നടന്‍ സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തില്‍ സലിം കുമാര്‍ സുരേഷ് ഗോപിയെ കുറിച്ച് എഴുതിയ ഉള്ളുതൊടുന്ന കുറിപ്പ് വൈറലാവുകയാണ്. അറുപത്തിയൊന്നാം ജന്മദിനമാഘോഷിക്കുന്ന സുരേഷ് ഗോപി തന്‍റെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തിയിരുന്നുവെന്നാണ് സലിം കുമാര്‍ കുറിപ്പിലൂടെ വിവരിച്ചിരിക്കുന്നത്. തന്നെ തിരക്കുള്ള നടനാക്കിയതിന് പിന്നില്‍ സുരേഷ് ഗോപിയാണെന്നും സലിം കുമാര്‍ കുറിപ്പില്‍ പറയുന്നു.
'സലിം കുമാര്‍ എന്ന തിരക്കുള്ള നടനെ സൃഷ്ടിക്കുന്നതില്‍ സുരേഷ് ഗോപി വഹിച്ച പങ്ക് വളരെ വലുതാണ്. 'തെങ്കാശിപ്പട്ടണം' എന്ന സിനിമയിലൂടെയാണ് ഞാന്‍ തിരക്കുള്ള നടനായി മാറിയത്. അതിന്‍റെ സംവിധായകരായ റാഫി മെക്കാര്‍ട്ടിനും, നിര്‍മാതാവായ ലാലും എന്നെ ആ ചിത്രത്തിലേക്ക് തെരഞ്ഞെടുക്കുന്നത്, അതിന് തൊട്ടുമുമ്പായി റിലീസ് ചെയ്ത വിജി തമ്പി സംവിധാനം ചെയ്ത 'സത്യമേവ ജയതേ' എന്ന സിനിമയിലെ എന്‍റെ അഭിനയം കണ്ട് ഇഷ്ടപ്പെട്ടിട്ടാണ്. ഈ സത്യമേവ ജയതേയില്‍ സംവിധായകന്‍ വിജി തമ്പി എന്നെ അഭിനയിക്കാന്‍ വിളിക്കുന്നത് സുരേഷ് ചേട്ടന്‍റെ നിര്‍ബന്ധം മൂലമായിരുന്നു. അന്നുവരെ എന്നെ നേരിട്ട് അറിയാത്ത ഒരാളായിരുന്നു സുരേഷേട്ടന്‍... എന്‍റെ ടിവി പരിപാടികള്‍ കണ്ട പരിചയം മാത്രമേ അദ്ദേഹത്തിന് എന്നെക്കുറിച്ച് ഉണ്ടായിരുന്നുള്ളൂ. സത്യമേവ ജയതേയിലെ കള്ളനില്‍ നിന്ന് ഇന്ന് നിങ്ങള്‍ കാണുന്ന സലിം കുമാറിലേക്ക് എത്താന്‍ സഹായകമായത് സുരേഷ് ഗോപി എന്ന ആ വലിയ മനുഷ്യന്‍റെ ഒരു കൊച്ചു നിര്‍ബന്ധബുദ്ധിയായിരുന്നു' സലിം കുമാര്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
തന്‍റെ പ്രിയപ്പെട്ട സുഹൃത്തിന് ദീര്‍ഘായുസ് നേര്‍ന്നുകൊണ്ടാണ് സലിംകുമാറിന്‍റെ കുറിപ്പ് അവസാനിക്കുന്നത്.