2015ല്‍ തിയേറ്ററുകള്‍ ആഘോഷമാക്കിയ അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം പ്രേമം റിലീസായപ്പോള്‍ മലയാളത്തിന് മൂന്ന് പുതുമുഖ നായകമാരെ കൂടിയാണ് ലഭിച്ചത്. ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി ആദ്യമെത്തുന്ന മേരിയായി വേഷമിട്ടത് അനുപമ പരമേശ്വരനെന്ന തൃശൂരുകാരിയായിരുന്നു. പോസ്റ്ററുകളില്‍ നിറഞ്ഞ് നിന്ന അനുപമ പടം റിലീസാകും മുമ്പേ ജനഹൃദയങ്ങള്‍ കീഴടക്കി. സിനിമാ മേഖലയില്‍ എത്തിയിട്ട് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ അനുപമ വളരെ കുറച്ച് മലയാള സിനിമകളില്‍ മാത്രമാണ് വേഷമിട്ടിട്ടുള്ളത്. എന്നാല്‍ ദക്ഷിണേന്ത്യയിലെ മറ്റ് ഭാഷകളിലെ സ്ഥിരം സാന്നിധ്യവുമാണ്. പ്രേമത്തിന് ശേഷം ജെയിംസ് ആന്‍റ് ആലിസ്, ജോമോന്‍റെ സുവിശേഷങ്ങള്‍ എന്നീ മലയാള ചിത്രങ്ങളില്‍ മാത്രമാണ് അനുപമ അഭിനയിച്ചത്. മലയാളത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍ യുവനടി.
ജാഡ, അഹങ്കാരി എന്നീ ട്രോളുകള്‍ വിഷമിപ്പിച്ചതിനാലാണ് മലയാളത്തില്‍ നിന്നും മാറി നിന്നതെന്നാണ് താരം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. 'സിനിമയുടെ പ്രൊമോഷനുകള്‍ക്കിടെ കിട്ടിയ അവസരങ്ങള്‍ ഉപയോഗിക്കാനായി ചില ആളുകള്‍ എന്നോട് പറഞ്ഞു. സിനിമ റിലീസ് ചെയ്തപ്പോൾ അതിൽ കുറച്ച് ഭാഗത്ത് മാത്രമെ ഞാൻ ഉണ്ടായിരുന്നുള്ളു. ഇത് ട്രോളുകൾക്ക് കാരണമായി. ട്രോളുകൾ എന്നെ വിഷമിപ്പിച്ചിരുന്നു. അതിനാൽ മലയാള സിനിമയിൽ നിന്നും വിട്ട് നിൽക്കാൻ തീരുമാനിച്ചു' അനുപമ പറഞ്ഞു. 'എനിക്ക് അഭിനയിക്കാനറിയില്ല... പൊങ്ങച്ചം മാത്രമേയുള്ളുവെന്ന് ട്രോള്‍ വന്നു. ഇത് വെല്ലുവിളിയായി സ്വീകരിച്ചാണ് തെലുങ്ക് സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങിയത്. അതുകൊണ്ട് പല ഭാഷകള്‍ പഠിക്കാന്‍ സാധിച്ചു' അനുപമ കൂട്ടിച്ചേര്‍ത്തു.
ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന മണിയറയിലെ അശോകനാണ് അനുപമയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന മലയാള സിനിമ. ശ്യാമ എന്ന കഥപാത്രത്തെയാണ് അനുപമ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ജേക്കബ് ഗ്രിഗറിയാണ് നായകന്‍. നവാഗതനായ ഷംസു സൈബയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.