നടൻ വിജിലേഷ് വിവാഹിതനായി. കോഴിക്കോട് സ്വദേശിനി സ്വാതി ഹരിദാസാണ് വധു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായിരുന്നു ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. താരത്തിന്‍റെ സഹപ്രവർത്തകരും സുഹൃത്തുക്കളും സമൂഹമാധ്യമങ്ങളിലൂടെ ഇരുവർക്കും വിവാഹാശംസകൾ അറിയിച്ചു.
കൊവിഡിന് മുമ്പ് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ, ജീവിതത്തിൽ ഒരു കൂട്ടുവേണമെന്ന് വിജിലേഷ് ഫേസ്‌ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. അങ്ങനെ ഫേസ്ബുക്കിലൂടെയാണ് നടൻ വധുവിനെ കണ്ടെത്തിയത്. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ നവംബറിലായിരുന്നു. ഈ മാസം 29ന് തന്‍റെ വിവാഹമാണെന്ന് അറിയിച്ച് വിജിലേഷ് സേവ് ദി ഡേറ്റ് ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.
മഹേഷിന്‍റെ പ്രതികാരം എന്ന ചിത്രത്തിലൂടെ മലയാളിക്ക് സുപരിചിതനായ വിജിലേഷ് ഗപ്പി, വിമാനം, അലമാര, വരത്തൻ, തീവണ്ടി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. വരത്തനിലെ വിജിലേഷിന്‍റെ നെഗറ്റീവ് റോളിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.