിത്രത്തില്‍ വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവരെയാണ് പ്രധാന കഥാപാത്രങ്ങളാക്കിയിരുന്നത്. ഒരു ത്രികോണ പ്രണയ കഥയായി ഒരുങ്ങുന്ന കാതുവാക്കിലെ രണ്ട് കാതല്‍ എന്ന ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള വേഷമായിരുന്നു സാമന്തക്ക്.
വിഘ്‌നേശ് തന്നെ നിര്‍മിക്കുന്ന ചിത്രത്തിന് അനിരുദ്ധാണ് സംഗീതം നല്‍കുന്നത്. സാമന്ത പിന്‍മാറിയ സാഹചര്യത്തില്‍ തൃഷയെ ഈ വേഷത്തിനായി പരിഗണിക്കുന്നുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 96 എന്ന ചിത്രത്തില്‍ തൃഷ അവതരിപ്പിച്ച വേഷം തെലുങ്ക് റീമേക്കില്‍ സാമന്തയാണ് ചെയ്തിരുന്നത്. 'ജാനു' എന്ന പേരില്‍ എത്തിയ ഈ ചിത്രമാണ് സാമന്തയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ഉടന്‍ തന്നെ താരദമ്പതികള്‍ ആ 'ഗുഡ് ന്യൂസ്' വെളിപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.