ലോക സിനിമയിലെ സൂപ്പര്‍ഹീറോകളുടെ പട്ടികയില്‍ എഴുതി ചേര്‍ക്കാന്‍ മലയാള സിനിമയില്‍ നിന്നും ഒരു സൂപ്പര്‍ ഹീറോ ആദ്യമായി പിറവിയെടുക്കുകയാണ്. ടൊവിനോ തോമസ് ടൈറ്റില്‍ റോളില്‍ എത്തുന്ന സിനിമ മിന്നല്‍ മുരളിയിലൂടെയാണ് അത് സംഭവിക്കാന്‍ പോകുന്നത്. ഗോദക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മിന്നല്‍ മുരളി. ചിത്രത്തിന്‍റെ പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. മുഖംമറച്ച് കുതിച്ച് പായുന്ന ടൊവിനോയാണ് ഫസ്റ്റ്ലുക്കിലുള്ളത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. എല്ലാ ഭാഷകളിലെയും പോസ്റ്ററുകളും അണിയറക്കാർ പുറത്തുവിട്ടിട്ടുണ്ട്. മലയാളത്തിലും തമിഴിലും മിന്നൽ മുരളി എന്ന പേരിലും ഹിന്ദിയിൽ മിസ്റ്റർ മുരളിയായും തെലുങ്കിൽ മെറുപു മുരളിയായും കന്നഡയിൽ മിൻചു മുരളിയായുമാണ് ചിത്രം എത്തുന്നത്.
- " class="align-text-top noRightClick twitterSection" data="">
ജിഗർതണ്ട, ജോക്കർ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരം ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. സമീർ താഹിറാണ് ഛായാഗ്രഹണം. ഷാൻ റഹ്മാനാണ് സംഗീതം. ആക്ഷന് ഏറെ പ്രാധാന്യമുള്ള സിനിമയിലെ രണ്ട് സംഘട്ടനരംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് ബാറ്റ്‍മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ളാഡ് റിംബർഗാണ്. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. വിഎഫ്എക്സിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വിഎഫ്എക്സ് സൂപ്പർവൈസർ ആൻഡ്രൂ ഡിക്രൂസാണ്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോളാണ് സിനിമയുടെ നിർമാണം. ബാംഗ്ലൂർ ഡെയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നിവയായിരുന്നു വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ റിലീസായ മറ്റ് ഹിറ്റ് ചിത്രങ്ങള്‍.