നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ സിദ്ദിഖും ഭാമയും കൂറു മാറിയതിനെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡബ്ല്യുസിസി അംഗങ്ങളും മറ്റ് സിനിമാ അഭിനേതാക്കളും.
റിമ കല്ലിങ്കല്‍, രേവതി, രമ്യാ നമ്പീശന്‍, ആഷിക് അബു തുടങ്ങിയവരാണ് അവള്‍ക്കൊപ്പമെന്ന ഹാഷ്ടാഗുമായി നടി ആക്രമിച്ച കേസില്‍ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. 'ലജ്ജാകരം, അതിജീവിച്ചവള്‍ക്കൊപ്പം നിന്ന സഹപ്രവര്‍ത്തക, ഏറ്റവും കൂടുതല്‍ സഹായം ആവശ്യമുള്ള അവസാന നിമിഷം കൂറുമാറിയത് ഏറെ വേദനിപ്പിക്കുന്നു. ചില അര്‍ഥങ്ങളില്‍ നോക്കിയാല്‍ ഈ ഇന്‍ഡസ്ട്രിയുടെ സമവാക്യത്തില്‍ ഒരു സ്ഥാനവും ലഭിക്കാത്ത, കൂറുമാറിയ സ്ത്രീകളും ഒരു തരത്തില്‍ ഇരയാണ്. എങ്കില്‍ പോലും അത് ഏറ്റവും അധികം വേദനിപ്പിക്കുന്നു' ഇതായിരുന്നു വിഷയത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് റിമ കല്ലിങ്കല്‍ എഴുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ്.
'സിനിമയിലെ സഹപ്രവര്‍ത്തകരെപ്പോലും വിശ്വാസിക്കാനാകില്ല എന്നത് വളരെ സങ്കടകരമാണ്. ഇത്രയേറെ സിനിമകളില്‍ വര്‍ഷങ്ങളായി കൂടെ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടും, കൂടെയുള്ള ഒരു 'സ്ത്രീ'യുടെ വിഷയം വന്നപ്പോള്‍ അതെല്ലാം മറന്ന് പോയിരിക്കുകയാണ് ചിലര്‍. നടിയെ ആക്രമിച്ച കേസില്‍ ഇടവേള ബാബുവും ബിന്ദു പണിക്കരും കോടതിയില്‍ മൊഴി മാറ്റിപറഞ്ഞതില്‍ ഏറെ അത്ഭുതമില്ല. സിദ്ദിഖിന്‍റെ മൊഴി മാറ്റിപറയാലും അതുപോലെ തന്നെ. എന്നാല്‍ ആ നടിയുടെ വിശ്വസ്തയായിരുന്ന ഭാമയും പൊലീസിന് നല്‍കിയ മൊഴി മാറ്റിപറഞ്ഞത് ഏറെ ആശ്ചര്യപ്പെടുത്തുന്നു. അതിജീവിത ഇത്ര നാളായി നീതിക്കായി പൊരുതുകയാണ്. അവര്‍ക്ക് സംഭവിച്ചതിനെതിരെ ഒരു പരാതി നല്‍കി എന്ന പേരില്‍ അവരുടെ ജീവിതത്തിലും കുടുംബത്തിലും ഉണ്ടാകുന്ന ദുരിതങ്ങള്‍ ആരും മനസിലാക്കുന്നില്ല' എന്നാണ് നടി രേവതി ഫേസ്ബുക്കില്‍ കുറിച്ചത്. 'പെട്ടന്നുള്ള നിറം മാറ്റം' ഏറെ വിഷമിപ്പിക്കുന്നുവെന്നാണ് നടി രമ്യാ നമ്പീശന്‍ പറഞ്ഞത്. 'ക്രൂരതയ്ക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാര്‍മികമായി ഇരുവരും കുറ്റകൃത്യങ്ങളുടെ അനുകൂലികളായി മാറുകയാണെന്നാണ് സംഭവത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് ആഷിക് അബു ഫേസ്ബുക്കില്‍ കുറിച്ചത്. നടിയെ ആക്രമിച്ച കേസില്‍ നിലവിലെ വിചാരണ തുടര്‍ന്നുവരുകയാണ്. കേസിലെ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. ദിലീപിനെതിരെയുള്ള മൊഴിയാണ് ഭാമ, സിദ്ദീഖ്, ഇടവേള ബാബു, ബിന്ദു പണിക്കര്‍ എന്നിവര്‍ മാറ്റിപ്പറഞ്ഞത്.