നടി ബീന ആന്‍റണി കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്ന വാർത്തയും പിന്നീട് രോഗം ഭേദമായി വീട്ടിൽ തിരിച്ചെത്തിയെന്ന വിവരവും സമൂഹമാധ്യമങ്ങളിലൂടെ ഭർത്താവും നടനുമായ മനോജ് കുമാർ അറിയിച്ചിരുന്നു. ഇപ്പോഴിതാ, തന്‍റെ കൊവിഡ് അനുഭവം ആരാധകരുമായി പങ്കുവക്കുകയാണ് ബീന ആന്‍റണി. രക്തത്തിൽ ഓക്സിജന്‍റെ അളവ് കുറഞ്ഞപ്പോഴും ആശുപത്രിയിൽ പോകാൻ താൻ തയ്യാറായായിരുന്നില്ലെന്നും അത് വലിയൊരു വീഴ്‌ചയായി പിന്നീട് ബോധ്യമായെന്നും നടി പറഞ്ഞു. മരണത്തെ മുഖാമുഖം കണ്ട അനുഭവം പങ്കുവക്കുന്നതിനൊപ്പം തനിക്ക് കൊവിഡ് ബാധിച്ചത് ഷൂട്ടിങ് ലൊക്കേഷനിൽ നിന്നാണെന്നും ബീന ആന്‍റണി വിശദീകരിച്ചു. നടി തസ്‌നിഖാന്‍റെ യൂട്യൂബ് വ്ളോഗിലൂടെയാണ് ബീന ആന്‍റണി അനുഭവം വെളിപ്പെടുത്തിയത്. ഒപ്പം, തസ്‌നി ഖാനൊപ്പം പൊന്നാനിയിൽ ചിത്രീകരണത്തിന് പോയ വീഡിയോകൾ മുമ്പ് ഷൂട്ട് ചെയ്‌തതാണെന്നും അപ്പോഴല്ല തനിക്ക് വൈറസ് ബാധിച്ചതെന്നും ബീന വ്യക്തമാക്കി.
- " class="align-text-top noRightClick twitterSection" data="">
ബീന ആന്‍റണി വീഡിയോയിൽ പങ്കുവച്ച അനുഭവം
"തളർച്ച തോന്നിയപ്പോൾ കൊവിഡ് ബാധിച്ചുവെന്ന് മനസ്സിലായി. അങ്ങനെ വീട്ടിലിരുന്ന് വിശ്രമിക്കാമെന്ന് തീരുമാനിച്ചു. വീട്ടിൽ ആറേഴ് ദിവസം ഇരുന്നപ്പോൾ പനി വിട്ടുമാറുന്നുണ്ടായിരുന്നില്ല. പനി വിട്ടുമാറുന്നില്ലെങ്കിൽ ആശുപത്രിയിൽ പോകണമെന്ന് ബന്ധുക്കൾ നിർബന്ധിച്ചു. ഡോക്ടറുമായി സംസാരിച്ച് അഡ്മിഷൻ റെഡിയാക്കിയിട്ടും പോകാൻ തയ്യാറായില്ല. അത് തെറ്റായ തീരുമാനമായി തോന്നി.
പൾസ് ഓക്സിമീറ്റർ ഉപയോഗിച്ചപ്പോൾ, അതിലെ റീഡിങ് 90ൽ താഴെയായി. ശ്വാസം കിട്ടാത്ത അവസ്ഥയിലായി. ഒരു സ്റ്റെപ്പ് പോലും വക്കാൻ പറ്റാത്ത രീതിയിൽ തളർന്നു. അതിനുശേഷം ഇഎംസി ആശുപത്രിയിൽ ചികിത്സ തേടി. അവിടുത്തെ ഡോക്ടർമാരും നഴ്സുമാരും നല്ല രീതിയിൽ പരിചരണം തന്നു. അവരോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. കൂട്ടിനാരും ഇരിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. എങ്കിലും അവരുടെ പരിചരണത്താൽ താൻ ഒറ്റയ്ക്കാണെന്ന് ഒരിക്കലും തോന്നിയിരുന്നില്ല."
മരണത്തെ മുഖാമുഖം കണ്ട അനുഭവം
"ആദ്യ ദിവസം തന്നെ മരണത്തെ മുഖാമുഖം കണ്ടു. ശ്വാസം കിട്ടാത്ത അവസ്ഥയിൽ ഓക്സിജൻ മാസ്‌ക് ധരിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും തന്നെ ന്യുമോണിയയും ബാധിച്ചിരുന്നു. എന്നാൽ, ഇക്കാര്യം ആരും തന്നോട് പറഞ്ഞിരുന്നില്ല. ഇത്രയും ദുർഘടമായ അവസ്ഥയിൽ മനു നൽകിയ ധൈര്യവും ഒപ്പം പലയിടങ്ങളിൽ നിന്നായി വിളിച്ചവരും അവരുടെ പ്രാർഥനയും തനിക്ക് ആശ്വാസമായി. നമ്മളെ എത്രമാത്രം എല്ലാവരും സ്നേഹിക്കുന്നുവെന്നതും ഈ സമയത്ത് മനസിലാക്കാൻ കഴിഞ്ഞു. ഒരു അത്ഭുതവും ദൈവാനുഗ്രഹവും പോലെ പെട്ടെന്ന് ഓക്സിജൻ മാസ്ക് മാറ്റാനും അസുഖം ഭേദമാകാനും തുടങ്ങി."
More Read: മാതൃരാജ്യത്തിന് വേണ്ടി കര്‍മനിരതയായി പ്രിയങ്ക ചോപ്ര
'അമ്മ'യിൽ നിന്നുള്ള സഹായം
എല്ലാവരും അതീവ സുരക്ഷിതരായി ഇരിക്കേണ്ട സമയമാണിതെന്നും കൊവിഡിനെ നിസ്സാരമായി കണ്ട് ആരും വിട്ടുവീഴ്‌ച വരുത്തരുതെന്നും ബീന ആന്‍റണി പറഞ്ഞു. ഇടവേള ബാബു, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെയും 'അമ്മ' സംഘടനയുടെയും പിന്തുണയും അവർ തന്ന ആത്മധൈര്യവും വലിയ സഹായകമായി. അമ്മയിൽ നിന്നും ചികിത്സാവശ്യങ്ങൾക്കായി സാമ്പത്തിക സഹായം ലഭിച്ചുവെന്നും പറഞ്ഞാൽ തീരാത്ത നന്ദി സംഘടനയോടുണ്ടെന്നും ബീന ആന്‍റണി പറഞ്ഞു. തനിക്കും കുടുംബാംഗങ്ങൾക്കുമൊപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും ഇപ്പോൾ താൻ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ബീന ആന്‍റണി വികാരാധീതമായി വീഡിയോയിൽ പറഞ്ഞു.