കൊവിഡ് 19 രോഗം വലിയതോതില്‍ ലോകമാസകലം പടര്‍ന്ന് പിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ സിനിമാ വ്യവസായം പൂര്‍ണമായും നിലച്ചു. സിനിമകളുടെ ഷൂട്ടിങ് നിര്‍ത്തിവെച്ചു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ റിലീസ് നിശ്ചയിച്ചിരുന്ന സിനിമകളുടെ റിലീസ് തീയതി നീട്ടി. സിനിമാ മേഖല പൂര്‍ണമായും നിശ്ചലമായതോടെ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് അണിയറയില്‍ പ്രവര്‍ത്തിക്കുന്ന ദിവസവേതന തൊളിലാളികളാണ്. എന്നാല്‍ ഈ വിഭാഗത്തെ കണ്ടില്ലെന്ന് നടിക്കാതെ ദിവസവേതനം മുടങ്ങിയ സഹപ്രവര്‍ത്തകര്‍ക്ക് സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യയിലെ താരങ്ങള്‍.
കഴിഞ്ഞദിവസം പ്രകാശ് രാജ്, രജനീകാന്ത് തുടങ്ങിയവര്‍ വലിയ തുക ദിവസവേതന തൊഴിലാളികള്‍ക്ക് നല്‍കുന്നതിനായി സംഭാവന ചെയ്തിരുന്നു. ഇതിന് പിന്നാലെ സഹായവുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാല്‍, തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളായ സൂര്യ ശിവകുമാര്‍, കാര്‍ത്തി ശിവകുമാര്‍, അല്ലു അര്‍ജുന്‍, ശിവകാര്‍ത്തികേയന്‍ തുടങ്ങിയവര്‍.
സിനിമാസാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‌കക്ക് മോഹന്‍ലാല്‍ പത്ത് ലക്ഷം രൂപയാണ് സഹായം നല്‍കുന്നത്. മലയാളസിനിമയിലെ അയ്യായിരത്തിലധികം വരുന്ന ദിവസവേതനക്കാരാണ് പ്രതിസന്ധി അനുഭവിക്കുന്നത്. തമിഴ് നടന്മാരായ സൂര്യയും കാര്‍ത്തിയും അച്ഛന്‍ ശിവകുമാറും ചേര്‍ന്ന് 10 ലക്ഷം രൂപയും തൊഴിലാളികള്‍ക്ക് നല്‍കി. തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുനും ഫെഫ്കയെ ബന്ധപ്പെട്ട് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രളയകാലത്തടക്കം കേരളത്തെ സഹായിച്ച താരമാണ് അല്ലു അര്‍ജുന്‍. നടന്‍ ശിവകാര്‍ത്തികേയനും സഹായവുമായി എത്തിയിട്ടുണ്ട്.